ഇടുങ്ങിയ സ്ഥലങ്ങളിലുള്ള കിടപ്പുമുറികളിലേക്ക് കറന്റ് പോയപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി എത്തിച്ചു; ജീവനക്കാര്‍ വിശ്രമിക്കുന്നതിന് സമീപത്തുള്ള ജനറേറ്ററില്‍ നിന്നും കാര്‍ബണ്‍ മോണോക്‌സൈഡ് വമിച്ചു; വിഷവാതകം ശ്വസിച്ച് മരിച്ചത് 11 ഇന്ത്യാക്കാര്‍; ജോര്‍ജിയയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വന്‍ ദുരന്തം; ഗുഡൗരിയില്‍ സ്‌കീ റിസോര്‍ട്ടില്‍ മരിച്ചത് 12 പേര്‍
ന്യൂഡല്‍ഹി: ജോര്‍ജിയയില്‍ 11 ഇന്ത്യാക്കാര്‍ വിഷവാതകം ശ്വസിച്ചു മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ജോര്‍ജിയയിലെ ഗുഡൗരിയിലെ ഹോട്ടലിലാണ് ഇവരെ കണ്ടെത്തിയത്. തബ്ലസിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് എംബസി അറിയിച്ചു. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് എല്ലാ സഹായവും എംബസി വാഗ്ദാനം ചെയ്തു.
ഗുഡൗരിയിലെ സ്‌കീ റിസോര്‍ട്ടിലാണ് ദുരന്തമുണ്ടായത്. 12 പേരാണ് മരിച്ചത്. ഇതില്‍ പതിനൊന്ന് പേരും ഇന്ത്യാക്കാരാണ്. റിസോര്‍ട്ടിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിലാണ് അപകടമുണ്ടായത്. റസ്റ്റോറന്റിലെ രണ്ടാം നിലയിലുള്ള ക്വാര്‍ട്ടേഴ്‌സിലാണ് ദുരന്തം. മരിച്ചവരെല്ലാം ജീവനക്കാരാണെന്നാണ് സൂചന. അപകടമരണമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇവര്‍ കിടന്നിരുന്ന മുറിക്ക് അടുത്തുണ്ടായിരുന്ന ജനറേറ്ററില്‍ നിന്നും കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടായതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. ഇത് ശ്വസിച്ചവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിശദ അന്വേഷണം ഇക്കാര്യത്തില്‍ നടക്കും.
ജനറേറ്റര്‍ സ്ലീപ്പിംഗ് ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള പരിമിതമായ സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്, തലേദിവസം രാത്രി വൈദ്യുതി തടസ്സം ഉണ്ടായിരുന്നു. ഇതാണ് വിഷവാതകമുണ്ടാക്കുന്ന അവസ്ഥയുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. ഈ ദാരുണമായ സംഭവത്തിന് ചുറ്റുമുള്ള സാഹചര്യങ്ങള്‍ ഇപ്പോഴും അന്വേഷണത്തിലാണ്, മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധനയും നിരീക്ഷണവും തുടരുകയാണ്. നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ദുരന്തത്തില്‍ ഏതെങ്കിലും ക്രിമിനല്‍ അശ്രദ്ധയ്ക്ക് പങ്കുണ്ടോ എന്നതും അന്വേഷിക്കും.
ശനിയാഴ്ച ഗുഡൗരിയിലെ സ്‌കീ റിസോര്‍ട്ടിലെ ഇന്ത്യന്‍ റെസ്റ്റോറന്റിന് മുകളിലുള്ള താമസസ്ഥലത്താണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരകളായ 11 വിദേശികളും ഒരു ജോര്‍ജിയന്‍ പൗരനും റസ്റ്റോറന്റിലെ ജീവനക്കാരാണെന്ന് കരുതുന്നതായി ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രാഥമിക പരിശോധനയില്‍ മൃതദേഹങ്ങളില്‍ അക്രമത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്ന് വകുപ്പ് അറിയിച്ചു.
കിടപ്പുമുറികള്‍ക്ക് സമീപം അടച്ചിട്ട സ്ഥലത്ത് ഒരു ജനറേറ്റര്‍ കണ്ടെത്തിയതായും വെള്ളിയാഴ്ച കെട്ടിടത്തിന് വൈദ്യുതി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തലേദിവസം പ്രവര്‍ത്തനക്ഷമമാക്കിയിരിക്കാമെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതില്‍ നിന്നാവാം കാര്‍ബണ്‍ മോണോക്സൈഡ് വമിച്ചതെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മരണകാരണം കൃത്യമായി കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയിട്ടുണ്ട്. ''മരണത്തിന്റെ കൃത്യമായ കാരണം നിര്‍ണയിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ക്കും ഫോറന്‍സിക്, മെഡിക്കല്‍ വിശകലനത്തിനും ഉത്തരവിട്ടിട്ടുണ്ട്,'' ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടിലധികം പേര്‍ മരിച്ചാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമുദ്രനിരപ്പില്‍ നിന്ന് 2,200 മീറ്റര്‍ ഉയരത്തിലുള്ള ഗുഡൗരിയിലാണ് സംഭവം. ഭക്ഷണ ശാലയുടെ രണ്ടാം നിലയിലായിരുന്നു ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. ഇടുങ്ങിയ സ്ഥലങ്ങളിലുള്ള കിടപ്പുമുറികളിലേക്ക് വൈദ്യുതി പോയതിന് പിന്നാലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി എത്തിച്ചിരുന്നത്. ജീവനക്കാരുടെ വിശ്രമിക്കുന്ന ഭാഗത്തിന് സമീപത്തായാണ് ജനറേറ്ററും സ്ഥാപിച്ചിരുന്നത്. ജോര്‍ജിയയിലെ ഗ്രേറ്റര്‍ കോക്കസസ് പര്‍വതനിരയുടെ തെക്ക് അഭിമുഖമായി ജോര്‍ജിയന്‍ മിലിട്ടറി ഹൈവേയ്ക്ക് സമീപമാണ് ഗുഡൗരി സ്ഥിതി ചെയ്യുന്നത്.
നിശബ്ദ കൊലയാളി എന്ന് വിളിക്കപ്പോടുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമാണ്. ഇതിന് നിറമോ മണമോ ഇല്ല. ദീര്‍ഘനേരം ഇത് ശ്വസിക്കുന്നത് മനുഷ്യരുടെയും മൃഗങ്ങളുടെയും മരണത്തിലേക്കും നയിക്കും. ശ്വാസത്തിലൂടെ ശരീരത്തില്‍ പ്രവേശിച്ച് രക്തത്തില്‍ കലര്‍ന്ന് ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിന്‍ തന്മാത്രകളുമായി ബന്ധിപ്പിക്കുകയും ഓക്‌സിജനുമായി ബന്ധിപ്പിക്കുന്നത് തടയുകയും ചെയ്യുന്നു.