റുവാണ്ടയില്‍ ഭീതി പരത്തി 'മാർബര്‍ഗ്‌' വൈറസ്‌; ഏറെ അപകടകാരിയെന്ന് വിദഗ്ധർ; രക്തക്കുഴലുകൾ പൊട്ടി മരിക്കും; ഇതിനോടകം മരിച്ചത് 12 പേർ; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ; പേടിച്ച് ലോകരാജ്യങ്ങൾ...!

Update: 2024-10-08 14:26 GMT

റുവാണ്ട: ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ ഏറെ ആശങ്ക ഉയർത്തി 'മാർബര്‍ഗ്‌' വൈറസ്‌ സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിയിലാണ് വൈറസ് പടരുന്നത്. കഴിഞ്ഞ മാസം അവസാനമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. റുവാണ്ടയിൽ മാത്രം പന്ത്രണ്ട് പേര് മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമിത രക്തസ്രാവം, അവയവങ്ങളുടെ പ്രവർത്തനം നിലക്കൽ എന്നിവക്ക് കാരണമാകുന്ന മാരക വൈറസാണ് ഇത്. ഈ വൈറസ് ബാധിച്ചാൽ 88 ശതമാനം മരണനിരക്ക് സംഭവിക്കും എന്നാണ് പറയുന്നത്.

രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും വൈറസ് നയിക്കും. എബോള വൈറസിന്റെ കുടുംബമായ ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ട മാബര്‍ഗ്‌ എബോളയേക്കാള്‍ അപകടകാരിയെന്നും ആരോദ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു. വൈറസ്‌ ഉള്ളിലെത്തി രണ്ട്‌ മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിച്ച് തുടങ്ങും.

ശക്തമായ പനി, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ്‌ രോഗം തുടങ്ങാറുള്ളത്. പേശീ വേദന, അതിസാരം, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. അടുത്ത 5 മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ മൂക്കില്‍ നിന്നും മോണകളില്‍ നിന്നും സ്വകാര്യഭാഗങ്ങളിൽ നിന്നും വരെ രക്തസ്രാവം ഉണ്ടാകും. രോ​ഗികളെ മാനസിക നിലയെയും ഇത് കാര്യമായി ബാധിക്കും. അവസാന ഘട്ടങ്ങളില്‍ വൃഷ്‌ണം വീര്‍ത്തു വരുന്ന അവസ്ഥയും ചിലയിടത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിവ്യാപനശേഷിയുള്ള ഒരു മാരക വൈറസാണ് മാര്‍ബര്‍ഗ്. 1967ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലാണ് ഈ രോഗം ആദ്യം സ്ഥിരീകരിച്ചത്. അങ്ങനെയാണ് രോഗത്തിന് ആ പേര് വന്നത്. ജര്‍മനിയില്‍ ആദ്യമായി വാക്‌സിന്‍ ലാബില്‍ ജോലി ചെയ്തിരുന്നവരെയാണ് രോഗം ബാധിച്ചത്. പരീക്ഷണത്തിനായി എത്തിച്ച കുരങ്ങുകളില്‍ നിന്നായിരുന്നു രോഗം മനുഷ്യരിലേക്ക് പകര്‍ന്നത്.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ പഴംതീനി വവ്വാലുകളില്‍ നിന്നാണ് കുരങ്ങുകളിലേക്ക് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തി. 1967 മുതല്‍ ദക്ഷിണാഫ്രിക്ക, യുഗോസ്ലാവിയ, കെനിയ, ഉഗാണ്ട, അംഗോള തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് ബാധ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മാര്‍ബര്‍ഗ് വൈറസിന്റെയും ആവാസ കേന്ദ്രം ഗുഹയിലും ഖനികളിലും കഴിയുന്ന പഴംതീനി വവ്വാലുകളാണ്. ഇവയെ രോഗം ബാധിക്കില്ല. ഇവ രോഗാണുക്കളുടെ കാരിയറുകള്‍ ആയിരിക്കും. അതിനാല്‍ തന്നെ രോഗവ്യാപനം വ്യാപകമാകാന്‍ ഇത് കാരണമാകും.

ശരീരസ്രവങ്ങള്‍, ചര്‍മത്തിലെ മുറിപ്പാട്, മ്യൂക്കസ് സ്തരം, രക്തം, അണുബാധയുള്ള അവയവങ്ങള്‍, രോഗാണുക്കളുടെ സാന്നിധ്യമുള്ള പ്രതലങ്ങള്‍, തുണികള്‍ തുടങ്ങിയവ വഴിയാണ് ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് വ്യാപിക്കുന്നത്. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍ക്കും രോഗം ബാധിക്കാന്‍ ഇത് ഇടയാക്കും.

Tags:    

Similar News