1990ല്‍ 43,000; ഇപ്പോള്‍ 17 ലക്ഷം; ലോകത്തില്‍ എറ്റവുമധികം കുടിയേറ്റം നടന്നത് ദക്ഷിണ കൊറിയയിലേക്ക്; രണ്ടാമത് കൊളംബിയയും മൂന്നാമത് ചിലിയും നാലാമത് ബള്‍ഗേറിയയും; കുടിയേറ്റ വളര്‍ച്ചയുടെ കഥയിങ്ങനെ
ലണ്ടന്‍: അക്കരപ്പച്ച തേടി പോകുന്നത് മനുഷ്യ സഹജമാണ്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് ലോകത്തിന്റെ എല്ലാ കോണുകളിലും മലയാളികള്‍ എത്തപ്പെട്ടിട്ടുമുണ്ട്. ആഗോളവത്കരണത്തിന് ശേഷം കുടിയേറ്റം ഒരു പതിവായതോടെ അതുമായി ബന്ധപ്പെട്ട പല മിഥ്യാധാരണകളും പൊളിഞ്ഞു വീഴുകയാണ്. ഏറ്റവും അധികം ആളുകള്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കല്ല എന്നതാണ് അത്തരം മിഥ്യാധാാരണകളില്‍ ഒന്ന്.
ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ കുടിയേറുന്നത് ഒരു ഏഷ്യന്‍ രാജ്യത്തേക്കാണ്, സാങ്കേതിക വിദ്യയിലെ മികവ് കൊണ്ട് ലോകം അസൂയയോടെ നോക്കുന്ന ദക്ഷിണ കൊറിയയിലേക്ക്. വില്യം റസ്സലിലെ, കുടിയേറ്റ കാര്യ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.1990 മുതല്‍ ഏറ്റവും അധികം കുടിയേറ്റക്കാര്‍ താമസിക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇവര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം, ദക്ഷിണ കൊറിയയിലെ കുടിയേറ്റ ജനസംഖ്യ 1990 ല്‍ 43,000 ആയിരുന്നത് 2020 ആയപ്പോഴേക്കുംക് 17 ലക്ഷമായി. അതായത്, കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ ദര്‍ശിക്കാനായത് 3,896 ശതമാനം വളര്‍ച്ച!. ഇതില്‍ രണ്ടാം സ്ഥാനത്തുള്ള കൊളംബിയയില്‍, 1990 ല്‍ 1,04,000 ആയിരുന്നു കുടിയേറ്റ ജനസംഖ്യ എങ്കില്‍ അത് ഇപ്പോള്‍ 19 ലക്ഷമാണ്.
പൊതുവെ പിന്നോക്ക ഭൂഖണ്ഡമായി പരിഗണിക്കപ്പെടുന്ന ലാറ്റിന്‍ അമേരിക്കയാണ് കുടിയേറ്റക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട വന്‍കര എന്നതാണ് മറ്റൊരു വൈരുദ്ധ്യം. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഉള്ളതും ഒരു തെക്കേ അമേരിക്കന്‍ രാജ്യമാണ്, ചിലി. 1990 ല്‍ ഇവിടെ 1,04,000 കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍, 2020 ല്‍ 1,430 ശതമാനം വര്‍ദ്ധിച്ചു. നാലാം സ്ഥാനത്തുള്ള ബള്‍ഗേറിയയാണ് കുടിയേറ്റക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന യൂറോപ്യന്‍ രാജ്യം. കുടിയേറ്റക്കാരുടെ എണ്ണത്തില്‍ യൂറോപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഇവിടെ 1990 ല്‍ 21,000 കുടിയേറ്റക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ 2020 ല്‍ അത് 1,84,000 ആയി വര്‍ദ്ധിച്ചു. അതായത് 757 ശതമാനത്തിന്റെ വര്‍ദ്ധനവ്
അഞ്ചാം സ്ഥാനത്തുള്ള സ്പെയിനില്‍ കുടിയേറ്റക്കാരുടെ എണ്ണം 1990 ല്‍ 8,21,000 ഉണ്ടായിരുന്നത് 732 ശതമാനം വര്‍ദ്ധിച്ച് 2020 ല്‍ 68 ലക്ഷമായി. ആറം സ്ഥാനത്തുള്ള സെര്‍ബിയയില്‍ കുടിയേറ്റത്തിന്റെ വര്‍ദ്ധനവ് 729 ശതമാനമാണെങ്കില്‍ ഏഴാം സ്ഥാനത്തുള്ള മാള്‍ട്ടയില്‍ അത് 661 ശതമാനവും എട്ടാം സ്ഥാനത്തുള്ള ഐസ്ലാന്‍ഡില്‍ അത് 582 ശതമാനവും ആയിരുന്നു. പട്ടികയില്‍, ഒന്‍പതും പത്തും സ്ഥാനത്തുള്ള ഫിന്‍ലാന്‍ഡിലും ടര്‍ക്കിയിലും കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് യഥാക്രമം 510 ശതമാനവും 420 ശതമാനവും ആണ്.
ദക്ഷിണ കൊറിയയുടെ, സാങ്കേതിക വിദ്യയിലൂന്നിയുള്ള സാമ്പത്തിക രംഗത്തിന്റെ കുതിപ്പ് ആളുകളെ ആകര്‍ഷിക്കുമ്പോള്‍, കുറഞ്ഞ ജീവിത ചെലവുകളും അതോടൊപ്പം ഉയര്‍ന്ന ജീവിത നിലവാരവുമാണ് ലാറ്റിന്‍ അമേരിക്കയുടെ ആകര്‍ഷണമാകുന്നതെന്ന് വില്യം റസ്സല്‍ വക്താവ് പറയുന്നു. അഞ്ചു വര്‍ഷം കൊണ്ട് പൗരത്വം ലഭിക്കും എന്നത് കൊളംബിയയുടെ മറ്റൊരു ആകര്‍ഷണമാണ്. അതേസമയം, കുറഞ്ഞ ജീവിത ചിലവും ഉയര്‍ന്ന ജീവിത നിലവാരവുമാണ് ചിലിയെ പെന്‍ഷന്‍കാരുടെ പ്രിയപ്പെട്ട കുടിയേറ്റ കേന്ദ്രമാക്കുന്നത്.