വാഹനാപകടത്തില്‍ നട്ടെല്ല് തകര്‍ന്നു; 32 വര്‍ഷമായി കമിഴ്ന്ന് കിടക്കുകയാണ് ഇഖ്ബാല്‍; ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമെല്ലാം കമിഴ്ന്ന് കിടന്ന്: വാഹനാപകടം ഇഖ്ബാലിന്റെ ജീവിതം തകര്‍ത്ത് 27-ാം വയസ്സില്‍

വാഹനാപകടത്തില്‍ നട്ടെല്ല് തകര്‍ന്നു; 32 വര്‍ഷമായി കമിഴ്ന്ന് കിടക്കുകയാണ് ഇഖ്ബാല്‍

Update: 2024-12-18 00:33 GMT

ആലപ്പുഴ: 32 വര്‍ഷമായി കമിഴ്ന്ന് കിടന്നാണ് ഇഖ്ബാലിന്റെ ജീവിതം. എഴുന്നേറ്റ് ഇരിക്കാനോ മലര്‍ന്ന് കിടക്കാനോ പോലും കഴിയില്ല. ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമെല്ലാം മലര്‍ന്ന് കിടന്നാണ്. ചാത്തനാട് താണുപറമ്പില്‍ മുഹമ്മദ് ഇഖ്ബാലാണ് കഴിഞ്ഞ 32 വര്‍ഷമായി നരകയാതന അനുഭവിക്കുന്നത്. 27-ാം വയസ്സില്‍ ഉണ്ടായ വാഹനാപകടമാണ് ഇഖ്ബാലിന്റെ ജീവിതം തകര്‍ത്തത്. അന്നു മുതല്‍ വീടിന്റെ മുറിയിലെ കട്ടിലാണ് ഇഖ്ബാലിന്റെ ജീവിതം.

1992 ഫെബ്രുവരി 21ന് തന്റെ 27-ാം വയസ്സിലായിരുന്നു ഇഖ്ബാലിന്റെ ജീവിതം തകര്‍ത്ത ആ അപകടം. നട്ടെല്ലിനേറ്റ പരുക്കുമൂലം അരയ്ക്കു താഴേക്കു തളര്‍ന്നു. അന്നുമുതല്‍ കമിഴ്ന്നു കിടന്നാണു ജീവിതം. ആലപ്പുഴയില്‍ ഇറച്ചിവെട്ടു ജോലിയായിരുന്നു ഇഖ്ബാലിന്. കന്നുകാലികളെ വാങ്ങാന്‍ പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നു ചാലക്കുടിയിലേക്കു പുറപ്പെട്ട മിനിലോറി ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇഖ്ബാല്‍ മാസങ്ങളോളം ആശുപത്രിയില്‍ കിടന്നു.

ആശുപത്രി വിട്ടിട്ടും ആ കിടപ്പില്‍നിന്ന് എണീറ്റില്ല. സ്ഥിരമായുള്ള കിടപ്പുമൂലം അരക്കെട്ടില്‍ രൂപപ്പെട്ട വ്രണങ്ങള്‍ ഭേദമായിട്ടില്ല. സ്ഥിരമായി കമിഴ്ന്നുകിടന്നു നട്ടെല്ലിനു വളവായി. കമഴ്ന്നു കിടന്നാണു ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമെല്ലാം. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സഹായം വേണം. ഇഖ്ബാലിനെ ആശ്രയിച്ച് ജീവിച്ച കുടുംബം ഇതോടെ പട്ടിണിയിലായി.

അപകടം നടക്കുന്ന സമയത്ത് ഇഖ്ബാലിന്റെ ഇളയകുട്ടിക്ക് ഒന്നര വയസ്സേ ആയിരുന്നുള്ളൂ; മൂത്തയാള്‍ക്ക് മൂന്നും. ഇഖ്ബാല്‍ കിടപ്പിലായതോടെ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. ആശുപത്രിവാസവും ചികിത്സയും സാമ്പത്തികമായി തകര്‍ത്തു. പലരുടെയും സഹായത്താലാണ് ചികിത്സയും ജീവിതവും മുന്നോട്ടുപോകുന്നത്. ഭാര്യ സൗദ സ്‌കൂളില്‍ പാചകത്തൊഴിലാളിയാണ്.

Tags:    

Similar News