മെസി വരും... അര്‍ജന്റീന ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന് കായിക മന്ത്രി അബ്ദുള്‍ റഹ്‌മാന്‍; നൂറു കോടിയുടെ ഉത്തരവാദിത്തം വ്യാപാരി സമൂഹം ഏറ്റെടുക്കും; കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും മെസി പന്തു തട്ടുമോ? അര്‍ജന്റീനിയന്‍ ഫാന്‍സ് ആവേശത്തില്‍; മഞ്ഞപ്പടയുടെ ആരാധകര്‍ എന്തു ചെയ്യും?

Update: 2024-11-20 05:14 GMT

കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തുമെന്ന് അറിയിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും വരികയെന്നും അദ്ദേഹം അറിയിച്ചു. 2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. അതിനിടെ ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് അര്‍ജന്റീനയെന്ന മന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ബ്രസീല്‍ ഫാന്‍സിനേയും നിരാശയിലാക്കിയിട്ടുണ്ട്.

വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചര്‍ച്ച നടത്തി ഇവര്‍ ഒന്നിച്ച് ഈ മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരമെന്നും അദ്ദേഹം പറഞ്ഞു. നൂറു കോടി രൂപയാണ് മത്സരത്തിന് ചെലവ് വഹിക്കുന്നത്. അതുകൊണ്ടാണ് വ്യാപാരികളെ കൂട്ടു പിടിക്കുന്നത്.

ഒന്നരമാസത്തിനകം അര്‍ജന്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും സംയുക്തമായി ഒരു പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചത്. അര്‍ജന്റീന ടീം ആണ് തീയതി ഔദ്യോഗികമായി തീയതി പ്രഖ്യാപിക്കേണ്ടത്. കേരളത്തില്‍ എവിടെയെന്ന് അവര്‍ പരിശോധിക്കട്ടെ. 50,000 കാണികളെ ഉള്‍ക്കൊള്ളാനാകുന്ന സ്ഥലത്ത് വേണം മത്സരം നടത്താന്‍. രണ്ട് മത്സരങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷമാകും ടീമിന്റെ വരവ്.

മത്സരവേദിയും എതിര്‍ടീമിനെയും തീരുമാനിച്ചശേഷം തീയതി പിന്നീട് അറിയിക്കും. നേരത്തേ മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കാരണം ആ പദ്ധതി ഉപേക്ഷിച്ചു. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്നതിനാല്‍ കൊച്ചിയിലായിരിക്കും സാധ്യത. കൊച്ചിയിലും തിരുവനന്തപുരത്തും മത്സരം നടത്താനുള്ള സാധ്യതയുണ്ട്. കോഴിക്കോട്ടെ സ്‌റ്റേഡിയവും പരിഗണിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമായി മൂന്ന് മത്സരമെന്ന ആശയവും സര്‍ക്കാരിന്റെ മനസ്സിലുണ്ട്.

മത്സര വേദിയായി കൊച്ചിയെ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അടുത്ത വര്‍ഷം മത്സരം നടക്കുമെന്നും കായിക മന്ത്രി സ്ഥിരീകരിച്ചു. ഇന്ത്യയും അര്‍ജന്റീനയും തമ്മില്‍ റാങ്കിങ്ങിലുള്ള വ്യത്യാസം മുന്‍ നിര്‍ത്തി വിദേശ ടീമുമായായിരിക്കും അര്‍ജന്റീന മത്സരിക്കുക. 50,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്ഥലത്തായിരിക്കും മത്സരം.

സന്ദര്‍ശന ഫീസ് ഇനത്തില്‍ നല്‍കേണ്ട വന്‍ തുകയും സൗകര്യങ്ങളൊരുക്കാന്‍ വേണ്ടിവരുന്ന ഭീമമായ ചെലവും അടക്കമുള്ള കാരണങ്ങള്‍ നിരത്തി എഐഎഫ്എഫ് നേരത്തെ അര്‍ജന്റീനയെ ക്ഷണിക്കാന്‍ വിമുഖത കാണിച്ചിരുന്നത്. അതേസമയം, ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയെപ്പോലൊരു ടീം ഇന്ത്യന്‍ ടീമുമായി കളിച്ച് വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാന്‍ ദേശീയ ടീമിന്റെ ആത്മവിശ്വാസം തകരുമെന്ന വിലയിരുത്തലും എഐഎഫ്എഫ് നടത്തിയിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അര്‍ജന്റീന വന്നാല്‍, ഗേറ്റ് കലക്ഷനും ടിവി സംപ്രേഷണാവകാശവും പരസ്യ വരുമാനമായി ലഭിക്കുന്ന തുകയും എല്ലാം ചേര്‍ത്ത് ചെലവ് വരുതിയില്‍ നിര്‍ത്താമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍. ലോകകപ്പ് സമയത്തും മറ്റും കേരളത്തില്‍ നിന്നു ലഭിച്ച വലിയ തോതിലുള്ള പിന്തുണയും ഇവിടേക്കു ടീമിനെ അയയ്ക്കാന്‍ അര്‍ജന്റീനയിലെ ഫുട്‌ബോള്‍ അധികൃതരെ പ്രേരിപ്പിച്ച ഘടകമായിട്ടുണ്ട്. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാഡമികള്‍ സ്ഥാപിക്കുന്നതും പരിഗണനയിലാണ്.

കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ ഇതിനെ എങ്ങനെ കാണുമെന്നതും നിര്‍ണ്ണായകമാണ്. പിണറായി സര്‍ക്കാരിന് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകള്‍ തമ്മിലുള്ള തര്‍ക്കം എങ്ങനെ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്. അര്‍ജന്റീനിയന്‍ ടീമിനെ അവരും സ്വാഗതം ചെയ്താല്‍ അത് കേരളത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിനും പുതിയ തലം നല്‍കും.

Tags:    

Similar News