ഇറാന്റെ നിഴല്‍സംഘങ്ങളുമായി യുദ്ധം തുടരും; ഇസ്രായേല്‍ ഈ യുദ്ധത്തില്‍ വിജയിക്കാന്‍ പോകുകയാണ്; വസതി ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹുവിന്റെ ആദ്യ പ്രതികരണം

ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് നെതന്യാഹുവിന്റെ പ്രതികരണം

Update: 2024-10-19 17:48 GMT

ജറുസലം: ഹമാസിനെതിരായ യുദ്ധത്തില്‍ വിജയിക്കുമെന്നും ഒന്നിനും ഇസ്രയേലിനെ പിന്തിരിപ്പിക്കാനാകില്ലെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. വസതി ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം ഉണ്ടായതിനുശേഷം വിഡിയോ സന്ദേശത്തിലൂടെ പ്രതികരിക്കുകയായിരുന്നു നെതന്യാഹു. ഇസ്രായേല്‍ ഈ യുദ്ധത്തില്‍ വിജയിക്കാന്‍ പോകുകയാണെന്നും സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയില്‍ നെതന്യാഹു വ്യക്തമാക്കി. സിസേറിയയിലെ തന്റെ വീടിന് നേരെ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് നെതന്യാഹുവിന്റെ പ്രതികരണം.

''ഇറാന്റെ നിഴല്‍സംഘങ്ങളുമായി യുദ്ധം തുടരും'' ഹമാസ് നേതാവ് യഹ്യ സിന്‍വറിന്റെ കൊലപാതകത്തെ ഓര്‍മിപ്പിച്ച് നെതന്യാഹു പറഞ്ഞു. '' രണ്ടു ദിവസം മുന്‍പ് തീവ്രവാദികളുടെ ബുദ്ധികേന്ദ്രമായ യഹ്യ സിന്‍വറിനെ ഉന്‍മൂലനം ചെയ്തു. ഞങ്ങള്‍ ഈ യുദ്ധം ജയിക്കാന്‍ പോകുകയാണ്''നെതന്യാഹു വ്യക്തമാക്കി. വടക്കന്‍ ഇസ്രയേലിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് ലബനനില്‍നിന്ന് ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

ഈ സമയം നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഒരു ഡ്രോണ്‍ വീടിനടുത്തുള്ള കെട്ടിടത്തില്‍ ഇടിച്ചു തകര്‍ന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. രണ്ടു ഡ്രോണുകളെ വെടിവച്ചിട്ടു. ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണത്തോട് പ്രതികരിച്ചില്ല. ആര്‍ക്കും പരുക്കുകളില്ല. ഹിസ്ബുല്ല യുദ്ധത്തിനും ആയുധം സംഭരിക്കാനും ഉപയോഗിച്ചിരുന്ന ടണലുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍ഹമാസ് സംഘര്‍ഷം ആരംഭിച്ചശേഷം 42,519 പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 99,637 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതി ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടന്നത്. ഈ സമയത്ത് നെതന്യാഹു വസതിയില്‍ ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തില്‍ ആളപായമില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചിരുന്നു. യുഎവി (unmanned aerial vehicle) ആക്രമണമാണ് നടന്നതെന്നും ആളപായമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു. ഡ്രോണ്‍ വിക്ഷേപിച്ചത് ലെബനനില്‍ നിന്നാണെന്നാണ് ഇസ്രായേല്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, തലയില്‍ വെടിയേറ്റാണ് യഹിയ സിന്‍വാര്‍ മരിച്ചതെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സിന്‍വാറിന്റെ കൈ തകര്‍ന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങള്‍ക്കിടെ സിന്‍വാറിന്റെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്ന് സിന്‍വാറിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കാളിയായ ഇസ്രയേല്‍ നാഷണല്‍ സെന്റര്‍ ഓഫ് ഫോറന്‍സിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെന്‍ കുഗേല്‍ അറിയിച്ചു. ന്യൂയോര്‍ക്ക് ടൈംസിനോടാണ് ഡോ. ചെന്‍ കുഗേല്‍ ഇക്കാര്യം വിശദമാക്കിയത്. സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.

വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഹമാസ് ഉന്നതനേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. 2023 ഒക്ടോബര്‍ 7നു തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ കടന്നാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സിന്‍വറായിരുന്നു. ജൂലൈയില്‍ ടെഹ്‌റാനില്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടശേഷം സംഘടനയുടെ മേധാവിയായി. ഹനിയ ഖത്തറിലെ ദോഹ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. യഹ്യ സിന്‍വര്‍ ഗാസയില്‍നിന്നാണ് ഹമാസിനെ നയിച്ചിരുന്നത്.ഇറാന്റെ നിഴല്‍സംഘങ്ങളുമായി യുദ്ധം തുടരും; ഇസ്രായേല്‍ ഈ യുദ്ധത്തില്‍ വിജയിക്കാന്‍ പോകുകയാണ്; വസതി ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹുവിന്റെ ആദ്യ പ്രതികരണം

Tags:    

Similar News