ഹമാസ് ബന്ധമുള്ള സംഘടനയില്‍ നിന്ന് 1,20,000 ഡോളര്‍; 1993- ലെ ബോംബാക്രമണക്കേസില്‍ സംശയിക്കപ്പെടുന്ന ഇമാമുമായി അടുത്ത ബന്ധം; ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ വംശജന്‍ മംദാനി പ്രതിക്കൂട്ടില്‍; അമേരിക്കയിലെ ഇസ്ലാമിക രാഷ്ട്രീയം മറനീക്കുമ്പോള്‍

മംദാനി പ്രതിക്കൂട്ടില്‍

Update: 2025-11-04 16:33 GMT

രാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വോട്ടുപിടിക്കുക, ജാതി- മത സംഘടനകളുടെ ഫണ്ട് കൈപ്പറ്റുക, പച്ചമായ മതം ഇളക്കിവിട്ട് വോട്ട് പിടിക്കുക.... സാധാരണ ഇത്തരം കാര്യങ്ങളൊക്കെ ഇന്ത്യപോലുള്ള രാജ്യങ്ങളിലാണ് നടക്കുക എന്നാണ് പൊതുവെ കരുതൂക. പക്ഷേ ഏറെ പുരോഗമിച്ചുവെന്ന് പറയുന്ന അമേരിക്കയിലും കാര്യങ്ങള്‍ അത്രയൊന്നും മാറിയിട്ടില്ല എന്ന് വ്യക്തമാക്കുകകയാണ്, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ്. ഇപ്പോള്‍ കാമ്പയിനില്‍ മുന്നിട്ട് നില്‍ക്കുന്ന ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജനുമായ സൊഹ്റാന്‍ മംദാനി ഗുരുതരമായ വിവാദത്തില്‍പെട്ടിരിക്കയാണ്. മംദാനിയെ ഫണ്ട് ചെയ്യുന്നത് തീവ്ര ഇസ്ലാമിക സംഘടനകള്‍ ആണെന്ന ആരോപണം നേരത്തെ ട്രംപ് അടക്കമുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്.

പക്ഷേ ഇപ്പോഴിതാ ഹമാസ് ബന്ധമുള്ള സംഘടന മംദാനിക്ക് ഫണ്ട് ചെയ്തുവന്ന ഗുരുതര ആരോപണമാണ് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്. ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് നോമിനിയായ മംദാനിയാണ് മുന്നിട്ടുനില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ വിവാദം. ജൂണില്‍ നടന്ന പ്രൈമറിയില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയ മംദാനി, സ്വതന്ത്രനായി മത്സരിക്കുന്ന ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും നേരിടുന്നത്. പക്ഷേ ഡെമോക്രാറ്റ് ശക്തികേന്ദ്രമായ ന്യൂയോര്‍ക്കില്‍ ഒരു അട്ടിമറിക്കും സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

ഹമാസില്‍ നിന്ന് ഫണ്ട്

സൊഹ്റാന്‍ മംദാനി എന്ന, പ്രശസ്ത ഇന്ത്യന്‍ സംവിധായക മീരാ നയ്യാരുടെ മകന്റെ മറവില്‍ ജിഹാദി സംഘടനകളാണെന്ന ആരോപണം നേരത്തെയുണ്ട്. ഇപ്പോള്‍, മംദാനിയുടെ പ്രചാരണത്തിന് പ്രധാനമായും ഫണ്ട് നല്‍കിയത് ഹമാസ് ബന്ധം സംശയിക്കുന്ന സംഘടനയില്‍ നിന്നാണെന്ന് വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് തന്നെയാണ്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ (സിഎഐആര്‍) ആണ് മംദാനിക്ക് ഫണ്ട് നല്‍കിയ പ്രധാന സംഘടനയെന്നാണ് മംദാനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും അടുത്ത സുഹൃത്തുമായ ഫലസ്തീന്‍-അമേരിക്കന്‍ ആക്ടിവിസ്റ്റ് ലിന്‍ഡ സര്‍സൂര്‍ വെളിപ്പെടുത്തിയത്.

ഹമാസുമായുള്ള ബന്ധത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന സംഘടനയാണ്, സിഎഎസ്ആര്‍. മംദാനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയായ ലിന്‍ഡ സര്‍സൂര്‍ താനും സിഎഐആറുമാണ് മംദാനിയുടെ ഉയര്‍ച്ചയ്ക്ക് പിന്നിലെന്ന് അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് കാലയളവില്‍ ലഭിച്ച ഏകദേശം 30 ലക്ഷം ഡോളര്‍ സംഭാവനയില്‍ നിന്ന് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (പിഎസി)യായ യൂണിറ്റി ആന്‍ഡ് ജസ്റ്റിസ്, ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായുള്ള മംദാനി അനുകൂല പിഎസിയായ ലോവര്‍ കോസ്റ്റ്സിന് 1,20,000 ഡോളര്‍ (ഏകദേശം 25 കോടി രൂപ) നല്‍കിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഹമാസ് ധനസഹായം നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ സിഎഐആര്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങളും പുറത്തുവിട്ടത്. അന്വേഷണം നേരിടുന്ന ഒരു സംഘടനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതായാണ് മംദാനിയുടെ മേലുയര്‍ന്നിട്ടുള്ള ആരോപണം. ഇത് ഗുരുതരമായ കുറ്റമാണ്.




മംദാനിയുടെ രാഷ്ട്രീയത്തിലെ പെട്ടെന്നുള്ള വളര്‍ച്ചയെക്കുറിച്ചും കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സില്‍ നിന്ന് മംദാനിയ്ക്ക് ലഭിച്ച സാമ്പത്തിക സഹായത്തെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വെളിപ്പെടുത്തിയേക്കുമെന്ന് തിങ്കളാഴ്ച പുറത്തുവിട്ട മാറ്റൊരു വീഡിയോയില്‍ ലിന്‍ഡ സൂചന നല്‍കിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മംദാനി തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ തന്റെ സംഘത്തിന്റെ ഭാഗത്തുനിന്ന് തീവ്രപ്രതികരണമുണ്ടാകുമെന്ന് ലിന്‍ഡ ഉറപ്പിച്ചു പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

ജിഹാദി ബന്ധത്തില്‍ മുമ്പും വിവാദം

നേരത്തെയും മംദാനിയുടെ ജിഹാദി ബന്ധം വിവാദമായിരുന്നു. 93- ലെ ബോംബാക്രമണത്തിലെ ആരോപിതനായ ഇമാം സിറാജ് വഹാജിനൊപ്പമുള്ള ചിത്രം മംദാനി പങ്ക് വച്ചത് മാസങ്ങള്‍ക്ക് മുമ്പ് വിവാദമായിരുന്നു. വെള്ളിയാഴ്ച ആഴ്ച ബ്രൂക്ലിനിലെ മസ്ജിദില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തശേഷമാണ് അദ്ദേഹം, ഇമാമിനെ കണ്ടത്.

രാജ്യത്തെ 'മുന്‍നിര മുസ്ലീം നേതാക്കളില്‍ ഒരാള്‍'' എന്നും ബ്രൂക്ലിനിലെ മുസ്ലീം സമൂഹത്തിന്റെ 'സ്തംഭം'' എന്നും വിശേഷിപ്പിച്ചുകൊണ്ടാണ് സൊഹ്‌റാന്‍ മംദാനി വഹാജിനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒപ്പം 'ഇന്ന് മസ്ജിദ് അത്-തഖ്വയില്‍, രാജ്യത്തെ മുന്‍നിര മുസ്ലീം നേതാക്കളില്‍ ഒരാളും ബെഡ്-സ്റ്റുയ് സമൂഹത്തിന്റെ നെടുംതൂണുമായ ഇമാം സിറാജ് വഹാജിനെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം തോന്നി,'' എന്നും മംദാനി ട്വീറ്റ് ചെയ്തു. ഇതിനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.



വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വഹാജിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും, പ്രതികളില്‍ ചിലര്‍ അദ്ദേഹത്തിന്റെ പള്ളിയില്‍ പോയിട്ടുണ്ടെന്ന് അന്വേഷക സംഘം കണ്ടെത്തിയിരുന്നു . ആക്രമണവുമായി വഹാജ് തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞെങ്കിലും അക്രമികളായ തീവ്രവാദികളെ അദ്ദേഹം പ്രതിരോധിച്ചു. എഫ്ബിഐയെയും സിഐഎയെയും 'യഥാര്‍ത്ഥ തീവ്രവാദികള്‍'' എന്ന് മുദ്രകുത്തി. 1993-ലെ ബോംബാക്രമണ ഗൂഢാലോചനയുടെ സൂത്രധാരന്‍ എന്ന് ശിക്ഷിക്കപ്പെട്ട 'അന്ധനായ ഷെയ്ഖ്'' എന്നറിയപ്പെടുന്ന തീവ്രവാദ നേതാവ് ഷെയ്ഖ് ഒമര്‍ അബ്ദുല്‍-റഹ്‌മാനുമായി വഹാജിന് അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്..വര്‍ഷങ്ങള്‍ക്ക് മുമ്പ്, അമേരിക്കന്‍ മുസ്ലീങ്ങള്‍ ഒന്നിച്ചാല്‍ 'നിങ്ങള്‍ ബുഷിനോ ക്ലിന്റനോ വോട്ട് ചെയ്യേണ്ടതില്ല'' എന്നും അവര്‍ക്ക് അവരുടെ ''സ്വന്തം അമീറിനെ തിരഞ്ഞെടുത്ത് അദ്ദേഹത്തോട് കൂറ് പുലര്‍ത്താമെന്നും'' വഹാജ് പറഞ്ഞിരുന്നു. അതായത് ശരിക്കും മതപരമായ ആശയങ്ങളാണ് അയാള്‍ പുലര്‍ത്തുന്നത്. മംദാനിയും പിന്തുടരുന്നത് പച്ചയായ മതമാണെന്ന് നേരത്തെ വിമര്‍ശനം വന്നിട്ടുണ്ട്. ഇസ്ലാമിക സംഘടനകളാണ് അയാള്‍ക്ക് പിന്നില്‍ അണിനിരന്നത്്. നേരത്തെ ശരിയ്യ ഫോര്‍ ന്യൂയോര്‍ക്ക് എന്ന് പ്രശ്നം ഉയര്‍ന്നപ്പോള്‍ മംദാനി ഒന്നും മിണ്ടിയിരുന്നുമില്ല.

മീര നയ്യാരുടെ മകന്‍

ഇന്ത്യന്‍ സംവിധായിക മീരാ നായരുടെയും, ഇന്ത്യയില്‍ വേരുകളുള്ള ഉഗാണ്ടന്‍ എഴുത്തുകാരന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാന്‍ മംദാനി. 'സലാം ബോംബെ,' മണ്‍സൂണ്‍ വെഡ്ഡിങ്,' 'ദ് നെയിംസേക്ക്' ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ലോക പ്രശസ്തയാണ് മീരാ നയ്യാര്‍. ഇന്ത്യയില്‍ പഞ്ചാബാണ് അവരുടെ ജന്‍മദേശം. 1977-ല്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫോട്ടോഗ്രാഫി ക്ലാസുകള്‍ എടുക്കുന്നതിനിടെയാണ് മീര നയ്യാര്‍ തന്റെ ആദ്യ ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ മിച്ച് എപ്സ്റ്റീനെ കണ്ടുമുട്ടിയത്. അദ്ദേഹം അവരുടെ ലക്ചററായിരുന്നു. പക്ഷേ വൈകാത അവര്‍ വിവാഹിതരായി. 1989 മാര്‍ച്ച് 29 ന്, മിസിസിപ്പി മസാല എന്ന സിനിമയ്ക്കായി ഗവേഷണ നടത്തുന്നതിനിടെ, നയ്യാര്‍ തന്റെ രണ്ടാമത്തെ ഭര്‍ത്താവായ ഇന്തോ-ഉഗാണ്ടന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞനായ മഹ്‌മൂദ് മംദാനിയെ കണ്ടുമുട്ടി. ഏറെ പ്രശസ്തനായ ഉഗാണ്ടന്‍ പണ്ഡിതനും എഴുത്തുകാരന്‍, രാഷ്ട്രീയ നിരീക്ഷകനുമാണ് മഹ്‌മൂദ് മംദാനി. ഇവര്‍ 91-ല്‍ വിവാഹിതരായി. അതേവര്‍ഷം തന്നെ,ഒക്ടോബര്‍ 18ന് ഉഗാണ്ടയിലെ കംപാലയിലാണ് സൊഹ്റാന്റെ ജനനം.




സൊഹ്റാന് ഏഴ് വയസ് പ്രായമുള്ളപ്പോഴാണ് ന്യൂയോര്‍ക്കിലേക്ക് ഇവരുടെ കുടുംബം ചേക്കേറുന്നത്. അമേരിക്കയിലാണ് സൊഹ്റാന്‍ കോളജ് വിദ്യാഭ്യാസം ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയത്. ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയം മുന്‍പില്‍ കണ്ട് നില്‍ക്കുന്ന സൊഹ്റാന് യുവാക്കളെ ആകര്‍ഷിക്കാന്‍ ഏറെ കഴിഞ്ഞു. കാരണം തകര്‍പ്പനൊരു റാപ്പര്‍ കൂടിയാണ് സൊഹ്റാന്‍. ഗാസയിലെ വംശഹത്യക്ക് സഹായം നല്‍കുന്നതിനെ തുറന്നെതിര്‍ക്കുകയും ന്യൂയോര്‍ക്കില്‍ എത്തിയാല്‍ യുദ്ധക്കുറ്റവാളിയായ ബെന്യമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മംദാദി ഡോണള്‍ഡ് ട്രംപിന്റെ കണ്ണിലെ കരടാണ്. മുന്‍ പ്രസിന്റ് ബറാക് ഒബാമ ഫോണില്‍ വിളിച്ച് സൊഹ്‌റാന് പിന്തുണ നല്‍കിയിരുന്നു. ജയിച്ചാല്‍ ഉപദേശകനാകാന്‍ താന്‍ തയ്യാറാണെന്നും ഒബാമ അറിയിച്ചിരുന്നു. എന്നാല്‍ തന്റെ അമ്മയുടെ മതേതര പാരമ്പര്യമല്ല, പിതാവിന്റെ ഇസ്ലാമിക പാരമ്പര്യമാണ് സൊഹ്റാന്‍ മംദാനി സ്വീകരിക്കുന്നത്. ഇത് ഡെമോക്രാറ്റുകള്‍ക്ക് മനസ്സിലാവുന്നില്ലെന്നാണ് റിപ്പബ്ബിക്കന്‍മാരുടെ വിമര്‍ശനം. ഇപ്പോള്‍ ഹമാസ് ഫണ്ടിങ്ങിന്റെ വാര്‍ത്തകള്‍ കൂടി വന്നയോടെ, നിയുക്ത ന്യൂയോര്‍ക്ക് മേയര്‍ കടുത്ത പ്രശ്നത്തിലൂടെയാണ് കടന്നുപോവുന്നത്.

Tags:    

Similar News