ജി എന്‍ എസ് എസില്‍ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയ ദൈര്‍ഘ്യം 714 സെക്കന്‍ഡില്‍ നിന്ന് 47 സെക്കന്റിലേക്ക് ചുരുങ്ങും; 20 കിമീ യാത്രയ്ക്ക് ചാര്‍ജ്ജുമില്ല; റോഡിലെ 'ടോളില്‍' മാറ്റം എത്തുമ്പോള്‍
ഫാസ്ടാഗ് ടോള്‍ പിരിവ് വേഗത മെച്ചപ്പെടുത്തിയെങ്കിലും, ടോള്‍ ബൂത്തുകളിലെ പീക്ക് ട്രാഫിക് സമയം ഇപ്പോഴും നീണ്ട ക്യൂവിന് കാരണമാകുന്നു
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് കോവളത്തിന് മുമ്പുള്ള ടോള്‍ പ്ലാസയിലൂടെ കടന്നു പോയാല്‍ കാറിന് 125 രൂപയില്‍ അധികം ടോള്‍ നല്‍കണം. ഈ വഴി ഒരു കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ ടോള്‍ പ്ലാസ പിന്നിടുന്നവരും ഇത് നല്‍കിയേ മതിയാകൂ. ഇതിന് പരിഹാരമുണ്ടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പുതു തലത്തില്‍. കുറഞ്ഞ ദൂരത്തിലെ യാത്രയ്ക്ക് ഇനി ടോള്‍ നല്‍കേണ്ടി വരില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
നിര്‍ദിഷ്ട ഉപഗ്രഹധിഷ്ഠിത ടോള്‍ സംവിധാനത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് ദിവസവും 20 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് ടോള്‍ ഇനി മുതല്‍ ബാധകമാവില്ല. ജിഎന്‍എസ്എസ് (ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) സംവിധാനം നടപ്പാക്കുന്നതിനായി കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി കഴിഞ്ഞു. 2008-ലെ ദേശീയ പാത ഫീ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഈ ഭേദഗതി ഏവരും സ്വാഗതം ചെയ്യുകായണ്. എന്നാല്‍ ദീര്‍ഘ ദൂര യാത്രികര്‍ക്ക് പുതിയ നീക്കം കുടുക്കാകാനും സാധ്യതയുണ്ട്. ആശങ്ക വേണ്ടെന്നാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന മറുപടി.
ടോള്‍ ബാധകമായ പാതകളിലെ നാഷണല്‍ പെര്‍മിറ്റ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ഒരു ദിവസം ഇരു ദിശകളിലേക്കും സഞ്ചരിക്കുന്ന ആദ്യ 20 കിലോമീറ്റര്‍ ദൂരത്തിനാണ് ടോള്‍ ബാധകമല്ലാത്തത്. ഇത് ദിവസവും ടോള്‍ പാതയിലൂടെ ഹ്രസ്വദൂര സഞ്ചരിക്കുന്നവര്‍ക്ക് ഗുണകരമായിരിക്കും. എന്നാല്‍ 20 കിലോമീറ്ററില്‍ കൂടിയാല്‍ സഞ്ചരിച്ച മുഴുവന്‍ ദൂരത്തിനും ടോള്‍ ബാധകമായിരിക്കും. അതായത് അവര്‍ക്ക് കൂടുതല്‍ നല്‍കേണ്ടി വരും.
ഉപഗ്രഹാധിഷ്ഠിത ടോള്‍ യാത്രകള്‍ക്കായി നിലവിലെ ടോള്‍ പ്ലാസകളില്‍ പ്രത്യേക ലെയ്‌നുണ്ടാകും. മറ്റ് ലെയ്‌നുകളില്‍ നിന്ന് വ്യത്യസ്തമായി വാഹനങ്ങള്‍ തടയുന്നതിന് ബാരിക്കേഡുകള്‍ ഉണ്ടാകില്ല. ജിപിഎസ് ട്രാക്കിങ് സംവിധാനമില്ലാതെ വാഹനങ്ങള്‍ ലെയ്‌നില്‍ പ്രവേശിച്ചാല്‍ ടോളിന്റെ ഇരട്ടിത്തുക പിഴയായി ഈടാക്കും. കാലക്രമത്തില്‍ എല്ലാ വാഹനങ്ങളിലും ജിപിഎസ് ട്രാക്കിങ് നിര്‍ബന്ധമാക്കും.
നിലവില്‍ വാഹനത്തില്‍ പതിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് ആര്‍എഫ്ഐഡി ടോള്‍ ബൂത്തില്‍ സ്‌കാന്‍ ചെയ്താണ് ടോള്‍ പിരിവ്. എന്നാല്‍ ജിഎന്‍എസ്എസ് ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ടോള്‍ പിരിക്കുക. അതായത് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ടോള്‍ ഈടാക്കാനാകും. കാറില്‍ ഘടിപ്പിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണം ഒബിയു (ഓണ്‍ ബോര്‍ഡ് യൂണിറ്റ്) ഉപയോഗിച്ചാകും പിരിവ്. ഇത് സര്‍ക്കാര്‍ പോര്‍ട്ടലുകള്‍ വഴി ലഭ്യമാകും. വാഹനം നിശ്ചിത ദൂരം കടക്കുന്നത് ഉപഗ്രഹ മാപ്പില്‍ കാണക്കാക്കും. ഫാസ്ടാഗുകള്‍ക്ക് സമാനമായാണ് ഒബിയു വിതരണം.
ഇത് റീച്ചാര്‍ജ് ചെയ്യാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ വാണിജ്യവാഹനങ്ങളിലായിരിക്കും ജിഎന്‍എസ്എസ് ഉപയോഗിക്കുക. പ്രധാന പാതയ്ക്ക് മാത്രമായിരിക്കും ടോള്‍. ടോള്‍ ബാധകമായ സഞ്ചാരപാത മാപ്പില്‍ അടയാളപ്പെടുത്തിയത് എസ്എംഎസ് ആയി അയച്ചു നല്‍കും. ഓടുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ നിന്ന് ടോള്‍ ചാര്‍ജുകള്‍ കുറയ്ക്കും.
ഫീസ് പിരിവ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ജി.എന്‍.എസ്.എസ് ഓണ്‍-ബോര്‍ഡ് യൂണിറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കായി പ്രത്യേക പാത ഒരുക്കുന്നത്. ജി.എന്‍.എസ്.എസ് സംവിധാനം നിലവിലുള്ള ഫാസ്ടാഗ് സിസ്റ്റം ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം. ഇതു മൂലം ഫാസ്ടാഗുകളില്‍ നിന്ന് ജി.എന്‍.എസ്.എസ് സാങ്കേതികവിദ്യയിലേക്ക് യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ പരിവര്‍ത്തനം സാധിക്കുന്നു.
ഫാസ്ടാഗ് ടോള്‍ പിരിവ് വേഗത മെച്ചപ്പെടുത്തിയെങ്കിലും, ടോള്‍ ബൂത്തുകളിലെ പീക്ക് ട്രാഫിക് സമയം ഇപ്പോഴും നീണ്ട ക്യൂവിന് കാരണമാകുന്നു. സുഗമവും തടസരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് ജി.എന്‍.എസ്.എസ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. ജി.എന്‍.എസ്.എസ് സംവിധാനത്തില്‍ ബൂത്തുകളില്‍ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയ ദൈര്‍ഘ്യം 714 സെക്കന്‍ഡില്‍ നിന്ന് 47 സെക്കന്റിലേക്ക് ചുരുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.