ജയിലിൽ നിന്ന് ചുള്ളനായി ഇറങ്ങിവരുന്ന 'പൾസർ സുനി'; ക്ഷീണിതനായി കയറി സിനിമ താരത്തെ പോലെ ഇറങ്ങിവരുന്ന 'ഗോവിന്ദച്ചാമി'; ക്ലീൻ ഷേവ് ചെയ്ത് കുളിച്ച് കുറിതൊട്ട് വരുന്ന പ്രതി സന്ദീപ്; കേരളത്തെ ഞെട്ടിച്ച ക്രൂരകൃത്യങ്ങളിലെ നരാധമന്മാർ പശ്ചാത്തപിച്ചോ?; ഞെട്ടിപ്പിക്കുന്ന രൂപമാറ്റങ്ങളുമായി പ്രതികൾ; കണ്ടാൽ പോലും തിരിച്ചറിയില്ല;ജയിലിൽ നടക്കുന്ന നല്ല നടപ്പെന്ത്?
തിരുവനന്തപുരം: കേരളത്തെ തന്നെ നടുക്കിയ ക്രൂരകൊലപാതകങ്ങളിൽ ഏർപ്പെട്ട പ്രതികളെ അത്ര പെട്ടെന്ന് മലയാളികൾ മറക്കില്ല. അത്രയ്ക്കും പരിചതമാണ് ഓരോരുത്തരുടെയും മുഖങ്ങൾ. കൊലപാതകങ്ങൾ കഴിഞ്ഞ് ജയിലിൽ കയറുമ്പോൾ പോലും അവർക്ക് യാതൊരു ഭാവവ്യത്യാസങ്ങളും കാണുകയില്ല.
പക്ഷെ കുറെ നാളുകൾക്ക് ശേഷം അവരുടെ രൂപങ്ങളിൽ വരുന്നത് വലിയ മാറ്റങ്ങളാണ്. ഇതിന് കരണമെന്തെന്നാണ് ഇവിടെ പരിശോധിക്കാൻ പോകുന്നത്. കുറ്റകൃത്യങ്ങൾ നടത്തി പ്രതികളെ മാസങ്ങൾക്ക് ശേഷം വിചാരണയ്ക്കായി കോടതിയിൽ കൊണ്ട് വരുമ്പോൾ നല്ല രീതിയിൽ രൂപമാറ്റം പ്രതികൾക്ക് സംഭവിക്കുന്നു.
അത് കാണുന്ന സാധാരണ മലയാളികൾ ഒന്നടങ്കം ചോദിക്കും 'ഇവരെയൊക്കെ എന്തിനാണ് ഇങ്ങനെ ജയിലിൽ സുഖവാസത്തിന് വിടുന്നത് ഇതൊക്കെ നമ്മുടെ രാജ്യത്തിന്റെ നിയമത്തിന്റെ കുഴപ്പമാണ്' എന്നൊക്കെ പല രീതിയിലും സാധാരണ മലയാളികൾ അഭിപ്രായം പ്രകടിപ്പിക്കും. അതിന്റെയൊക്കെ ഉദാഹരണങ്ങളാണ് പൾസർ സുനി തൊട്ട് ഗോവിന്ദച്ചാമി വരെ ഇപ്പോൾ ഡോ വന്ദന കൊലക്കേസ് പ്രതി സന്ദീപ് വരെ എത്തി നിൽക്കുന്നു.
ഡോ വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചിരിക്കുന്നു. അന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ കണ്ട ദുഷ്ഠമുഖമല്ല ഇപ്പോൾ. കുളിച്ച് കുറിതൊട്ട് ഫുൾ സ്ലീവ് ഷർട്ടൊക്കെയിട്ടാണ് ഇപ്പോൾ പല ദിവസവും കോടതിയിൽ ഹാജരാകുന്നത്. ആരോഗ്യം മെച്ചപ്പെട്ടു എന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്. സത്യത്തിൽ എന്താണ് ജയിൽ ഇവരിൽ വരുത്തുന്ന മാറ്റം?.അറിയാം...
ആദ്യത്തെ പ്രധാന കാരണം കൃത്യ സമയത്ത് ഭക്ഷണം കൃത്യസമയത്ത് ഉറക്കം. റിമാൻഡ് പ്രതികൾക്ക് ജയിലിൽ കാര്യമായ ജോലികളും ഇല്ല. ഇങ്ങനെയെല്ലാം ജയിലിന് പുറത്തുള്ള ആരെക്കാളും ദിനചര്യങ്ങൾക്ക് കൃത്യത ഉണ്ടാകുന്നു. ചെറുതും വലുതുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് എല്ലാം കൃത്യസമയത്ത് തന്നെ ചികിത്സ കിട്ടും. ജയിൽ ആശുപത്രി പോരെങ്കിൽ മെഡിക്കൽ കോളേജിൽ വരെ അയച്ച് ചികിത്സിക്കാനും വകുപ്പ് ഉണ്ട്.
ഈ നാട്ടിലെ സാധാരണക്കാർ പോകുന്നതുപോലെ ഒരു ആശുപത്രിയിലും പോയി 'ക്യൂ' നിന്ന് മെനക്കെടുക പോലും വേണ്ട വരവും പോക്കും പോലീസ് അകമ്പടിയിൽ തന്നെ. സന്ദീപിനെ പോലെ കൊടിയ അക്രമണം കാണിച്ച പ്രതിക്കാകട്ടെ പുറത്തു പോകേണ്ടി വരുമ്പോഴെക്കെ പോലീസ് വാഹനവും അനുവദിച്ച് കിട്ടും.
ഇനി ആശുപത്രിയിൽ ഡോക്ടർ ഒരു മരുന്ന് കുറിച്ചു എന്ന് ഇരിക്കട്ടെ പ്രതി ഓടി നടന്ന് കഷ്ടപ്പെടേണ്ട എസ്കോർട്ട് പോലീസുകാർ വാങ്ങി കൊടുക്കും. അല്ലെങ്കിൽ കൂട്ടികൊണ്ടുപോയി വാങ്ങും. ഇങ്ങനെയെല്ലാം സൗകര്യത്തിൽ കഴിയുന്നവർ ആകെ മാറിയില്ലെങ്കിലല്ലേ അതിശയമുള്ളു പലരും ചുണ്ടിക്കാറുള്ള പോലെ കേരളത്തിലെ ജയിലുകളിലെ ഭക്ഷണ മെനു ഇതിലൊരു പ്രധന ഘടകമാണെന്ന് കൂടി പറയാതിരിക്കാൻ വയ്യ.
ഈ കൊടും ക്രിമിനിലുകളിലെ ഇങ്ങനെ വളർത്താൻ ആവശ്യമുണ്ടോ എന്ന വിമർശനമാണ് ഇത്തരം നല്ല നിലയിലാലയ പ്രതികളെ കാണുമ്പോൾ എല്ലാം പതിവായി ഉയരുന്നത്.
ഡോ. വന്ദന കൊലക്കേസ് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. മദ്യപിച്ച് ലക്ക് കെട്ട പ്രതിക്ക് പോലീസുകാർ ആവശ്യപ്പെട്ടപ്പോൾ പരിശോധന നടത്താൻ തുനിഞ്ഞു എന്നത് മാത്രമാണ് വന്ദന എന്ന യുവഡോക്ടർ ചെയ്തത്. 26 ആഴത്തിലുള്ള മുറിവുകളാണ് വന്ദനയ്ക്ക് ഏറ്റത്. അത്രയും ക്രൂരമായിയാണ് മദ്യലഹരിയിൽ വന്ദനയെ സന്ദീപ് ആക്രമിച്ചത്.
ആ രാത്രിയിൽ ആശുപത്രി പരിസരത്ത് കണ്ട പൊലീസുകാരെ വരെ ഓടിച്ചിട്ടടിച്ച അയാളുടെ രൂപവും ഭാവവും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു ഇതെല്ലാം പഴുതാക്കി തന്നെയാണ് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള കളി സന്ദീപ് കളിച്ചത്. എന്നാൽ സുപ്രീം കോടതിയുടെ ഇടപെടലോടെ ഇതാകെ പാളിപ്പോയി. ഏക മകളെ നഷ്ട്ടപ്പെട്ട മാതാപിതാക്കളാണ് വന്ദനയ്ക്ക് വേണ്ടി പോരാട്ടം നടത്തുന്നത്. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അനുകൂലമായില്ല വീണ്ടും അവരെ തോൽപ്പിക്കാനായിരുന്നു സന്ദീപിന്റെ ശ്രമമെന്ന് പറയേണ്ടിവരും.
തനിക്ക് മാനസിക പ്രശ്നമെന്ന് അവകാശപ്പെട്ടാണ് കേസിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി അയാൾ സുപ്രീംകോടതി വരെ എത്തിയത്. അങ്ങനെയാണ് അക്രമം നടത്തിയത് എന്ന് സ്ഥാപിച്ചെടുത്താൽ അത് പ്രതിക്ക് രക്ഷയായെനെ. ഒടുവിൽ ഒരു കുഴപ്പവും ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട് നൽകിയതാണ് നിർണായകമായത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ വിധി.