പഞ്ചാബില്‍ ആം ആദ്മി നേതാവിനെ കാറിലിട്ട് വെടിവെച്ചു കൊലപ്പെടുത്തി; കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ തുരുതുരാ തറച്ചുകയറിയത് അഞ്ച് വെടിയുണ്ടകള്‍; ലക്കി ഒബ്‌റോയിക്ക് ദാരുണാന്ത്യം; ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷം

Update: 2026-02-06 06:05 GMT

ചണ്ഡീഗഢ്: പഞ്ചാബിലെ ജലന്ധറില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് ലക്കി ഒബ്റോയിയെ അജ്ഞാതരായ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെ ജലന്ധറിലെ തിരക്കേറിയ മോഡല്‍ ടൗണ്‍ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മോഡല്‍ ടൗണിലെ ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയതായിരുന്നു ലക്കി ഒബ്റോയി. ഗുരുദ്വാരയ്ക്ക് പുറത്ത് തന്റെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ, ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘം ലക്കിക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ലക്കി ഒബ്റോയിയുടെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകളാണ് തറച്ചുകയറിയത്. രക്തത്തില്‍ കുളിച്ചുകിടന്ന ഇദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ അതിവേഗം രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകികളെ കണ്ടെത്താനുള്ള ഊര്‍ജിതമായ തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഗുരുദ്വാരയ്ക്ക് പുറത്ത് ഒബ്‌റോയിയ്ക്ക് നേരെ പലതവണ വെടിയുതിര്‍ത്തു. കാറിലിരുന്ന ഒബ്‌റോയിയുടം ശരീരത്തില്‍ അഞ്ച് ബുള്ളറ്റുകള്‍ തറച്ചുകയറി. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാഷ്ട്രീയ പശ്ചാത്തലം

കൊല്ലപ്പെട്ട ലക്കി ഒബ്റോയി മേഖലയിലെ സജീവ എഎപി പ്രവര്‍ത്തകനാണ്. ഇദ്ദേഹത്തിന്റെ ഭാര്യ അടുത്തിടെ നടന്ന നഗരസഭാ തിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടോ അതോ വ്യക്തിപരമായ കാരണങ്ങളാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

അന്വേഷണം ഊര്‍ജിതം

സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. സമീപകാലത്തായി പഞ്ചാബില്‍ വര്‍ദ്ധിച്ചുവരുന്ന വെടിവെപ്പ് കേസുകള്‍ പോലീസിനും സര്‍ക്കാരിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

പഞ്ചാബ് നിയമസഭാ പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ ഭരണത്തില്‍ പഞ്ചാബിലെ ക്രമസമാധാന നില തകര്‍ന്നടിഞ്ഞു എന്ന് ബജ്വ ആരോപിച്ചു. ഭരണകക്ഷിയുടെ നേതാക്കള്‍ പോലും സുരക്ഷിതരല്ലെങ്കില്‍ സാധാരണ പൗരന്മാര്‍ക്ക് എന്ത് പ്രതീക്ഷയാണുള്ളത്?', ബജ്വ എക്‌സില്‍ കുറിച്ചു. സംഭവത്തെത്തുടര്‍ന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പഞ്ചാബില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നു എന്ന് പ്രതികരിച്ചു. ലക്കി ഒബ്‌റോയിയുടെ ഭാര്യ എഎപി സ്ഥാനാര്‍ഥിയായി നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല.

Tags:    

Similar News