നിങ്ങളാരാണ്? എന്തിനാണ് ഈ പോഡില്‍ കയറിയത്? ഈ സ്വിച്ചില്‍ ഞെക്കിയാല്‍ മരിക്കുമെന്നറിയാമോ? ആത്മഹത്യ പോഡില്‍ കയറിയ ശേഷം സ്ത്രീ ഉത്തരം പറഞ്ഞത് ഈ ചോദ്യങ്ങള്‍ക്ക്; മരണത്തിലേക്ക് കൂസലില്ലാതെ കടന്നു പോയ സ്ത്രീയുടെ കഥ

കടുത്ത വേദന അനുഭവപ്പെടുന്ന മാറാരോഗിയായിരുന്ന അവരാണ് ആത്മഹത്യ ക്യാപ്സൂള്‍ എന്ന് അറിയപ്പെടുന്ന ആധുനിക മരണയന്ത്രത്തിലെ ആദ്യ ഇര

By :  Remesh
Update: 2024-09-28 03:34 GMT

സ്വിറ്റ്‌സര്‍ലന്‍ഡിലെ, തിരക്കില്‍ നിന്നെല്ലാം മാറി ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു വനത്തിനുള്ളില്‍ ഒരുക്കിയ അത്യാധുനിക ക്യാപ്സൂളിലേക്ക് 64 കാരിയായ വനിത കയറി. പിന്നീട് സംഭവിച്ചതെല്ലാം ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. അവര്‍ ക്യാപ്സൂളിനകത്ത് കയറിയ ഉടന്‍ തന്നെ, 24 മണിക്കൂര്‍ നേരത്തേക്ക് സാധുതയുള്ള ഒരു ആക്സസ് കോഡ് അവര്‍ക്ക് നല്‍കി. പിന്നീട് ആ ക്യാപ്സൂളിന്റെ അടപ്പ് അവര്‍ക്ക് മുകളിലടഞ്ഞു.

സാധാരണയായി ക്യാമ്പുകളിലെല്ലാം ഉപയോഗിക്കുന്നത് പോലുള്ള കനം കുറഞ്ഞ, എന്നാല്‍, മൃദുവായ കിടക്കയില്‍ അവര്‍ കിടന്നു. തല ഉയര്‍ത്തി വയ്ക്കാന്‍ തലയിണയുമുണ്ടായിരുന്നു. അധികം വൈകാതെ, നേരത്തെ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്ന ചോദ്യങ്ങള്‍ ആ ക്യാപ്സൂളിനുള്ളില്‍ ഉയര്‍ന്നു, ആരാണ് നിങ്ങള്‍? എവിടെയാണ് നിങ്ങള്‍? ബട്ടന്‍ അമര്‍ത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?

അമേരിക്കയില്‍ നിന്നുള്ള, രണ്ടു കുട്ടികളുടെ അമ്മ കൂടിയായ 64 കാരി കൃത്യമായി ഉത്തരം പറഞ്ഞു, ഒന്നല്ല മൂന്ന് തവണ. പിന്നീട്, ബട്ടന്‍ അമര്‍ത്തിയാല്‍ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് അവസാനത്തെ മുന്നറിയിപ്പും നല്‍കി. ഒരിക്കല്‍ ബട്ടന്‍ അമര്‍ത്തിയാല്‍ പിന്നീടൊരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും ഓര്‍മ്മപ്പെടുത്തി. പിന്നീട് വന്നത് അവസാന നിര്‍ദ്ദേശമായിരുന്നു. നിങ്ങള്‍ക്ക് മരിക്കണമെന്നുണ്ടെങ്കില്‍ ബട്ടന്‍ അമര്‍ത്തുക എന്ന്.

ഓട്ടും സംശയമില്ലാതെ, തികച്ചും ശാന്തയായി അവര്‍ ആ ബട്ടന്‍ അമര്‍ത്തി. ഏതാനും നിമിഷങ്ങള്‍ക്കകം ആ ക്യാപ്സൂളിനകം നൈട്രജന്‍ കൊണ്ട് നിറഞ്ഞു. ഓക്സിജന്‍ ലഭിക്കാതായതോടെ രണ്ട് മിനിറ്റിനകം അവര്‍ ബോധ രഹിതയായി, അഞ്ച് മിനിറ്റിനുള്ളില്‍ മരണത്തെ പുല്‍കുകയും ചെയ്തു. തികച്ചും ശാന്തയായി, വേദനയേതും സഹിക്കാതെ അവര്‍ ഇഹലോക വാസം വെടിഞ്ഞു.

കടുത്ത വേദന അനുഭവപ്പെടുന്ന മാറാരോഗിയായിരുന്ന അവരാണ് ആത്മഹത്യ ക്യാപ്സൂള്‍ എന്ന് അറിയപ്പെടുന്ന ആധുനിക മരണയന്ത്രത്തിലെ ആദ്യ ഇര. ക്യാപ്സൂളിനൊപ്പം പോസ് ചെയ്യുമ്പോള്‍ ഇവര്‍ പുറം തിരിഞ്ഞാണ് നിന്നിരുന്നത് എന്നതിനാല്‍, അവര്‍ ആരാണെന്ന് തിരിച്ചറിയാന്‍ ആയിട്ടില്ല.

Tags:    

Similar News