'ഇത് ന്യൂസിലന്‍ഡാണ്, ഇന്ത്യയല്ല!' സിഖ് ഘോഷയാത്ര തടഞ്ഞ് ക്രിസ്ത്യന്‍ മൗലികവാദികള്‍; മുഖാമുഖം നിന്ന് യുദ്ധനൃത്തമായ ഹാക്ക അവതരണവും പ്രകോപനവും; പതറാതെ സിഖ് വിശ്വാസികള്‍; കുടിയേറ്റ വിരുദ്ധത ഏറിയതോടെ എസ് ജയശങ്കറിന്റെ ഇടപെടല്‍ തേടി അകാലിദള്‍
'ഇത് ന്യൂസീലന്‍ഡാണ്, ഇന്ത്യയല്ല!' സിഖ് നഗര്‍ കീര്‍ത്തനം തടഞ്ഞ് ക്രിസ്ത്യന്‍ തീവ്രവാദ ഗ്രൂപ്പുകള്‍
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിലെ സൗത്ത് ഓക്ലന്‍ഡില്‍ സിഖ് സമൂഹം നടത്തിയ സമാധാനപരമായ 'നഗര്‍ കീര്‍ത്തന്‍' ഘോഷയാത്രയ്ക്കു നേരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ അതിക്രമം. 'ഇത് ന്യൂസീലന്‍ഡാണ്, ഇന്ത്യയല്ല' എന്നെഴുതിയ ബാനറുകളുമായി എത്തിയ പ്രതിഷേധക്കാര്‍ കിലോമീറ്ററുകളോളം ഘോഷയാത്ര തടസ്സപ്പെടുത്തി. സംഭവത്തില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ബാദല്‍ രംഗത്തെത്തി.
പ്രകോപനവുമായി 'ട്രൂ പേട്രിയറ്റ്‌സ്'; പതറാതെ സിഖ് വിശ്വാസികള്‍
ഡെസ്റ്റിനി ചര്‍ച്ച് എന്ന ക്രിസ്ത്യന്‍ മൗലികവാദ സംഘടനയുമായി ബന്ധമുള്ള 'ട്രൂ പേട്രിയറ്റ്‌സ് ഓഫ് എന്‍സെഡ്' (True Patriots of NZ) എന്ന ഗ്രൂപ്പാണ് പ്രതിഷേധത്തിന് പിന്നില്‍. ഘോഷയാത്ര കടന്നുപോയ വഴിയില്‍ കൈകള്‍ കോര്‍ത്തുപിടിച്ച് തടസ്സം സൃഷ്ടിച്ച ഇവര്‍, സിഖ് വിശ്വാസികള്‍ക്ക് നേരെ പരമ്പരാഗത മാവോറി യുദ്ധനൃത്തമായ 'ഹാക്ക' അവതരിപ്പിച്ചു. 'യേശു മാത്രമാണ് ഏക ദൈവം' എന്ന് ആക്രോശിച്ചായിരുന്നു ഇവരുടെ പ്രകോപനം. എന്നാല്‍ നിഹാംഗുകള്‍ ഉള്‍പ്പെടെയുള്ള സിഖ് വിശ്വാസികള്‍ അങ്ങേയറ്റം സംയമനം പാലിച്ചത് വലിയ സംഘര്‍ഷം ഒഴിവാക്കി.
കുടിയേറ്റ വിരുദ്ധത പുകയുന്നു; ന്യൂസിലന്‍ഡിലും വര്‍ഗീയ വിഷം
ന്യൂസീലന്‍ഡില്‍ കുടിയേറ്റക്കാര്‍ക്കെതിരെയും അക്രൈസ്തവ മതങ്ങള്‍ക്കെതിരെയും വലതുപക്ഷ ഗ്രൂപ്പുകള്‍ നടത്തുന്ന മൂന്നാമത്തെ വലിയ പ്രതിഷേധമാണിത്. കഴിഞ്ഞ ജൂണില്‍ ഇതേ സംഘം ഹിന്ദു, ഇസ്ലാം, ബുദ്ധ മത ചിഹ്നങ്ങളുള്ള പതാകകള്‍ വലിച്ചുകീറി ചവിട്ടിമെതിച്ചിരുന്നു. സിഖ് വംശജര്‍ ന്യൂസിലന്‍ഡുകാരെ ജോലിക്ക് എടുക്കുന്നില്ലെന്നും, കുടിയേറുന്നവര്‍ പാശ്ചാത്യ സംസ്‌കാരവുമായി അലിഞ്ഞുചേരുന്നില്ലെന്നുമാണ് ഇവരുടെ പ്രധാന ആരോപണം.
സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ വംശജരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സുഖ്ബീര്‍ സിംഗ് ബാദല്‍ ആവശ്യപ്പെട്ടു. സിഖ് സമൂഹം വര്‍ഷങ്ങളായി ന്യൂസിലന്‍ഡിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്നവരാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അകാല്‍ തക്ത് ജാഥേദാര്‍ ഗിയാനി കുല്‍ദീപ് സിംഗ് ഗര്‍ഗാജ് വ്യക്തമാക്കി.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ സിഖ് വംശജര്‍ക്കെതിരെ വംശീയമായ അധിക്ഷേപങ്ങളും ഉയരുന്നുണ്ട്. സിഖുകാരെ 'പാറ്റകള്‍' എന്ന് വിളിച്ച് അധിക്ഷേപിച്ച ചില വിദേശ അക്കൗണ്ടുകള്‍ക്കെതിരെയും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. വിദേശ മണ്ണില്‍ ഇന്ത്യന്‍ വംശജര്‍ നേരിടുന്ന വംശീയ അധിക്ഷേപങ്ങള്‍ ഗൗരവതരമായി കാണണമെന്ന നിലപാടിലാണ് സിഖ് സംഘടനകള്‍.
