'വിലകൂടിയ കാറുകള്‍ പ്രധാനമന്ത്രിയുടേതാണ്; എന്റേത് ഈ മാരുതിയാണ്'; പ്രധാനമന്ത്രിയുടെ കറുത്ത ബിഎംഡബ്ല്യുവിനേക്കാള്‍ സ്വന്തം മാരുതി 800നെ സ്നേഹിച്ച മന്‍മോഹന്‍ സിങ്; മുന്‍ പ്രധാനമന്ത്രിയുടെ ലാളിത്യം വിവരിച്ച് മുന്‍ അംഗരക്ഷകനായ അസിം അരുണ്‍
മന്‍മോഹന്‍ സിങിന്റെ ലാളിത്യം വിവരിച്ച് മുന്‍ അംഗരക്ഷകനായ അസിം അരുണ്‍
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന ലാളിത്യം വിവരിച്ച് അദ്ദേഹത്തിന്റെ എസ്.പി.ജി ഗ്രൂപ്പിന്റെ മുന്‍ തലവനും നിലവില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രിയും ബിജെപി നേതാവുമായ അസിം അരുണ്‍. പ്രധാനമന്ത്രിക്കായുള്ള വില കൂടിയ കാറുകളോട് മന്‍മോഹന്‍ സിങ്ങിന് ഇഷ്ടമുണ്ടായിരുന്നില്ലെന്നും തന്റെ മാരുതി 800നോടാണ് ഏറെ താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഉത്തര്‍പ്രദേശിലെ കനൗജ് സര്‍ദാറില്‍ നിന്നുള്ള എം.എല്‍.എയാണ് അസിം അരുണ്‍. 2004 മുതല്‍ മൂന്ന് വര്‍ഷക്കാലത്തേക്കാണ് താന്‍ മന്‍മോഹന്‍ സിങ്ങിന്റെ എസ്.പി.ജി സംഘത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനന്ത്രിയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ ലാളിത്യവും മാരുതി 800 കാറിനോടുള്ള അടുപ്പവും സ്നേഹപൂര്‍വ്വം അനുസ്മരിക്കുകയാണ് അസിം.
മന്‍മോഹന്‍ സിങ്ങിന്റെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ നയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ സമീപം താന്‍ എപ്പോഴും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന് ഒരു കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അത് അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെ അടയാളമായിരുന്നു. ഒരു മാരുതി 800 വാഹനമാണ് മുന്‍ പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നത്.
ആധുനിക ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശില്പിയെന്നറിപ്പെടുന്ന അന്തരിച്ച മുന്‍ പ്രധാനമന്ത്രിക്ക് ഒരേ ഒരു കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് അസിം അരുണ്‍ പറയുന്നത്. അത് മാരുതി 800 ആയിരുന്നുവെന്നും അതിനോട് അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പവും അസിം വിവരിക്കുന്നുണ്ട്. എക്സിലൂടെയാണ് യുപി മന്ത്രിയും മന്‍മോഹന്റെ മുന്‍ അംഗരക്ഷകനും കൂടിയായ അസിം അരുണിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ വസതിയിലെ ബി.എം.ഡബ്യുവിന് പിന്നിലായിട്ടായിരുന്നു മാരുതി 800 പാര്‍ക്ക് ചെയ്തിരുന്നത്. ബി.എം.ഡബ്യുവില്‍ യാത്ര ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് മന്‍മോഹന്‍ ഇടക്കിടെ പറയുമായിരുന്നു. എസ്.പി.ജിയുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ പേരിലാണ് ബി.എം.ഡബ്യു കാര്‍ മന്‍മോഹന്‍ സിങ് കൊണ്ടു നടന്നിരുന്നത്. എന്നാല്‍, മിഡില്‍ ക്ലാസിന്റെ പര്യായമായ മാരുതി 800 തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രിയവാഹനം.
'2004 മുതല്‍ ഏകദേശം മൂന്ന് വര്‍ഷത്തോളം ഞാന്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനായി സേവനമനുഷ്ഠിച്ചു. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് (എസ്പിജി) പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. ക്ലോസ് പ്രൊട്ടക്ഷന്‍ ടീമിനെ നയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ക്ലോസ് പ്രൊട്ടക്ഷന്‍ ടീമിന്റെ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയില്‍നിന്ന് ഒരിക്കലും വിട്ടുനില്‍ക്കാന്‍ എനിക്ക് ആകുമായിരുന്നില്ല. അദ്ദേഹത്തിന് ഒരു അംഗരക്ഷകനെ മാത്രമേ ആവശ്യമായ ഘട്ടം ഉണ്ടാകുന്നുള്ളൂവെങ്കില്‍, അത് ഞാനായിരിക്കും. ഒരു നിഴല്‍ പോലെ അദ്ദേഹത്തോടൊപ്പം നില്‍ക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്തം' അസിം അരുണ്‍ എക്സില്‍ കുറിച്ചു.
'പ്രധാനമന്ത്രിയുടെ വസതിയില്‍ തിളങ്ങുന്ന കറുത്ത ബിഎംഡബ്ല്യു കാറുകള്‍ക്ക് പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മാരുതി 800 എന്ന കാര്‍ മാത്രമാണ് ഡോ.സിങിന്റെ കൈവശമുണ്ടായിരുന്നത്. അദ്ദേഹം പലപ്പോഴും എന്നോട് പറയുമായിരുന്നു, അസിം ഈ കാറുകളില്‍ യാത്ര ചെയ്യാന്‍ എനിക്ക് ഇഷ്ടമല്ല. എന്റെ വാഹനം ഇതാണ് മാരുതി 800 ചൂണ്ടിക്കാട്ടി പറയും. അപ്പോള്‍ ഞാന്‍ വിശദീകരിക്കും. ഈ കാറുകള്‍ നിങ്ങളുടെ ആഡംബരത്തിനുള്ളതല്ല. എസ്പിജിക്ക് ആവശ്യമായ സുരക്ഷാ ഫീച്ചറുകളെല്ലാം ഈ കാറുകളിലാണെന്നും പറയും. എന്നിരുന്നാലും, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍നിന്ന് മാരുതി കാണുമ്പോഴെല്ലാം സാധാരണക്കാരനെ പരിപാലിക്കുന്ന ഒരു മധ്യവര്‍ഗക്കാരന്‍ എന്ന തന്റെ ഐഡന്റിറ്റി വീണ്ടും ഉറപ്പിക്കുന്നതുപോലെ അദ്ദേഹം അതിലേക്ക് ഉറ്റുനോക്കും. വിലകൂടിയ കാറുകള്‍ പ്രധാനമന്ത്രിയുടേതാണ്, എന്റേത് ഈ മാരുതിയാണ്' അസിം അരുണ്‍ തന്റെ ഓര്‍മ്മകുറിപ്പവസാനിപ്പിച്ചു.
മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ് ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1991 മുതല്‍ 1996 വരെ നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ് സാമ്പത്തിക ഉദാരീകരണം, സ്വകാര്യവത്കരണം തുടങ്ങിയ പരിഷ്‌കാരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പരമ്പരാഗത പാതയില്‍നിന്ന് വഴിമാറ്റിയത്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിപദം വഹിച്ച മന്‍മോഹന്‍ സിങ്, സിഖ് സമുദായത്തില്‍നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു.
ഡോ മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം നാളെ രാജ്ഘട്ടിന് സമീപം നടക്കും. എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും രാജ്ഘട്ടിലേക്ക് കൊണ്ട് പോകുക.