ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികള്‍ എയര്‍ ന്യൂസിലന്‍ഡും ക്വാന്തസും; സുരക്ഷിതത്വത്തില്‍ എമിരേറ്റ്‌സിനേക്കാള്‍ മുകളില്‍ എത്തിഹാദും ഖത്തര്‍ എയര്‍വേയ്‌സും; ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് വിമാനക്കമ്പനികള്‍ ഇവ
ലണ്ടന്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് വിമാനക്കമ്പനികളുടെ പട്ടികയില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇല്ല. എയര്‍ലൈന്‍ റേറ്റിംഗ്‌സ് ഡോട്ട് കോം പുറത്തിറക്കിയ സുരക്ഷിതമായ 25 വിമാനക്കമ്പനികളുടെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ സ്ഥാനം. 2024 ലെ ഏറ്റവും സുരക്ഷിതമായ 25 എയര്‍ലൈനുകളുടെയും ഏറ്റവും സുരക്ഷിതമായ ചെലവ് കുറഞ്ഞ എയര്‍ലൈനുകളുടെയും പട്ടികയാണ് എയര്‍ലൈന്‍ റേറ്റിംഗ് പുറത്ത് വിട്ടിരിക്കുന്നത്.
ഈ പട്ടിക അനുസരിച്ച് എയര്‍ ന്യൂ സീലാന്‍ഡ് ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍സ്. ഓക്ക്ലാന്‍ഡ് ആസ്ഥാനമായ ഈ വിമാനക്കമ്പനി 20 ആഭ്യന്തര സര്‍വീസുകളും 18 രാജ്യങ്ങളിലേക്കായി 30 അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് നടത്തുന്നത്. പൈലറ്റുമാരുടെ സാമര്‍ത്ഥ്യം പരീക്ഷിക്കുന്ന രീതിയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാലാവസ്ഥ സാഹചര്യങ്ങളിലേക്കാണ് എയര്‍ ന്യൂസിലാന്‍ഡിന്റെ ചില സര്‍വ്വീസുകള്‍ എന്ന് എയര്‍ലൈന്‍ റേറ്റിംഗ് എഡിറ്റര്‍ ഇന്‍ ചീഫ് ആയ ജെഫ്രി തോമസ് പറയുന്നു. ഏറ്റവും ആധുനിക സാങ്കേതിക വിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എയര്‍ ന്യൂസിലാന്‍ഡിന്റെ വിമാനങ്ങള്‍ ഏറെ സുരക്ഷിതവും സുഖപ്രദവുമായ യാത്രാനുഭവമാണ് നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ആസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാന്തസ് ആണ്. എല്ലാ ഭൂഖണ്ഡങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്ന ലോകത്തിലെ ഏക വിമാനക്കമ്പനി കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ ഇത് ഒന്നാം സ്ഥാനത്തായിരുന്നു. വെര്‍ജിന്‍ ആസ്‌ട്രേലിയ, എത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ്, എമിരേറ്റ്‌സ്, ആള്‍ നിപ്പണ്‍ എയര്‍വേയ്‌സ്, ഫിന്‍ എയര്‍, കാത്തെ പസഫിക് എയര്‍വേയ്‌സ്, അലാസ്‌ക എയര്‍വേയ്‌സ് എന്നിവയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് വിമാനക്കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ച മറ്റു വിമാനക്കമ്പനികള്‍.
2024 -ല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 25 വിമാനക്കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക ബ്രിട്ടീഷ് വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വേയ്‌സിന് പക്ഷെ പതിനഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍, ഏറ്റവും സുരക്ഷിതമായ പത്ത് ചെലവ് കുറഞ്ഞ വിമാനക്കമ്പനികളുടെ പട്ടികയില്‍ ഒന്നിലധികം ബ്രിട്ടീഷ് വിമാനക്കമ്പനികള്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ ഈസി ജെറ്റ് രണ്ടാം സ്ഥാനത്തും റെയ്ന്‍എയര്‍ മൂന്നാം സ്ഥാനത്തുമാണ്.
2018 ല്‍ ബ്രിട്ടനില്‍ സഹോദര സ്ഥാപനം ആരംഭിച്ച ഹംഗേറിയന്‍ വിമാനക്കമ്പനിയായ വിസ് എയര്‍ ഈ പട്ടികയില്‍ നാലാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്. യു കെയിലെ എട്ട് വിമാനത്താവളങ്ങളില്‍ നിന്നായി ഇവര്‍ യൂറോപ്പിലെയും മദ്ധ്യപൂര്‍വ്വദേശത്തേയും 90 ഓളം സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. മറ്റ് ബ്രിട്ടീഷ് കമ്പനികളായ ജെറ്റ് 2ഉം വെര്‍ജിന്‍ എയര്‍വെയ്‌സും ടി യു ഐയും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.