നിജ്ജറിന്റെ പിന്‍ഗാമി; ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍; ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ഷ്ദ്വീപ് ദല്ല പിടിയിലെന്ന് റിപ്പോര്‍ട്ട്; ഔദ്യോഗികമായി സ്ഥിരീകരിക്കാതെ കാനഡ; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വിദേശകാര്യമന്ത്രാലയം
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ഷ്ദ്വീപ് ദല്ല പിടിയില്‍
ഒട്ടാവ: കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത അനുയായിയും കൊടും ക്രിമിനലുമായ ഹര്‍ഷ്ദ്വീപ് ദല്ല കാനഡയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസം മില്‍ട്ടണ്‍ ടൗണിലുണ്ടായ സായുധ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം. ദല്ലയുടെ അറസ്റ്റ് സംബന്ധിച്ച് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതേസമയം, സംഭവത്തില്‍ കാനഡ ഔദ്യോഗികമായ സ്ഥിരീകരണം നല്‍കുന്നില്ല.
ഇന്ത്യയില്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ദല്ല, ഭാര്യയ്‌ക്കൊപ്പം കാനഡയിലാണ് താമസിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഖലിസ്ഥാനി ടൈഗര്‍ ഫോഴ്‌സിന്റെ ആക്ടിങ് ചീഫായ ഹര്‍ഷ്ദ്വീപ് ദല്ലയെ, ഹര്‍ദീപ് സിങ് നിജ്ജറിന്റെ പിന്‍ഗാമിയായാണ് കണക്കാക്കുന്നത്.
ഒക്ടോബര്‍ 27, 28 തീയതികളില്‍ മില്‍ട്ടണ്‍ ടൗണില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തേ പിടികൂടിയിരുന്നുവെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
കാനഡയിലെ മിലിട്ടണ്‍ ടൗണില്‍ നടന്ന വെടിവെപ്പില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ദല്ല കനേഡിയന്‍ പൊലീസിന്റെ നിരീക്ഷണത്തിലായത്. മിലിട്ടണ്‍ ടൗണില്‍ നടന്ന ആക്രമണമാണ് അര്‍ഷദീപിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസം ആര്‍ഷ് ദല്ലയുടെ സംഘത്തിലെ രണ്ട് പേരെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്തിരുന്നു. സിഖ് ആക്ടിവിസ്റ്റായ ഗുര്‍പ്രീത് സിംഗ് ഹരി നാവുവിനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ വര്‍ഷം സെപ്റ്റംബറില്‍ പഞ്ചാബിലെ മോഗ ജില്ലയിലെ വസതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ബല്‍ജീന്ദര്‍ സിംഗ് ബല്ലിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ദല്ല ഏറ്റെടുത്തിരുന്നു. ബല്‍ജീന്ദര്‍ സിംഗ് ബല്ലി തന്റെ ഭാവി നശിപ്പിച്ചെന്നും ഗുണ്ടാസംഘങ്ങളുടെ ലോകത്തേക്ക് തന്നെ നിര്‍ബന്ധിതനാക്കിയെന്നും ദല്ല തന്റെ പോസ്റ്റില്‍ അവകാശപ്പെട്ടു. അമ്മയുടെ പോലീസ് കസ്റ്റഡിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്നും ഇത് പ്രതികാരം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചെന്നും ദല്ല വെളിപ്പെടുത്തിയിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഷ് ദല്ല, കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി കാനഡയിലെ തന്റെ കേന്ദ്രത്തില്‍ നിന്ന് പഞ്ചാബില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് വിവരം. മോഗ സ്വദേശിയായ ദല്ല പഞ്ചാബില്‍ ഒന്നിലധികം ആസൂത്രിത കൊലപാതകങ്ങളില്‍ പ്രതിയാണ്.
ദല്ലയുടെ അടുത്ത സഹായികളെ അറസ്റ്റ് ചെയ്യുകയും ഐഇഡികളും ഹാന്‍ഡ് ഗ്രനേഡുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തതോടെ പഞ്ചാബ് പോലീസ് ഇതിനകം തന്നെ ദല്ലയുടെ പിന്തുണയുള്ള നിരവധി മൊഡ്യൂളുകള്‍ തകര്‍ത്തിരുന്നു .
കാനഡയിലെ ഒരു ഹിന്ദു ക്ഷേത്രം ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദല്ലയുടെ അറസ്റ്റ്. നവംബര്‍ 3 ന് ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറില്‍ നടന്ന ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു.
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ 'സാധ്യത' പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരോപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
അതേ സമയം കാനഡയിലെ ഖാലിസ്ഥാനി പ്രതിഷേധങ്ങളുടെ മുഖ്യ സംഘാടകനായ ഇന്ദര്‍ജീത് ഗോസലിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി കനേഡിയന്‍ പൊലീസ് അറിയിച്ചു. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പീല്‍ റീജിയണല്‍ പൊലീസ് (പിആര്‍പി) അറിയിച്ചു.
സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് പന്നൂന്റ ലെഫ്റ്റനന്റ് ആയാണ് ഗോസല്‍ അറിയുന്നത്. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) നേതാവ് ഹര്‍ദീപ് സിംഗ് നജ്ജാറന്റെ സഹായി ആയിരുന്നു ഇയാള്‍. 2023 ജൂണ്‍ 18-ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ വെച്ച് നജ്ജാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഗോസല്‍ റഫറണ്ടത്തിന്റെ പ്രധാന കനേഡിയന്‍ സംഘാടകനായി ചുമതലയേല്‍ക്കുകയായിരുന്നു.
അടുത്തിടെയാണ് ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തിയത്. അവിടെ ഉണ്ടായിരുന്നവര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തില്‍ കാനഡയിലെ മന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങള്‍ക്കും അവരുടെ മതാചാരങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അനിത ആനന്ദ് പ്രതികരിച്ചത്. നേരത്തെ ഖലിസ്ഥാന്‍ സംഘടനയുടെ പ്രകടനത്തില്‍ കനേഡിയന്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ഈ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതായി കാനഡ പിന്നീട് വ്യക്തമാക്കിയിരുന്നു.
ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയ കേസില്‍ നവംബര്‍ എട്ടിന് ഗോസലിനെ അറസ്റ്റ് ചെയ്യുകയും പാധികളോടെ അദ്ദേഹത്തെ വിട്ടയക്കുക്കുകയും ചെയ്തതായി കനേഡിയന്‍ പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇയാളെ ബ്രാംപ്ടണിലെ ഒന്റോറിയോ കോടതിയില്‍ ഹാജരാക്കുമെന്നും പീല്‍ റീജിയന്‍ പൊലീസ് അറിയിച്ചു.