ഇന്‍സ്റ്റഗ്രാമില്‍ വെറും 12 ഫോളോവേഴ്സ് മാത്രമുള്ള പ്രശസ്ത കൊറിയന്‍ ബാന്‍ഡ് അംഗം; ജനുവരി ഒന്നിന് പരിചയപ്പെട്ട ആ കൊറിയന്‍ സുഹൃത്ത് 19-ാം തീയതി മരിക്കുന്നു; പിന്നാലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; വ്യാജ അക്കൗണ്ട് മരണക്കെണിയോ? ആ ഫോണ്‍ തുറക്കാതെ പോലീസ് ഒളിച്ചുകളിക്കുന്നത് ആര്‍ക്ക് വേണ്ടി? ഉത്തരം കിട്ടാതെ 16കാരിയുടെ ബന്ധുക്കളും സ്‌കൂള്‍ അധികൃതരും
കൊച്ചി: ചോറ്റാനിക്കരയിലെ 16കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കു പോയ പെണ്‍കുട്ടിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്റെയും രമ്യയുടെയും മകള്‍ ആദിത്യ(16)യാണ് മരിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും ഈ മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് മരിച്ചതെന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ കുറിപ്പ്. മരണം നടന്ന് ഒരാഴ്ചയ്ക്കു ശേഷവും കുട്ടിയുടെ ഫോണ്‍ തുറന്നു പരിശോധിക്കാന്‍ പൊലീസ് ശ്രമിച്ചിട്ടില്ല. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണോ എന്നാണ് ബലമായ സംശയം. അക്കൗണ്ടില്‍ ആകെ 12 ഫോളോവേഴ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അധ്യാപകര്‍ പറയുന്നു. കൊറിയന്‍ പ്രണയച്ചതിയില്‍ ഉള്‍പ്പെട്ട കൂടുതല്‍ കുട്ടികള്‍ ഉണ്ടോ എന്നതില്‍ അധ്യാപകര്‍ ആശങ്ക പ്രകടിപ്പിച്ചു.
ജനുവരി ഒന്നിന് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒരു കൊറിയന്‍ സുഹൃത്ത്. 19-ാം തീയതി അയാളുടെ മരണം. ഈ വിവരമറിഞ്ഞുള്ള മനോവിഷമമാണ് ആദിത്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യാ കുറിപ്പിലെ സൂചനകള്‍. എന്നാല്‍ ഈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വ്യാജമാണെന്നാണ് നിഗമനം.
ജനുവരി ഒന്നിന് പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് 19ാം തീയതി മരിച്ചുവെന്ന വിവരമറിഞ്ഞു. അതില്‍ വലിയ മനോവിഷമത്തിലാണ്. ആ സുഹൃത്തിനൊപ്പം താനും ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ഇംഗ്‌ളീഷിലും കൊറിയന്‍ ഭാഷയിലുമടക്കം പെണ്‍കുട്ടി തയ്യാറാക്കിയ രണ്ടരപ്പേജുള്ള ആത്മഹത്യാക്കുറിപ്പ് ബാഗില്‍നിന്ന് ചോറ്റാനിക്കര പൊലീസ് കണ്ടെടുത്തിരുന്നു. തന്നെ ഏറെ സ്‌നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിഷമമുണ്ടെന്നും എന്നാല്‍ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നത്. കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കൊറിയന്‍ ഭാഷ പൊലീസ് പരിഭാഷപ്പെടുത്തുകയാണ് ചെയ്തത്.സ്‌കൂളിലേക്കുപോയ പെണ്‍കുട്ടിയുടെ മൃതദേഹം ശാസ്താംമുകളിലെ കരിങ്കല്‍ ക്വാറിയില്‍ കണ്ടെത്തുകയായിരുന്നു. ക്വാറിയുടെ കരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്‌കൂള്‍ ബാഗ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. മാതാവ്: രമ്യ.
ആദിത്യ പിന്തുടര്‍ന്നിരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ആകെ 12 ഫോളോവേഴ്സ് മാത്രമാണുണ്ടായിരുന്നത്. ഒരു പ്രശസ്ത കൊറിയന്‍ ബാന്‍ഡ് അംഗത്തിന് ഇത്ര കുറഞ്ഞ ഫോളോവേഴ്സ് ഉണ്ടാകില്ലെന്നിരിക്കെ, ഇതൊരു വ്യാജ അക്കൗണ്ട് (Fake Profile) ആണെന്ന് അധ്യാപകരും പോലീസും സംശയിക്കുന്നു. 'കുട്ടികളെ ആകര്‍ഷിക്കാന്‍ കൊറിയന്‍ താരങ്ങളുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നില്‍ വലിയൊരു കെണിയുണ്ടാകാം,' എന്ന് അധ്യാപകര്‍ ഭയപ്പെടുന്നു.
