ദക്ഷിണാഫ്രിക്കയുടെ 'വാവ സുരേഷ്' മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു; പാമ്പ് പിടുത്ത വീഡിയോയകളിലൂടെ ശ്രദ്ധ നേടിയ ഗ്രഹാം ഡിങ്കോയുടെ മരണത്തില്‍ ഞെട്ടി ആരാധകര്‍; സ്റ്റീവ് ഇവ്റിന്‍ എന്നറിയപ്പെട്ട ഗ്രഹാമിന് കടിയേറ്റത് ഒരു മാസം മുന്‍പ്
ഡര്‍ബിന്‍: ദക്ഷിണാഫ്രിക്കയുടെ 'വാവ സുരേഷ്' പാമ്പ് കടിയേറ്റ് മരിച്ചു. പാമ്പ് പിടുത്തത്തിന്റെ വീഡിയോകളിലൂടെ ഏറെ ശ്രദ്ധേയനായ ഗ്രഹാം ഡിങ്കോയുടെ മരണം മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാണ്. ദക്ഷിണാഫ്രിക്കയുടെ സ്റ്റീവ് ഇര്‍വിന്‍ എന്നാണ് ഗ്രഹാം ഡിങ്കോ അറിയപ്പെടുന്നത്.
പാമ്പ് പിടുത്തത്തിനിടെ പാമ്പ് കടിയേറ്റ ഗ്രഹാം ഡിങ്കോ കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. പീറ്റര്‍മാരിറ്റ്സബര്‍ഗ് സ്വദേശിയായ ഇദ്ദേഹം മൂന്ന് കുട്ടികളുടെ പിതാവാണ്. പാമ്പ് കടി ഏറ്റതിനെ തുടര്‍ന്ന് ഗ്രഹാമിന് പ്രതിരോധ മരുന്ന് നല്‍കിയെങ്കിലും അതിന്റെ റീയാക്ഷന്‍ ഉണ്ടായതാണ് ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. ഡിങ്കോയുടെ യൂ ട്യൂബ് ചാനല്‍ ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റിയവ ആയിരുന്നു.
എല്ലാ തരത്തിലുമുള്ള പാമ്പുകളേയും മുതലകളേയും എല്ലാം ഇയാള്‍ പിടികൂടുന്നതിന്റെ വീഡിയോകള്‍ ഏറെ വൈറലായിരുന്നു. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ഒരു മാസമായി ഗ്രഹാം അബോധാവസ്ഥയിലായിരുന്നു. ഗ്രഹാം ആരോഗ്യത്തോടെ തിരിച്ചു വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഗ്രഹാം ഡിങ്കോയുടെ ഭാര്യ കിര്‍സ്റ്റിയാണ് ഭര്‍ത്താവിന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. മരണസമയത്ത് കുടുംബാംഗങ്ങള്‍ എല്ലാവരും ഒപ്പമുണ്ടായിരുന്നു എന്നും കിര്‍സ്റ്റി വ്യക്തമാക്കി.
പാമ്പ് പിടുത്ത വീഡിയോകളിലൂടെ പ്രശസ്തനായി മാറിയ ഗ്രഹാമിന് യൂട്യൂബില്‍ ഒരു ലക്ഷത്തോളവും ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തോളവും ഫോളോവേഴ്സ് ഉള്ളതാണ്. സമൂഹ മാധ്യമങ്ങളില്‍ നിറയെ ഇപ്പോള്‍ ഗ്രഹാമിന്റെ ആരാധകരുടെ അനുശോചന പ്രവാഹമാണ്. അദ്ദേഹം വിടവാങ്ങിയെന്ന് ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇവരില്‍ പലരും പറയുന്നത്. പാമ്പുകളെ പേടിച്ചിരുന്ന താന്‍ ഗ്രഹാമിന്റെ വീഡിയോകള്‍ കണ്ടതോടെ അവയുടെ ആരാധകനായി മാറിയെന്നാണ് ഒരാള്‍ പറയുന്നത്.