അമേരിക്കയും ഇസ്രയേലും പണി കൊടുത്തു; ലോകം യുക്രെയിനിലും ഗസ്സയിലും ശ്രദ്ധിച്ചപ്പോള്‍ സിറിയയില്‍ അട്ടിമറി; യുഎസ് പിന്തുണയുള്ള വിമതര്‍ ഡെമാസ്‌ക്കസ് പിടിച്ചു; റഷ്യക്കും ഇറാനും വന്‍ തിരിച്ചടി; 'സിറിയയിലെ ക്രൂരന്‍' എന്ന് അറിയപ്പെട്ട പ്രസിഡന്റ് ബാഷര്‍ നാടുവിട്ടുവെന്ന് വാര്‍ത്തകള്‍
സിറിയയില്‍ അട്ടിമറി
അഞ്ചുലക്ഷത്തിലേറെ ആളുകള്‍ മരിച്ച ഒരു ആഭ്യന്തര യുദ്ധം. പലായനം ചെയ്യപ്പെട്ടത് 50 ലക്ഷത്തോളം പേര്‍. തകര്‍ന്ന നഗരങ്ങള്‍. മേല്‍ക്കൂരയില്ലാത്ത കെട്ടിടങ്ങള്‍. തകര്‍ന്ന കൃഷിയിടങ്ങള്‍. എവിടെയും ലാന്‍ഡ്മൈനുകള്‍. ഇതില്‍ കുടുങ്ങി അംഗപരിമിതരായ ആയിരക്കണക്കിന് കുട്ടികള്‍. ഭൂമിയില്‍ ഒരു നരകം ഉണ്ടെങ്കില്‍ അത് സിറിയയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത് അതുകൊണ്ടാണ്. സിറിയന്‍ ആഭ്യന്തര യുദ്ധത്തെ സമകാലിക ചരിത്രത്തിലെ ഏറ്റവും ഭീകര ദുരന്തങ്ങളില്‍ ഒന്നായിട്ടാണ്, യുഎന്‍ വിശേഷിപ്പിച്ചത്്. ഇതിനെല്ലാം പിന്നാലെ കഴിഞ്ഞ വര്‍ഷം കൂനില്‍മേല്‍ കുരുവെന്നപോലെ, സിറിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് വന്‍ ഭൂകമ്പമുണ്ടായി. ഇതിലും ആയിരങ്ങള്‍ മരിച്ചു. ഇതോടെ ശരിക്കും ഭൂമിയിലെ നരകം തന്നെയായി സിറിയ.
പക്ഷേ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി തുടരുന്ന ആഭ്യന്തര യുദ്ധം 2019 ഓടെ വലിയ രീതിയില്‍ കുറഞ്ഞിരുന്നു. റഷ്യയുടെ സഹായത്തോടെ ഐസിസിനെയും, മറ്റ് പലയിടങ്ങള്‍ പിടിച്ചെടുത്ത വിമതരെയെുമെല്ലാം ഒതുക്കാന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി സിറിയ താരതമ്യേന ശാന്തമാണ്. അതുകൊണ്ടുതന്നെ ലോകം ശ്രദ്ധിച്ചത് യുദ്ധം നടക്കുന്ന യുക്രെയിനിലേക്കും ഗസ്സയിലേക്കുമൊക്കെയാണ്.
പക്ഷേ വെറും ഒരാഴ്ച മുമ്പാണ്, നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിറിയയില്‍ വീണ്ടും യുദ്ധം തുടങ്ങിയത്. യുഎസ് പിന്തുണയുള്ള വിമതസേനകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ അവര്‍ സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലെപ്പോ പിടിച്ചെടുത്തു. പിന്നെ തുടര്‍ച്ചയായ മുന്നേറ്റം. നിരവധി ചെറുപട്ടണങ്ങള്‍ പിടിച്ചെടുത്ത അവര്‍ തലസ്ഥാനമായ ഡമാസ്‌കസിലെത്തി. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ വരുന്ന വിവരം വിമത സൈന്യം തലസ്ഥാനം പിടിച്ചുവെന്നും പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്തുവെന്നുമാണ്. പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ല.
റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യയ്ക്ക് ഇക്കുറി ബാഷര്‍ അല്‍ അസദിനെ രക്ഷിക്കാന്‍ കൂടുതല്‍ സൈന്യത്തെ അയയ്ക്കാനോ പ്രതിരോധിക്കാനോ സാധിച്ചില്ല. ബാഷര്‍ അല്‍ അസ്സാദ് കുടുംബത്തോടൊപ്പം റഷ്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വനിതയായ ജൊമാന കറാഷേയാണ്, വിമതരുടെ നേതാവ്. ഇവര്‍ പുതിയ പ്രസിഡന്റ് ആവുമെന്നും അഭ്യൂഹമുണ്ട്. ഈ വാര്‍ത്തയും സ്ഥിരീകരിച്ചിട്ടല്ല.
സിറിയയിലെ ക്രൂരന് പതനം?
ഇറാന്് ഒപ്പമെന്ന് കരുതുന്ന അസദിന്റെ പതനം കുറേക്കാലമായി അമേരിക്കയും ഇസ്രയേലും ആഗ്രഹിക്കുന്നതാണ്. സിറിയയുടെ പല ഭാഗങ്ങളും പിടിച്ചടക്കിയ ഐസിസിനെയൊക്കെ അടിച്ചൊതുക്കുന്നതില്‍ റഷ്യക്ക് ഒപ്പം ശക്തമായി പ്രവര്‍ത്തിച്ചയാളാണ് ബാഷര്‍ അല്‍ അസദ്. പക്ഷേ സ്വന്തം ജനതയായ കുര്‍ദുകള്‍ക്കുനേരെയും ആയാള്‍ ക്രൂരത കാട്ടി. സദ്ദാമിനെപ്പോലെ സ്വന്തം ജനതക്കുനേരെ രാസായുധങ്ങള്‍ ഉപയോഗിക്കാന്‍ പോലും അയാള്‍ക്ക് മടിയുണ്ടായിരുന്നില്ല.
നേരത്തെയൊക്കെ ബാഷറിനെ രക്ഷിച്ചത് റഷ്യയായിരുന്നു. ഇപ്പോള്‍ റഷ്യയുടെ ശ്രദ്ധ യുക്രെയിനില്‍ ആയതുകൊണ്ട് അവര്‍ക്ക് പഴയതുപോലെ ശൗര്യമില്ല. എനനിട്ടും ആലെപ്പോ വീണപ്പോള്‍ മുതല്‍ റഷ്യന്‍-സിറിയന്‍ പോര്‍വിമാനങ്ങള്‍ വിമതകേന്ദ്രങ്ങളില്‍ ബോംബു വര്‍ഷിക്കാന്‍ തുടങ്ങിയെങ്കിലും വിമതപോരാളികള്‍ തളരാതെ കുതിച്ചു. ഇതിനിടെ വിമതര്‍ക്ക് വേണ്ടി ഇസ്രായേലും കളത്തിലിറങ്ങി, ഹിസ്ബുള്ളയുടെ ഒരു പ്രധാന നേതാവിനെ സിറിയയില്‍ വെച്ച് വധിച്ചു. വിമതസേനകളെ സഹായിക്കാന്‍ യുക്രെയിന്റെ പരിശീലകര്‍ രംഗത്തിറങ്ങി എന്ന് രണ്ടു ദിവസം മുമ്പ് റഷ്യ ആരോപിച്ചിരുന്നു.
അതായത്, യുക്രെയിനെതിരായ യുദ്ധത്തില്‍ വലിയ മേല്‍ക്കൈ നേടിയ റഷ്യയെ കൂടുതല്‍ തളര്‍ത്തി അവരുടെ പട്ടാളത്തിന്റെ ദൗര്‍ബല്യം മുതലെടുക്കാന്‍ ഇസ്രായേലും മറ്റു പാശ്ചാത്യ ശക്തികളും അമേരിക്കയും തീരുമാനിച്ചതാണെന്ന് ന്യായമായും സംശയിക്കാം. വിമത സൈന്യങ്ങളുടെ കയ്യില്‍ ഇത്രയധികം കവചിത വാഹനങ്ങളും ടാങ്കുകളും മിസൈലുകളും പടക്കോപ്പുകളും സജ്ജീകരണങ്ങളും ഒക്കെ ഇത്ര പെട്ടെന്ന് എങ്ങനെയാണ് എത്തിച്ചേര്‍ന്നത് എന്നു മാത്രം ആലോചിച്ചാല്‍ മതി. ബാഷര്‍ ഇറാന്‍ അനുകൂല നിലപാടുകള്‍ എടുത്തതാണ് യുഎസിനെ ചൊടിപ്പിച്ചത്.
പിന്നില്‍ അമേരിക്കയും ഇസ്രയേലും?
സങ്കീര്‍ണ്ണമായ യുദ്ധമാണ് സിറിയയില്‍ നടക്കുന്നത്. ആര് ആരോടാണ് മുട്ടുന്നുതെന്ന് ഒരു പേപ്പറും ചാര്‍ട്ടും വെച്ച് വരച്ച് സൂക്ഷിക്കേണ്ട അവസ്ഥയാണ്. സിറിയയുടെ ഭൂരിഭാഗവും അധീനതയിലുള്ള പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് നയിക്കുന്ന ഔദ്യോഗിക ഭരണകൂടമാണ് ഒരു ഭാഗത്ത്. അദ്ദേഹത്തെ സഹായിക്കാന്‍ ഇറാനുണ്ട്, ഇറാന്റെ നിഴല്‍ സേനയായ ലബനോണിലെ ഹിസ്ബുള്ളയും ഇറാക്കിലെ വിമതരുമുണ്ട്. ഇതിനെല്ലാം പുറമേ റഷ്യയുണ്ട്. സിറിയയില്‍ റഷ്യയ്ക്ക് നിരവധി സൈനികത്താവളങ്ങളുണ്ട്, 70,000 വരുന്ന സൈനികരുണ്ട്. ഇതില്‍ പതിനായിരത്തിലധികം പേര്‍ റഷ്യന്‍ സ്‌പെഷല്‍ ഫോഴ്‌സ് എന്ന അതിവിദഗ്ധ പോരാളികളാണ്.
മറുഭാഗത്ത് വിമത സേനകളാണ്. അമേരിക്കയുടെയും തുര്‍ക്കിയുടെയും ചില ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയുള്ള സായുധസംഘങ്ങള്‍. ഇവരില്‍ പ്രധാനി ഹയാത്ത് തഹ്രീരി അല്‍ ഷാം (എച്ച്.ടി.എസ്) എന്ന സംഘമാണ്. മുമ്പ് അല്‍ ഖ്വയ്ദയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന അല്‍ നുസ്ര സഖ്യം പരിണമിച്ചതാണ് ഈ സൈന്യം. എച്ച്.ടി.എസ് പിന്നീട് അല്‍ ഖ്വയ്ദയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. അമേരിക്ക പിന്തുണയ്ക്കുന്നത് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്) എന്ന കുര്‍ദിഷ് പോരാളികളുടെ ഗ്രൂപ്പിനെയാണ്. ഭ ഐസിസിനെ ചെറുക്കാന്‍ ധീരമായി പൊരുതിയ ഗ്രൂപ്പാണിവര്‍. വടക്കന്‍ സിറിയയില്‍ സ്വന്തം താവളവുമുണ്ട് അമേരിക്കയ്ക്ക്. തുര്‍ക്കി പിന്തുണയ്ക്കുന്നത് ഫ്രീ സിറിയന്‍ ആര്‍മി എന്ന എഫ്.എസ്.എയെയും. തുര്‍ക്കിപ്പട്ടാളം ഐസിസിനെതിരെ മാത്രമല്ല, സിറിയയിലെ കുര്‍ദ് വംശജര്‍ക്കെതിരെയും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ടുണീഷ്യ, ഈജിപ്ത് സര്‍ക്കാരുകളെ കടപുഴക്കിയ 2011 -ലെ അറബ് വസന്തത്തില്‍ അസദ് നയിക്കുന്ന സിറിയന്‍ സര്‍ക്കാരും നിലംപതിക്കുമെന്ന് തോന്നിച്ചതാണ്. അതിനുള്ള പാശ്ചാത്യനീക്കങ്ങള്‍ തകൃതിയായി നടന്നെങ്കിലും ഫലിച്ചില്ല. ഇറാന്റെയും ഹിസ്ബുള്ളയുടെയും പിന്തുണയോടെ 2015 വരെ അസദ് പിടിച്ചു നിന്നു. ഏതുനിമിഷവും സര്‍ക്കാര്‍ വീഴും എന്നു തോന്നിയ സമയത്താണ് റഷ്യ ഇടപെട്ടത്. അതോടെ കളി മാറി. വിമതര്‍ അന്ന് ആലെപ്പോ നഗരം വരെ പിടിച്ചിരുന്നു. പക്ഷേ റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സൈന്യം പോരാടി അലപ്പോ നഗരം തിരിച്ചുപിടിച്ചു. റഷ്യന്‍ ആയുധങ്ങളും പോര്‍വിമാനങ്ങളും വിമതരെ തുരത്തിയോടിച്ചു. പതുക്കെ സിറിയന്‍ സര്‍ക്കാര്‍ ശക്തി വീണ്ടെടുത്തു. 2019-ല്‍ ഇരുകൂട്ടരും തമ്മില്‍ സന്ധി സ്ഥാപിച്ചു. താന്താങ്ങളുടെ മേഖലകളില്‍ നിയന്ത്രണവുമായി സര്‍ക്കാരും വിമതരും മുന്നോട്ടുപോയി. അങ്ങനെ ശാന്തമായി എന്ന് കരുതിയിടത്തുനിന്നാണ് പുതിയ പോരാട്ടം തുടങ്ങിയത്. ഇതോടെ ഒരാഴ്ചകം വീടുവിട്ട് ഓടേണ്ടി വന്നത് ഒന്നര ലക്ഷത്തോളം പേരാണ്!
ഇവിടെ അമേരിക്കയും റഷ്യയുമൊക്കെ ഇടപെടുന്നത് ജനാധിപത്യം സംരക്ഷിക്കാനും ഭീകരവാദികളെ തകര്‍ക്കാനുമാണ് എന്നൊക്കെ പറയുമെങ്കിലും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ചുളുവില്‍ സ്വന്തമാക്കുകയാണ് പ്രധാന ലക്ഷ്യം. 2018-ലെ കണക്കു പ്രകാരം സിറിയയ്ക്ക് 250 കോടി ബാരല്‍ എണ്ണയുടെ കരുതല്‍ ശേഖരം ഉണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും വിമത നിയന്ത്രിത മേഖലകളിലാണ്. ഇപ്പോള്‍ എണ്ണയ്ക്ക് ഇറാനെ ആശ്രയിക്കേണ്ടഅവസ്ഥയിലാണ് സിറിയ. ഐസിസിന്റെ മുഖ്യവരുമാനം എണ്ണ വില്‍പ്പനയായിരുന്നു. അവരുടെ പതനത്തിനു ശേഷം എണ്ണപ്പാടങ്ങള്‍ കുര്‍ദ് സേനയായ എസ്.ഡി.എഫിന്റെ കയ്യിലായി. ഒരു അമേരിക്കന്‍ കമ്പനി ഈ കുര്‍ദ് സേനയുമായി എണ്ണവില്‍പ്പനയ്ക്ക് കരാറുണ്ടാക്കി. ഫലത്തില്‍ അമേരിക്കയ്ക്ക് ചുളുവിലയ്ക്ക് എണ്ണ കിട്ടുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്രസഭയില്‍ സിറിയയിലെ യുദ്ധത്തിന്റെ പേരില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ശക്തമായി ഏറ്റുമുട്ടിയിരുന്നു. ഫലത്തില്‍ അമേരിക്ക- ഇസ്രയേല്‍ ഒരു ഭാഗത്തും, ഇറാന്‍- ഹിസ്ബുല്ല- റഷ്യ മറുഭാഗത്തുമായുള്ള യുദ്ധമാണ് സിറിയയില്‍ നടക്കുന്നത്. പക്ഷേ ബാഷര്‍ നാടുവിട്ടില്ലെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഡമാസ്‌ക്കസ് അടക്കം തിരിച്ചുപിടിക്കുമെന്നും ഒരു വിഭാഗം മാധ്യമങ്ങള്‍ പറയുന്നു.