അള്ളാഹുവിനെ വിളിച്ച് കരഞ്ഞ് ഭാര്യയയെ വീഡിയോ കോള്‍ ചെയ്ത് വിടപറഞ്ഞ ആ യാത്രക്കാരന്‍ അഗ്‌നിബാധക്കിടയില്‍ നിന്ന് ജീവിതത്തിലേക്ക് ഓടി കയറി; അസര്‍ബൈജാന്‍ വിമാനാപകടത്തില്‍ വൈറലായ വീഡിയോ ചെയ്തയാള്‍ സുരക്ഷിതന്‍
അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം വെടിയേറ്റ് താഴേ വീഴുന്നതിന് മുന്‍പായി തന്റെ ഭാര്യയ്ക്ക് ഹൃദയഭേദകമായ സന്ദേശം വീഡിയോയില്‍ ചിത്രീകരിച്ച ഭര്‍ത്താവ് അദ്ഭുതകരമായി മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. വിമാനം തകര്‍ന്ന് വീണയിടത്ത് മുഖം മുഴുവന്‍ രക്തം പുരണ്ട് ഓടിനടക്കുന്ന സുബ്‌ഖോണ്‍ റാഖിമോവിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 38 പേര്‍ മരണമടഞ്ഞ അപകടത്തില്‍, തന്നെ രക്ഷപ്പെടുത്തിയ ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ അയാള്‍ വാനോളം പുകഴ്ത്തുന്നുമുണ്ട്.
വിമാനം കുത്തനെ താഴേക്ക് പതിക്കുകയാണെന്ന് മനസ്സിലായ ആ നിമിഷം തന്നെ റാഖിമോവ് തന്റെ ഭാര്യയ്ക്കായി ഒരു സന്ദേശം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. വിമാനം പലപ്പോഴായി താഴെ ഇറങ്ങാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാര്‍ ഒരു ഫലിയ സ്‌ഫോടനം ശ്രവിച്ചുവെന്നും അതില്‍ പറയുന്നു. വിമാനം തകരുന്നതിന് മുന്‍പുള്ള ഇയാളുടെ വീഡിയോയില്‍, ഓക്സിജന്‍ മാസ്‌കുകള്‍ തൂങ്ങിക്കിടക്കുന്നതും യാത്രക്കാര്‍ കരയുന്നതും പ്രാര്‍ത്ഥിക്കുന്നതും ഒക്കെ കാണാം
ഏറെ വൈകാതെ പശ്ചിമ കസഖ്സ്ഥാനിലെ അക്ടാവുവില്‍ വിമാനം പൊട്ടിത്തകരുകയായിരുന്നു. റഷ്യയുടെ ഒരു സര്‍ഫസ് ടു എയര്‍ മിസൈന്‍ ആണ് വിമാനത്തെ തകര്‍ത്തതെന്ന് അസര്‍ബൈജാന്‍ സര്‍ക്കാര്‍ ആരോപിക്കുന്നതിനിടെയാണ് റാഖിമോവിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ ലോകം അറിയുന്നതും. ഒരു പ്രാഥമിക അന്വേഷണഫലത്തെ അടിസ്ഥാനപ്പെടുത്തി യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് 8432 വിമാനത്തിനു നേരെ മിസൈല്‍ തൊടുത്തു വിടുകയായിരുന്നു എന്നാണ്. ചെന്‍ചെന്‍ തലസ്ഥാനമായ ഗ്രോസ്നിക്ക് മേല്‍ വെച്ചായിരുന്നു ആക്രമണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിയന്തിര ലാന്‍ഡിംഗിന് നിരവധി തവണ അഭ്യര്‍ത്ഥിച്ചെങ്കിലും ഒരു റഷ്യന്‍ വിമാനത്താവളത്തിലും വിമാനം ഇറങ്ങാനുള്ള അനുമതി നലികിയില്ലത്രെ. അതിനു പകരം, കസഖ്സ്ഥാനിലേക്ക് പറക്കാനായിരുന്നത്രെ നിര്‍ദ്ദേശിച്ചത്. അതിനു മുന്‍പായി ചെന്‍ചെനിയയിലെ നൗസ്‌കി ജില്ലയിലുള്ള പാന്റ്‌സിര്‍ - എസ് പ്രതിരോധ സംവിധാനഥ്റ്റില്‍ നിന്നും തൊടുത്തുവിട്ട മിസൈല്‍ ആണ് വിമാനത്തെ അപകടപ്പെടുത്തിയതെന്നും അസര്‍ബൈജാന്‍ സര്‍ക്കാര്‍ ആരോപിക്കുന്നു.
ജാമറുകള്‍ വിമാനത്തിന്റെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം പ്രവര്‍ത്തന രഹിതമാക്കിയതായും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം റഷ്യ ഇക്കാര്യത്തില്‍ നേരിട്ട് പ്രതികരിക്കാതെ, അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തു നില്‍ക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് മനപ്പൂര്‍വ്വമാണ് ചെയ്തതെന്ന് പറയുന്നില്ല എന്നാണ് അസര്‍ബൈജാന്‍ അന്വേഷണ സംഘത്തിലെ ഒരാള്‍ റോയിറ്റേഴ്സിനോട് പറയുന്നത്. തെറ്റ് പറ്റിയതാണെങ്കില്‍ അത് റഷ്യ സമ്മതിക്കുമെന്നാണ് കരുതുന്നതെന്നും അയാള്‍ പറഞ്ഞു.