ഇടത് വലത് മുന്നണികള്‍ക്ക് വെല്ലുവിളി; ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യന്‍ നേതാക്കള്‍; ഈരയില്‍ കടവിലെ സമ്മേളനത്തില്‍ ഉദ്ഘാടകന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി; തുഷാര്‍ വെള്ളപ്പള്ളി പങ്കെടുക്കും; മധ്യകേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍

ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യന്‍ നേതാക്കള്‍

Update: 2025-05-23 06:32 GMT

കോട്ടയം: മധ്യകേരളത്തിലെ ക്രൈസ്തവ മേഖലയില്‍ ബിജെപി അനുകൂല രാഷ്ട്രീയ നിലപാടുമായി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം. മുന്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനുമായ ജോര്‍ജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി. കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടനായാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്.

കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടനയുടെ പ്രഥമ സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി പങ്കെടുക്കും. പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി നേതൃത്വവുമായി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തി. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ പാര്‍ട്ടിയിലെത്തിക്കാനാണ് നീക്കം.

കാര്‍ഷിക പ്രശ്‌നങ്ങളും വന്യജീവി ആക്രമണങ്ങളും ഉയര്‍ത്തിക്കൊണ്ടാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. യോഗത്തില്‍ തുഷാര്‍ വെളളാപ്പള്ളിയും പങ്കെടുക്കും. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് സംഘടനാ രൂപീകരണം.

കോട്ടയത്ത് ഈരയില്‍ കടവില്‍ ആന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുന്ന സംഘടനാ പ്രഖ്യാപനത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പ്രഥമ സമ്മേളനം ഉദ്ഘാനം ചെയ്യും.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുനമ്പം വിഷയമടക്കം ഉയര്‍ത്തി ന്യൂനപക്ഷവോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതും.ഇതിനിടെ പാര്‍ട്ടി നേതൃത്വങ്ങളോട് ഇടഞ്ഞുനില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ നേതാക്കള്‍ കഴിഞ്ഞദിവസങ്ങളില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

യൂത്ത്കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ.ഷൈന്‍ലാലും 20 കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.എസ്.എഫ്.ഐ തിരുവനന്തപുരം മുന്‍ ജില്ലാപ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ഗോകുല്‍ ഗോപിനാഥും കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്നു.

സി.പി.എം കുടപ്പനക്കുന്ന് ലോക്കല്‍കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമാണ് ഗോകുല്‍ ഗോപിനാഥ് . 2021 മുതല്‍ 23 വരെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റമായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഗോകുല്‍ ഗോപിനാഥിനെ നേരത്തെ പുറത്താക്കിയതാണെന്ന് സി.പി.എം അറിയിച്ചു.

Tags:    

Similar News