പാക്ക് വ്യോമക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി അഫ്ഗാനിസ്ഥാന്‍; 'ഡ്യൂറന്‍ഡ്' ലൈന്‍ മറികടന്ന് രണ്ട് സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തു; 19 പാക്ക് സൈനികരെ കൊലപ്പെടുത്തി; മറ്റ് സൈനിക പോസ്റ്റുകളും ഒളിത്താവളങ്ങളും ലക്ഷ്യമിട്ട് ആക്രമണം; അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യം

പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം

Update: 2024-12-28 15:22 GMT

കാബൂള്‍: ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ വ്യോമാക്രമണത്തിന് പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകളടക്കം പിടിച്ചെടുത്ത് ശക്തമായ തിരിച്ചടിച്ച് അഫ്ഗാനിസ്ഥാന്‍. ആക്രമണത്തില്‍ 19 പാകിസ്താന്‍ പട്ടാളക്കാരെ വധിച്ചു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വരും മണിക്കൂറില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ പാകിസ്ഥാന്റെ ഭാഗത്ത് സംഭവിക്കുമെന്നാണ് താലിബാന്‍ അധികൃതര്‍ പ്രതികരിച്ചത്. പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

രണ്ട് സൈനിക പോസ്റ്റുകളാണ് അഫ്ഗാന്‍ പിടിച്ചെടുത്തത്. പാകിസ്ഥാന്റെ മറ്റ് സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാന്‍ ആക്രമണം തുടരുകയാണ്. പാകിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങളും അഫ്ഗാന്‍ സൈന്യം ലക്ഷ്യമിടുന്നുണ്ട്. തെക്ക് കിഴക്കന്‍ മേഖലയിലാണ് അഫ്ഗാന്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.

അഫ്ഗാന്റെ ആക്രമണത്തില്‍ ഒന്‍പതോളം പാക് പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് താലിബാന്‍ ആക്രമണം. 15,000 സൈനികരാണ് പാകിസ്ഥാനെതിരെ ആക്രമണം നടത്തുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതില്‍ 46 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടി എന്ന നിലയ്ക്കാണ പ്രത്യാക്രമണം. സംഭവത്തിന് പിന്നാലെ അഫ്ഗാന്‍ സൈന്യം പാകിസ്താന്‍ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രി അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന് താലിബാന്‍ പ്രതികരിച്ചു. ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന 'ഡ്യൂറന്‍ഡ്' ലൈനിനപ്പുറത്ത് നിരവധി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അഫ്ഗാനിസ്ഥാന്‍ പ്രതിരോധവകുപ്പ് ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ സംഘടിതവും ആസൂത്രിതവുമായ ആക്രമണങ്ങള്‍ നടത്തുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇത്തരം ദുഷ്ടശക്തികളുടെ താവളങ്ങളും ലക്ഷ്യമിട്ടെന്നും ട്വീറ്റില്‍ പറയുന്നു.

'ഡ്യൂറന്‍ഡ്' ലൈന്‍ അതിര്‍ത്തിയായി അഫ്ഗാനിസ്ഥാന്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ പാക്കിസ്ഥാനിലാണ് ആക്രമണം നടത്തിയതെന്ന് അവര്‍ നേരിട്ട് പറയുന്നില്ല. ഡ്യൂറന്‍ഡ് ലൈനിന് അപ്പുറമുള്ള പല പ്രദേശങ്ങളും തങ്ങളുടേതാണെന്നാണ് അഫ്ഗാന്റെ നിലപാട്. ഈ മേഖലകളിലാണ് ഇന്ന് തിരിച്ചടി ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് പാക് വ്യോമസേന അഫ്ഗാനിസ്ഥാനിലുള്ള തെഹ്‌രികെ താലിബാന്‍ പാക്കിസ്ഥാന്റെ (ടിടിപി) കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. സൗത്ത് വസീരിസ്ഥാന്‍ അടക്കമുള്ള പാക് പ്രദേശങ്ങളില്‍ ടിടിപി ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലായിരുന്നു വ്യോമാക്രമണം.

ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് പാക് വ്യോമസേന അഫ്ഗാനിസ്ഥാനില്‍ നേരിട്ട് ആക്രമണം നടത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കം 46 സാധാരണക്കാര്‍ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് താലിബാന്‍ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ പാക് പ്രത്യേക പ്രതിനിധി മുഹമ്മദ് സാദി കാബൂളിലെത്തി താലിബാന്‍ നേതാക്കളെ കണ്ടുമടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു പാക് ആക്രമണം. ഇതോടെ പാക്കിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായി. ആറായിരത്തോളം ടിടിപി ഭീകരര്‍ക്ക് താലിബാന്‍ അഫ്ഗാനില്‍ അഭയം നല്‍കിയിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.

ഖോസ്ത് പ്രവിശ്യയിലെ അലി ഷിര്‍ ജില്ലയില്‍ അഫ്ഗാന്‍ അതിര്‍ത്തി സേന നിരവധി ബോംബാക്രമണങ്ങള്‍ നടത്തി. താലിബാന്റെ തിരിച്ചടിയില്‍ 19 പാക് സൈനികര്‍ കൊല്ലപ്പെട്ടു. കൂടാതെ മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ ഖോസ്ത്, പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രവിശ്യകളിലാണ് സംഘര്‍ഷം നടക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരമേറ്റതിന് ശേഷം പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതായി പാകിസ്ഥാന്‍ നിരന്തരം ആരോപിച്ചിരുന്നു. ഇതുമൂലം ടിടിപി ശക്തിപ്രാപിച്ചതായി പാകിസ്ഥാന്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. ടിടിപിയുടെ സഹോദര സംഘടന കാബൂളില്‍ ചെയ്തതുപോലെ പാകിസ്ഥാനില്‍ ഇസ്ലാമിക് എമിറേറ്റ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ആരോപണം.

ഇസ്ലാമാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022-നെ അപേക്ഷിച്ച് 2023-ല്‍ പാകിസ്ഥാനിലെ ഭീകരാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 56 ശതമാനം വര്‍ധിച്ചു. 500 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1,500-ലധികം പേര്‍ കൊല്ലപ്പെട്ടു. കാബൂള്‍ ഭരണകൂടം അതിര്‍ത്തി കടന്നുള്ള ഭീകരതയാണെന്ന് ഇസ്ലാമാബാദ് ആരോപിച്ചതോടെയാണ് അഫ്ഗാന്‍ താലിബാനും പാകിസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.

അഫ്ഗാനിസ്ഥാനില്‍ പാകിസ്താന്റെ വ്യോമസേന നടത്തിയ കനത്ത ആക്രമണങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം താലിബാന്‍ സേന തിരിച്ചടിച്ചതായും ''നിരവധി പോയിന്റുകള്‍'' ലക്ഷ്യം വച്ചതായും അഫ്ഗാനിസ്താന്റെ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പാകിസ്താനില്‍ ആക്രമണം നടത്തിയതായി പേരെടുത്ത് വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ ആക്രമണങ്ങള്‍ ''സാങ്കല്‍പ്പിക രേഖയ്ക്ക്'' അപ്പുറത്താണ് നടന്നതെന്ന് അവര്‍ പറഞ്ഞു . പാകിസ്താനുമായുള്ള അതിര്‍ത്തിയെ പരാമര്‍ശിക്കാന്‍ അഫ്ഗാന്‍ അധികാരികള്‍ ഉപയോഗിച്ച പ്രയോഗമാണ് സാങ്കല്‍പ്പിക രേഖ എന്നത്.

നിങ്ങള്‍ പ്രസ്താവനയില്‍ പാകിസ്താനെയാണോ പരാമര്‍ശിക്കുന്നത് എന്ന ചോദ്യത്തിന്, ''ഞങ്ങള്‍ ഇത് പാകിസ്താന്റെ പ്രദേശമായി കണക്കാക്കുന്നില്ല, അതിനാല്‍, ഞങ്ങള്‍ക്ക് പ്രദേശം സ്ഥിരീകരിക്കാന്‍ കഴിയില്ല, പക്ഷേ അത് സാങ്കല്‍പ്പിക രേഖയുടെ മറുവശത്തായിരുന്നു.'' എന്ന് മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൊവാരസ്മി മറുപടിപറഞ്ഞു.

ഇന്നത്തെ അഫ്ഗാനിസ്ഥാനും പാകിസ്താനും ഇടയിലായി 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് അധികാരികള്‍ വരച്ച ഡ്യൂറന്‍ഡ് ലൈന്‍ എന്നറിയപ്പെടുന്ന സാങ്കല്പിക രേഖയാണ് അതിര്‍ത്തി. ഈ രേഖയെ അഫ്ഗാനിസ്താന്‍ പതിറ്റാണ്ടുകളായി നിരസിച്ചു പോരുന്നു. സംഭവ വികാസങ്ങളോട് പാകിസ്താന്‍ സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗവും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവും പ്രതികരിച്ചില്ല.

Tags:    

Similar News