അഞ്ച് ദിവസം ഓഫീസില്‍ ഹാജരായാലും അഞ്ച് ലക്ഷം ശമ്പളം കിട്ടുന്ന ഭാഗ്യവാന്‍; കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സെക്രട്ടറിയേറ്റില്‍ പത്ത് ദിവസം ഹാജര്‍ തികച്ചത് എട്ട് മാസം മാത്രം; കോളം നിറയ്ക്കുന്നത് 'അദര്‍ ഡ്യൂട്ടി'യുടെ പേരില്‍; അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ഹാജര്‍ നില അമ്പരപ്പിക്കുന്നത്

അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ഹാജര്‍ നില അമ്പരപ്പിക്കുന്നത്

Update: 2024-12-28 10:24 GMT

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ അറ്റന്‍ഡന്‍സ് രേഖകളില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ഐഎഎസ് ജോലിക്ക് ഹാജരായത് 190 ദിവസങ്ങളില്‍ മാത്രം. മിക്ക മാസങ്ങളിലും നാലും അഞ്ചും ആറും ഏഴും ദിവസങ്ങളിലെ ഹാജര്‍ മാത്രമാണ് ജയതിലകിനുള്ളത്. പത്ത് അറ്റന്‍ഡന്‍സുകള്‍ തികഞ്ഞ മാസങ്ങള്‍ എട്ട് എണ്ണം മാത്രമാണ്. നിയമസഭ ചേരുന്ന മാസങ്ങളിലാണ് ഇത്. പരിശോധിച്ച 23 മാസത്തില്‍ 18 മാസവും പത്തോ അതില്‍ താഴെയോ ഹാജര്‍ മാത്രമുള്ള ഡോ. ജയതിലക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി എല്ലാ മാസവും കൈപ്പറ്റുന്നത് അഞ്ച് ലക്ഷം രൂപയ്ക്ക് മേലെ വരും.

ഡോ. ജയതിലകിന്റെ 2023 ജനുവരി മുതല്‍ കഴിഞ്ഞ മാസം, അതായത് നവമ്പര്‍ 2024 വരെയുള്ള ഹാജര്‍ നില ആരെയും അമ്പരപ്പിക്കും. സെക്രട്ടറിയേറ്റിലെ SPARK സംവിധാനത്തില്‍ നിന്ന് വിവരാവകാശ പ്രകാരം ലഭ്യമായ, ആധികാരികമായ കണക്കുകളാണിത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വെറും അഞ്ച് മാസം മാത്രമാണ് ഡോ. ജയതിലക് 10 ദിവസം ഹാജര്‍ തികച്ചത്. നിയമസഭ കൂടിയ ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലാണ് പരമാവധി ഹാജര്‍. അതും 13, 15 ദിവസങ്ങള്‍ മാത്രം.

ചീഫ് സെക്രട്ടറി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോക്ടര്‍ എ. ജയതിലക്. സെക്രട്ടറിയേറ്റിലെത്തി വകുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഈ ഉദ്യോഗസ്ഥന്റെ ഹാജര്‍ നില ആരെയും അമ്പരപ്പിക്കുന്നതാണ്. ഐഎഎസ് ചേരിപ്പോര് മൂര്‍ച്ഛിക്കുന്നതിനിടെയാണ് ജയതിലകിന്റെ അറ്റന്‍ഡന്‍സ് രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.

സെക്രട്ടറിയേറ്റിന് പുറത്ത് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് രേഖപ്പെടുത്താനധികാരമുള്ള അദര്‍ ഡ്യൂട്ടി എന്ന ഒ ഡി ആണ് എല്ലാ മാസവും ജയതിലക് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ കമ്മിറ്റികളില്‍ നിന്ന് പോലും അവസാന നിമിഷം മാറി നില്‍ക്കുന്നതായി എന്‍ പ്രശാന്ത് ഐഎഎസ് ഫയലില്‍ കുറിച്ചിരുന്നു. ധനകാര്യ വകുപ്പിന്റെ സെക്രട്ടറികൂടിയാണ് ജയതിലക്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എട്ട് മാസം മാത്രമാണ് ജയതിലക് പത്ത് ദിവസം ഹാജര്‍ തികച്ചത്. 2023 ജനുവരിയില്‍ ആറ് ദിവസമാണ് ഹാജരായത്. ഫെബ്രുവരിയില്‍ പത്ത്, മാര്‍ച്ചില്‍ അഞ്ച്, ഏപ്രിലില്‍ അഞ്ച്, മെയിലും ജൂണിലും ആറ് ദിവസം വീതം. 2023 ല്‍ 10 ദിവസം ഹാജര്‍ തികച്ചത് രണ്ട് മാസം മാത്രം.

ഇനി 2024ലേക്ക് വന്നാല്‍ ജനുവരിയില്‍ ഒമ്പത്. ഫെബ്രുവരിയില്‍ ആറ്, മാര്‍ച്ചില്‍ 10,ഏപ്രിലില്‍ ആറ്...ഇങ്ങനെ പോകുന്നു...2023 ഏറ്റവും കുറവ് ദിവസം ഹാജരായത് ഡിസംബറില്‍ നാല് ദിവസം. ഈ വര്‍ഷം ഇതുവരെ 10 ദിവസം ഹാജര്‍ പൂര്‍ത്തിയാക്കിയത് ആറ് മാസം മാത്രം. ഏറ്റവും കൂടുതല്‍ ഹാജര്‍ ഉള്ള മാസം ജൂലൈയില്‍ 15 ദിവസം. സെക്രട്ടറിയേറ്റിലെ സ്പാര്‍ക്ക് സംവിധാനത്തില്‍ നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണ് ഈ അമ്പരിപ്പിക്കുന്ന കണക്കുള്ളത്.

അദര്‍ ഡ്യൂട്ടി എന്ന പേരിലാണ് ജോലിക്ക് ഹാജരാകാത്ത ദിവസങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സെക്രട്ടറിയേറ്റിലെ ചുമതലകള്‍ക്ക് പുറമെ മറ്റെന്തെങ്കിലും ചുമതലകള്‍ ഉള്ളവര്‍ക്ക് മാത്രമേ അദര്‍ ഡ്യൂട്ടി രേഖപ്പെടുത്താന്‍ അവകാശമുള്ളു. സെക്രട്ടറിയേറ്റിന് പുറത്ത് അധിക ചുമതലകള്‍ ഒന്നുമില്ലാത്ത ജയതിലക് അദര്‍ ഡ്യൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത് അനധികൃതമായിട്ടാണെന്നാണ് വിവരം. ഇദ്ദേഹം നിയമസഭ കമ്മിറ്റികളില്‍ പോലും കൃത്യമായി പങ്കെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ചുരുക്കത്തില്‍ ജോലിക്ക് ഹാജരാകാതെ അനധികൃതമായി അദര്‍ ഡ്യൂട്ടി കാണിച്ച് ജയതിലക് മാസം സര്‍ക്കാരില്‍ നിന്ന് ശമ്പള ഇനത്തില്‍ കൈപ്പറ്റുന്നത് അഞ്ച് ലക്ഷത്തോളം രൂപയാണ്.

മാസത്തില്‍ അഞ്ച് ദിവസം ഓഫീസില്‍ ഹാജരായാല്‍ അഞ്ച് ലക്ഷം ശമ്പളം കിട്ടുന്ന വിദ്യ എങ്ങനെയെന്നല്ലേ?

സെക്രട്ടേറിയറ്റിലെ ചുമതലകള്‍ കൂടാതെ മറ്റേതെങ്കിലും അധിക ചുമതല ഉള്ളവര്‍ക്ക് മുഴുവന്‍ സമയവും സെക്രട്ടേറിയറ്റില്‍ ഉണ്ടാവാന്‍ സാധിക്കില്ല. അവര്‍ക്ക് OTHER DUTY രേഖപ്പെടുത്താന്‍ സംവിധാനമുണ്ട്. എന്നാല്‍, അധിക ചുമതലകള്‍ ഒന്നും ഇല്ലാത്ത ഇദ്ദേഹം സെക്രട്ടേറിയറ്റില്‍ ജോലിക്ക് ഹാജരാവാതെ ശമ്പളം കൈപ്പറ്റാന്‍ വ്യാജമായി OTHER DUTY രേഖപ്പെടുത്തിയതായി രേഖകള്‍ കാണിക്കുന്നു. ഈ കാലയളവില്‍ ഡോ. ജയതിലകിന് സെക്രട്ടേറിയറ്റിന്റെ പുറത്ത് മറ്റ് ചുമതലകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളില്‍ നിന്ന് തന്നെ വ്യക്തമാണ്.

ഡോ. ജയതിലക് ഫയലുകള്‍ പരിശോധിക്കാറില്ലെന്നും മിക്ക ദിവസങ്ങളിലും ഓഫീസില്‍ ഉണ്ടാവാറില്ലെന്നും പരക്കേ ആക്ഷേപം ഉള്ളതാണ്. മൂന്നാര്‍, വയനാട്, എറണാകുളം ഭാഗത്താണ് കൂടുതല്‍ സമയവും യാത്ര ചെയ്തിരുന്നതെന്ന് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറയുന്നു. ജയതിലകിന്റെ ഔദ്യോഗിക യാത്ര സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിവരാവകാശപ്രകാരം മറുപടി നല്‍കിയിട്ടില്ല.

6, 5, 5, 6, 6, 7, 5, 5, 7, 4, 9, 6, 6, 9, 7 എന്നിങ്ങനെയാണ് ജയതിലക് ഓഫീസില്‍ ഹാജരാകുന്ന ദിവസങ്ങളുടെ എണ്ണം. ഡോ. ജയതിലകിന്റെ 2023 ജനുവരി മുതല്‍ കഴിഞ്ഞ മാസം, അതായത് നവംബര്‍ 2024 വരെയുള്ള ഹാജര്‍ നില ആരെയും അമ്പരപ്പിക്കും. ഡോ. ജയതിലക് നിയമസഭ കമ്മിറ്റി മീറ്റിങ്ങുകളില്‍ പോലും ഹാജരാവാതെ, അവസാന നിമിഷം കീഴുദ്യോഗസ്ഥരോട് പങ്കെടുക്കാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എന്‍.പ്രശാന്ത് ഐഎഎസ് ഫയലില്‍ എഴുതിയിരുന്നു. ഇതേ തുടര്‍ന്ന് പ്രശാന്ത് കൃഷി വകുപ്പിലേക്ക് മാറുകയും ചെയ്തു.

ജയതിലക് ഐഎഎസിന്റെ ഹാജര്‍ നില ഇങ്ങനെ




 


Tags:    

Similar News