ഫീസടക്കാനുള്ള അവസാന സമയവും കഴിഞ്ഞ് ഒന്നര മിനിട്ട് കഴിഞ്ഞ് പണമടച്ചു; കാശുണ്ടാക്കാനായുള്ള നെട്ടോട്ടം കാണാതെ പോയ സംവിധാന ക്രൂരത; ഒടുവില്‍ സുപ്രീംകോടതി ആശ്വാസം; അതുല്‍ കുമാറിന്റെ ഐഐടി മോഹം പൂവണിയുമ്പോള്‍
ഇന്ത്യന്‍ ഭരണഘടനയുടെ അസാധാരണമായ വകുപ്പുകള്‍ ഉപയോഗിച്ചാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ന്യൂഡല്‍ഹി: ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിയുടെ പ്രശസ്തമായ സ്ഥാപനത്തിലെ വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ എത്ര സഹായകരമായി എന്ന വാര്‍ത്ത ആഗോള മാധ്യമങ്ങളില്‍ നിറയുകയാണ്. വടക്കന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ അതുല്‍കുമാര്‍ എന്ന പതിനെട്ടുകാരനാണ് സുപ്രീംകോടതി സഹായവുമായി എത്തിയിരിക്കുന്നത്. ഐ.ഐ.ടിയില്‍ പഠിക്കുന്നതിന് ഫീസായി നല്‍കേണ്ടിയിരുന്നത് 17500 രൂപയാണ്.
ഓണ്‍ലൈനായി വേണം ഈ പണം അടയ്ക്കാനും. അതുല്‍ കുമാറിന്റെ കുടംബത്തെ സംബന്ധിച്ച് ഇത് വലിയൊരു തുകയാണ്. മകന്റെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പിതാവ് ആദ്യം കടമായി പണം വാങ്ങിയിരുന്നു. എന്നാല്‍ ഓണ്‍ലൈനായി പണം അടയ്ക്കുന്നതിന് സാങ്കേതികമായി ചില തടസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഫീസ് അടയ്ക്കുന്നതിനായി അനുവദിച്ച അവസാന സമയം കഴിഞ്ഞ് സെക്കന്‍ഡുകള്‍ കഴിഞ്ഞാണ് അവര്‍ക്ക് പണം അടയ്ക്കാന്‍ കഴിഞ്ഞത്.
ഇതിനെ തുടര്‍ന്നാണ് അതുല്‍കുമാറിന്റെ കുടുംബം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കേസില്‍ സുപ്രീംകോടതി നിര്‍ണായകമായ ഇടപെടലാണ് നടത്തിയത്. ധന്‍ബാദിലെ ഐ.ഐ.ടിയോട് അതുലിന് അഡ്മിഷന്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ അസാധാരണമായ വകുപ്പുകള്‍ ഉപയോഗിച്ചാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അതുലിനെ പോലെയുള്ള സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിക്ക് ഒരിക്കലും ഇത്തരത്തില്‍ ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്താന്‍ പടില്ല എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഥവാ ഐ.ഐ.ടികളിലേക്ക് എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രവേശന പരീക്ഷ എഴുതുന്നത്.
രാജ്യത്തെ 23 ഐ.ഐ.ടികളിലായി പതിനെണ്ണായിരത്തോളം സീറ്റുകളാണ് ഓരോ വര്‍ഷവും ഒഴിവ് വരുന്നത്. പല വിദ്യാര്‍ത്ഥികളും വര്‍ഷങ്ങളോളം സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളില്‍ പഠിച്ച ശേഷമാണ് ഇവിടെ പ്രവേശനം നേടുന്നത്. എന്നാല്‍ അതുലിന്റെ ജീവിതകഥ ഏറെ വ്യത്യസ്തമാണ്. വളരെ പാവപ്പെട്ട ഒരു ദളിത് കുടുംബമാണ് അതുലിന്റേത്. അച്ഛന്‍ രാജേന്ദ്രകുമാര്‍ കൂലിപ്പണിക്കാരനാണ്. എന്നാല്‍ രാജേന്ദ്രകുമാറിനെ സംബന്ധിച്ച് കുട്ടികളുടെ പഠിത്തം തന്നെയാണ് ഏറ്റവും വലിയ കാര്യം. മൂത്ത മകന്റെ വിദ്യാഭ്യാസത്തിനായി നേരത്തേ അദ്ദേഹം സ്വന്തം വീട് തന്നെ വിറ്റിരുന്നു. അതുലിന്റെ രണ്ട് സഹോദരന്‍മാര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളാണ്. മറ്റൊരാള്‍ ഡിഗ്രിക്ക് പഠിക്കുന്നു.
ഇവരുടെ ഗ്രാമത്തില്‍ വൈദ്യുതി പോലും നേരേ ചൊവ്വേ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്്. അത് കൊണ്ട് തന്നെ വളരെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് അതുല്‍ പഠിച്ചത്. മകന്റെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി ഇപ്പോള്‍ താമസിക്കുന്ന വീട് തന്നെ വില്‍ക്കാനും താന്‍ തയ്യാറാണ് എന്നാണ് രാജേന്ദ്രകുമാര്‍ പറയുന്നത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യമായി നടത്തുന്ന ഒരു എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലാണ് അതുല്‍ പഠിച്ചതും. നേരത്തേ ഐ.ഐ.ടി പ്രവേശനത്തിന് അതുല്‍ എന്‍ട്രന്‍സ് പരീക്ഷഎഴുതിയിരുന്നു എങ്കിലും പ്രവേശനം ലഭിച്ചിരുന്നില്ല. മൂന്ന് പ്രാവശ്യം മാത്രമാണ് ഒരു വിദ്യാര്‍ത്ഥിക്ക് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയുകയുള്ളൂ എന്ന സാഹചര്യത്തില്‍ മൂന്നാം തവണത്തെ പരീക്ഷ നിര്‍ണായകമായിരുന്നു.
മൂന്നാം തവണ എന്‍ട്രന്‍സ് നേടിയ അതുലിന് ഫീസ് നല്‍കാന്‍ കുടുംബം നെട്ടോട്ടമോടി. നേരത്തേ പണം കടം നല്‍കാമെന്ന് ഏറ്റിരുന്ന ആള്‍ സമയത്തിന്
വാക്ക് മാറുകയായിരുന്നു. തുടര്‍ന്ന് രാജേന്ദ്രകുമാറിന്റെ കൂട്ടുകാര്‍ ചേര്‍ന്ന് പതിനാലായിരം രൂപ സംഘടിപ്പിച്ച്നല്‍കി. ബാക്കി 3500 രൂപ അച്ഛനും സഘടിപ്പിച്ചു.
വെറും രണ്ട് മണിക്കൂര്‍ കൊണ്ടാണ് അവര്‍ ഈ പണം സംഘടിപ്പിച്ചത്. തുടര്‍ന്ന് അതുലിന്റെ മൂത്ത സഹോദരന്റെ അക്കൗണ്ട് വഴ ഓണ്‍ലൈനായി ഫീസടച്ചു. എന്നാല്‍ ഫീസടക്കാനുള്ള അവസാന സമയവും കഴിഞ്ഞ് ഒന്നര മിനിട്ട് കഴിഞ്ഞിട്ടാണ് അവര്‍ പണമടച്ചത് എന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ അഡ്മിഷന്‍ നിഷേധിച്ചു.
പല വാതിലുകളും അതുലിന്റെ കുടുംബം മുട്ടിയെങ്കിലും ഒന്നും തുറന്നില്ല. അങ്ങനെയാണ് അവര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. 2021 ല്‍
മുംബൈ ഐ.ഐ.ടിയില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് ഇത്തരത്തില്‍ ഫീസടക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെട്ട് പ്രവേശനം
നല്‍കിയ സംഭവമായിരുന്നു അവരെ ഇത്തരത്തില്‍ ഒരു നീക്കം നടത്താന്‍ പ്രേരിപ്പിച്ചത്. ആ വിദ്യാര്‍ത്ഥിയെ അതുലിന്റെ കുടുംബം ബന്ധപ്പെടുകയും അവര്‍ക്കായി
കേസ് നടത്തിയ അഭിഭാഷകനെ പരിചെയപ്പെടുകയും ചെയ്തത്.
ഐ.ഐ.ടി അധികൃതര്‍ പറഞ്ഞ തടസവാദങ്ങള്‍ തളിളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് വൈ.ഡി.ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് അതുലിനായി ഒരു സീറ്റ് കൂടി അനുവദിക്കാന്‍ ഉത്തരവിട്ടത്. അതുലിന് ഭാവിയില്‍ എല്ലാ ആശംസകളും ചീഫ് ജസ്റ്റിസ് നേരുകയും ചെയ്തു.