പരസ്യം ചെയ്തില്ല, അവകാശവാദം നടത്തിയില്ല, വിലക്ക് ഏര്‍പ്പെടുത്തിയില്ല; ആരുമറിയാതെ പ്രധാനപ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങളിലെല്ലാം സൗജന്യ വൈ ഫൈ; ജനമറിയുന്നത് ഉപയോഗിച്ചവര്‍ ട്വീറ്റ് ചെയ്തപ്പോള്‍; പ്രത്യേകം പണമടയ്ക്കാതെ തന്നെ ഏത് ക്ലാസ്സിലുള്ളവര്‍ക്കും ഉപയോഗിക്കാം
ജെ. ആര്‍. ഡി. ടാറ്റ എന്ന ഇന്ത്യന്‍ ബിസിനസ്സ് രംഗത്തെ അതികായന്‍ സ്ഥാപിച്ച എയര്‍ ഇന്ത്യ, രണ്ടു വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍, 2022 ജൂലായ് 27 ന് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അതൊരു ഘര്‍ വാപസിയായിരുന്നു. ദേശസാത്കരിച്ച്, അവസാനം വന്‍ കടക്കെണിയിലായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കുമ്പോള്‍ ടാറ്റാ ഗ്രൂപ്പിന് മനസ്സില്‍ ഉണ്ടായിരുന്നത് ബിസിനസ്സ് സാധ്യതകള്‍ മാത്രമല്ല, പരാജയം നേരിട്ട കുടുംബാംഗത്തെ, വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ഒരു ആഗ്രഹം കൂടിയായിരുന്നു.
ടാറ്റായുടെ കുടക്കീഴില്‍ ഏതായാലും മഹാരാജാവ് കൂടുതല്‍ ഉയരങ്ങളില്‍ പറക്കുകയാണിപ്പോള്‍. വികസനത്തിന്റെ മറ്റൊരു നാഴികക്കല്ല് കൂടി എയര്‍ ഇന്ത്യ പിന്നിടുമ്പോള്‍, ഇപ്പോള്‍ എയര്‍ബസ് എ 350, ബോയിംഗ് 787 -9എന്നീ വിമാനനങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കിയിരിക്കുകയാണ് എയര്‍ ഇന്ത്യ. എടുത്തു പറയേണ്ട മറ്റൊരു കാര്യം, ഈ സേവനം തികച്ചും സൗജന്യമാണ് എന്നുള്ളതാണ്. ഇതിനായി പ്രത്യേക ചാര്‍ജ്ജുകള്‍ നല്‍കാതെ, ഏത് ക്ലാസ്സിലും സഞ്ചരിക്കുന്നവര്‍ക്ക് ഈ വൈഫൈ സേവനം ഉപയോഗിക്കാവുന്നതാണ്.
ഏറ്റവും രസകരമായ കാര്യം, ഈ സൗജന്യ സേവനം നല്‍കുന്ന വിവരം വലിയ പരസ്യങ്ങളിലൂടെയോ, വാര്‍ത്താ കുറിപ്പുകളില്‍ കൂടിയോ കമ്പനി അറിയിച്ചില്ല എന്നതാണ്. വിമാനങ്ങളില്‍ യാത്ര ചെയ്ത്, വൈഫൈ ഉപയോഗിച്ചവരില്‍ ചിലര്‍ ചെയ്ത ട്വീറ്റുകളിലൂടേയാണ് പുറം ലോകം ഇക്കാര്യം അറിയുന്നത്. ടാറ്റയുടെ തന്നെ സ്ഥാപനമായ നെല്‍കോയും അതുപോലെ പാനാസോണിക് ഏവിയോണിക്സുമായി യോജിച്ചാണ് എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ വൈഫൈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ശരാശരി മൂന്ന് മുതല്‍ ആറ് വരെ എം ബി പി എസ് ആയിരിക്കും വിമാനത്തിനുള്ളിലെ വൈഫൈയുടെ വേഗത. ഒരേസമയം വിമാനത്തിനുള്ളില്‍ എത്രപേര്‍ വൈഫൈ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് നിങ്ങള്‍ക്ക് ലഭ്യമാകുന്ന വേഗത കൂടിയും കുറഞ്ഞുമിരിക്കും. ഇതുവരെ പല യാത്രക്കാരും ഈ പുതിയ സൗകര്യത്തെ കുറിച്ച് പോസിറ്റീവ് റീവ്യൂസ് ആണ് സമൂഹ മാധ്യമങ്ങളീല്‍ നല്‍കിയിരിക്കുന്നത്. വിസ്റ്റാര വിമാനങ്ങളിലും എയര്‍ ഇന്ത്യ ഇത് ലഭ്യമാക്കുന്നുണ്ട്.
ആറ് എയര്‍ബസ് എ 350 -900 വിമാനങ്ങള്‍, ഏഴ് ബോയിംഗ് 787 -9 ഡ്രീമ്ലൈനര്‍ വിമാനങ്ങള്‍, പത്ത് എയര്‍ബസ് എ 321 നിയോ വിമാനങ്ങള്‍ എന്നിവയില്‍ ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ എന്നത്‌പോലെ ആഭ്യന്തര സര്‍വ്വീസുകളിലും ഇത് ലഭ്യമാണ്.