ഇന്ത്യയിലെ ഒരു ഭാഗത്തെയും 'പാകിസ്താന്‍' എന്ന് മുദ്രകുത്താന്‍ ആകില്ലെന്ന് സുപ്രീം കോടതി; ഇത്തരം പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധം; കര്‍ണ്ണാടകയിലെ വിവാദത്തില്‍ ഇടപെട്ട് പരമോന്നത കോടതി
കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആണ് വിവാദ പരാമര്‍ശം നടത്തിയത്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താനെന്ന് മുദ്രകുത്തരുതെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി. ബെംഗളൂരുവില്‍ മുസ്ലിം വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചത്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആണ് വിവാദ പരാമര്‍ശം നടത്തിയത്.
ഇന്ത്യയിലെ ഒരു ഭാഗത്തെയും 'പാകിസ്താന്‍' എന്ന് മുദ്രകുത്താന്‍ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ച് നിരീക്ഷിച്ചു. ജഡ്ജിമാര്‍ മുന്‍വിധിയോടെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും സ്ത്രീവിരുദ്ധവും ഏതെങ്കിലും വിഭാഗത്തിനെതിരായതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ നടത്തരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദിന്റെ പരാമര്‍ശങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. കര്‍ണാടക ഹൈക്കോടതി റെജിസ്ട്രര്‍ ജനറല്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വിവാദ പരാമര്‍ശം നടത്തിയ ജഡ്ജി തന്നെ അതിലുള്ള ഖേദം തുറന്ന കോടതിയില്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും അറ്റോര്‍ണി ജനറലും, സോളിസിറ്റര്‍ ജനറലും കോടതിയെ അറിയിച്ചു.
ഈ നിലപാടും കൂടി കണക്കിലെടുത്താണ് തുടര്‍ നടപടികള്‍ വേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചത്. അപ്പോഴും ഇത്തരം പരാമര്‍ശങ്ങളിലെ അതൃപ്തി പൊതു സമൂഹത്തെ അറിയിക്കുകയാണ് സുപ്രീംകോടതി. രാജ്യത്തിന്റെ ഒരു ഭാഗത്തെയും ആരും പാകിസ്താനെന്ന് വിശേഷിപ്പിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ഇത്തരം പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണ്. ഒരു വിഭാഗത്തിനെതിരെ പരാമര്‍ശം ഉയര്‍ത്തിയാല്‍ പക്ഷപാതിയെന്ന ആക്ഷേപമുയരും. ഇത്തരം പരാമര്‍ശങ്ങളില്‍ ആശങ്കയുണ്ടെന്നും സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.
പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചായിരുന്നു ജസ്റ്റിസിന്റെ വിവാദ പരാമര്‍ശം. ''മൈസൂരു റോഡ് മേല്‍പ്പാലത്തിലേക്ക് പോയാല്‍, ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലതു വശത്തേക്ക് തിരിഞ്ഞാല്‍ നമ്മളെത്തുന്നത് ഇന്ത്യയിലല്ല, പാകിസ്താനിലാണ്. ഇവിടെ നിയമം ബാധകമല്ല. ഇതാണ് യാഥാര്‍ഥ്യം. എത്ര കര്‍ശനമായി നിയമം നടപ്പില്ലാക്കുന്ന പൊലീസുകാരനാണെങ്കിലും അവിടെയുള്ളവര്‍ അദ്ദേഹത്തെ തല്ലിച്ചതയ്ക്കും'' എന്നായിരുന്നു ജഡ്ജിയുടെ പ്രസ്താവന.
എന്നാല്‍ തന്റെ നിരീക്ഷണങ്ങള്‍ മനഃപൂര്‍വമല്ലായിരുന്നുവെന്നും കോടതിനടപടിക്കിടെ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ തെറ്റായരീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് ശ്രീശാനന്ദ പിന്നീട് പറഞ്ഞത്. താന്‍ പറഞ്ഞത് ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തേയോ വിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.