വിമാനത്തിന്റെ ഇന്ധനസംഭരണ ഭാഗത്തും ടെയില്‍ ഭാഗത്തുമുള്ള ദ്വാരങ്ങള്‍ സംശയകരം; മിസൈലിന്റെ കൂര്‍ത്തഭാഗം കൊണ്ടതാവാമെന്ന് വിദഗ്ധര്‍; കസാഖ്സ്ഥാനില്‍ 38 പേരുടെ ജീവനെടുത്ത വിമാനാപകടത്തില്‍ ദുരൂഹതയേറ്റി ചിത്രങ്ങള്‍; റഷ്യ വെടിവെച്ചിട്ടതോ? മിസൈല്‍ പ്രതിരോധമെന്ന് സൂചനകള്‍
അസര്‍ബൈജാന്‍ വിമാനം വെടിവെച്ചിട്ടതോ? ദുരൂഹതയേറ്റി ചിത്രങ്ങള്‍
അസ്താന: കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വിമാനം അബദ്ധത്തില്‍ റഷ്യയോ യുക്രൈനോ വെടി വെച്ചിട്ടതാവാമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സര്‍ഫസ് ടു എയര്‍ മിസൈലോ വിമാനവേധ മിസൈലിന്റെയോ ആക്രമണത്തിലാവാം റഷ്യയിലേക്കുള്ള വിമാനം തകര്‍ന്നുവീണതെന്ന സാധ്യതയാണ് സൈനിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നത്. ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വെടിവെച്ചിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ക്രിസ്മസ് ദിനത്തിലാണ് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം കസാഖ്‌സ്താന് സമീപം തകര്‍ന്നുവീണത്. അസര്‍ബയ്ജാനിലെ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 67 പേരില്‍ 38 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 11, 16 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ 29 പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. വിമാനത്തിന്റെ ഇന്ധനസംഭരണ ഭാഗത്തും ടെയില്‍ ഭാഗത്തമുള്ള പാടുകളും കുഴികളും മിസൈലിന്റെ കൂര്‍ത്തഭാഗം കൊണ്ടതാവാമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സൈനിക വിഷയങ്ങള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലാഷ് റിപ്പോര്‍ട്ട് എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഴത്തിലും വീതിയിലുമുള്ള കുഴികളും പാടുകളും ദൃശ്യങ്ങളില്‍ കാണാം.
യുക്രൈന്‍ ഡ്രോണുകള്‍ സഞ്ചരിച്ച ആകാശപാതയിലൂടെയാണ് അസര്‍ബയ്ജാന്‍ വിമാനം പറന്നതെന്ന് സൂചനകളുണ്ട്. വിമാനത്തിന്റെ ലക്ഷ്യസ്ഥാനമായ റഷ്യയിലെ ഗ്രോന്‍സി യുക്രൈന്‍ നിരന്തരം ലക്ഷ്യംവെച്ച മേഖല കൂടിയാണ്. ഈ വര്‍ഷം മാത്രം മൂന്ന് ആക്രമണങ്ങള്‍ ഗ്രോന്‍സിയെ കേന്ദ്രമാക്കി യുക്രൈന്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ റഷ്യയുടെ പ്രതിരോധസംവിധാനങ്ങള്‍ ഈ മേഖലയിലും സജീവമാണ്. റഷ്യന്‍ മിലിട്ടറി വ്ലോഗറായ യൂറി പോഡോല്യാകയും വിമാനത്തിന് നേരെ നടന്നത് മിസൈല്‍ പ്രതിരോധമാണെന്ന സൂചനകള്‍ പങ്കുവെച്ചിട്ടുണ്ട്.
യുക്രേനിയന്‍ ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇത് തകര്‍ത്തതാകാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് പൈലറ്റ് അക്തുവില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റഷ്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗം അറിയിച്ചു.
അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. എന്നാല്‍, വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യതകളിലേയ്ക്കാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത്.
ക്രിസ്മസ് ദിനത്തിലായിരുന്നു അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണ് 38 പേര്‍ മരിച്ച സംഭവത്തിനു പിന്നില്‍ റഷ്യയുടെ മിസൈലുകളെന്നു സംശയം. കസഖ്സ്ഥാനിലെ അക്തൗവിനടുത്ത് തകര്‍ന്ന് വീണ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനത്തിലേക്കു റഷ്യയുടെ ഉപരിതല മിസൈലോ വിമാനവേധ മിസൈലോ അബദ്ധത്തില്‍ ഇടിച്ചിരിക്കാമെന്നാണ് സൂചനയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ദൃശ്യങ്ങളും പുറത്തുവന്നു.
വിമാനത്തിന്റെ പുറംഭാഗത്തുകണ്ട ദ്വാരങ്ങളും വാല്‍ ഭാഗത്തെ അടയാളങ്ങളും സംബന്ധിച്ച വിഡിയോ സഹിതമാണ് വ്യോമയാന വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ സംഭവത്തിനു പിന്നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണമാകാമെന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ബോഡിയില്‍ ഒന്നിലധികം വലിയ ദ്വാരങ്ങള്‍ ഉണ്ടെന്നും ഇതെല്ലാ വലിയ വീതിയുള്ളതുമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായും അന്വേഷണത്തിന്റെ ഭാഗമായി വോയ്സ് റെക്കോര്‍ഡറുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ പരിശോധിക്കുമെന്നും യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം യുക്രെയന്‍ ഡ്രോണ്‍ ആക്രമണം ശക്തമായ പ്രദേശത്തേക്കാണു പോയിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം മിസൈലുകളുടെ ആക്രമണത്തില്‍ തകര്‍ന്ന മറ്റ് സിവിലിയന്‍, സൈനിക വിമാനങ്ങളിലും സമാനമായ ദ്വാരങ്ങള്‍ കണ്ടിരുന്നതായും വിദഗ്ധര്‍ പറയുന്നു. ഗ്രോസ്‌നിയയെ യുക്രെയിന്‍ ഡ്രോണുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആക്രമിച്ചിരുന്നു, ഇതോടെ ഇവിടെ നിലയുറപ്പിച്ചിരുന്ന റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം, അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനത്തെ ഡ്രോണാണെന്നു തെറ്റിദ്ധരിച്ചു ഉന്നമിട്ടതാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ സംഭവത്തിന് പിന്നില്‍ മിസൈല്‍ ആക്രമണമാണെന്ന തരത്തിലുള്ള വാര്‍ത്തകളെ റഷ്യ അപലപിച്ചു. അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കണമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു. രാജ്യത്ത് ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് മുന്‍ സോവിയറ്റ് രാജ്യങ്ങളുടെ കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സിന്റെ (സിഐഎസ്) ഉച്ചകോടിയുടെ ഭാഗമായി നടത്തേണ്ടിയിരുന്ന റഷ്യന്‍ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തു.
ബകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 38പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട 29പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.