ദക്ഷിണ കൊറിയന്‍ ആകാശ പരിധിയില്‍ കത്തിയമര്‍ന്ന വിമാനത്തിലെ 179 പേരും മരിച്ചിരിക്കാനാണ് സാധ്യതയെന്ന് കൊറിയന്‍ ഹെറാള്‍ഡ്; രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തി; അട്ടിമറിയില്‍ വ്യക്തത വരണമെങ്കില്‍ ബ്ലാക് ബോക്‌സ് പരിശോധന അനിവാര്യം; ജെജു എയര്‍ വിമാനത്തെ തീ ഗോളമാക്കിയത് ലാന്‍ഡിങ് ഗിയര്‍ തകരാര്‍

Update: 2024-12-29 04:30 GMT

സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ഇതുവരെ 85 പേരുടെ മരണം സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ രക്ഷപ്പെടൂവെന്നാണ് ഉയരുന്ന നിഗമനം. ഇന്ത്യാക്കാര്‍ ആരും ആ വിമാനത്തിലുണ്ടായിരുന്നില്ല.

179 പേര്‍ മരിച്ചുവെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തു. ബാക്കി എല്ലാവരും കൊല്ലപ്പെട്ടുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കൊറിയന്‍ ഹെറാള്‍ഡാണ് മരണം 179 ആയേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തി. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ലാന്‍ഡിങ്ങിന് പ്രശ്നം സൃഷ്ടിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദൃശ്യങ്ങള്‍ നല്‍കുന്ന സൂചനകള്‍ വിരല്‍ചൂണ്ടുന്നതും ലാന്‍ഡിങ് ഗിയര്‍ തകരാറിലേക്കാണ്. പക്ഷി ഇടിച്ചാണ് അപകടമെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ ദക്ഷിണ കൊറിയ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ദക്ഷിണ കൊറിയയുടെ ആകാശ പരിധിയിലേക്ക് കടക്കും വരെ വിമാനത്തില്‍ നിന്നും അപകട സൂചനകള്‍ കിട്ടിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ അട്ടിമറി ശ്രമം തിരിച്ചറിയാന്‍ വിശദ അന്വേഷണം അനിവാര്യതയാണ്.

വിമാനത്തിന്റെ ബ്ലാക് ബോക്‌സിലെ വിവരങ്ങള്‍ അപകട കാരണം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമുള്ള ഒന്നായി മാറും. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രങ്ങളിലും വീഡിയോകളിലും കാണുന്നത് പ്രകാരം വിമാനം ലാന്‍ഡിംഗിനിടെ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായ പുകയും തീയും ഉയര്‍ന്നതോടെ വിമാനത്തെ അഗ്നി ഗോളം വിഴുങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു വിമാന ദുരന്തം ലോകത്തെ നടുക്കിയിരുന്നു. അന്ന് 38 പേരാണ് കൊല്ലപ്പെട്ടത്. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കസാഖ്‌സ്താനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

ആ വിമാനത്തേയേും പക്ഷിക്കൂട്ടം ഇടിച്ചെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാല്‍ റഷ്യ വെടിവച്ചിട്ടു എന്ന് അസര്‍ബൈജാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണകൊറിയയിലെ അപകടം. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും രണ്ടു ധ്രുവങ്ങളിലാണ്. റഷ്യയ്ക്കൊപ്പം ഉറച്ചു നില്‍ക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. റഷ്യയും ഉത്തരകൊറിയയും ശത്രുക്കള്‍ക്കെതിരെ ഒരുമിച്ച് നീങ്ങാറുമുണ്ട്. ഈ സാഹചര്യത്തിലാണ് ദക്ഷിണ കൊറിയയിലെ വിമാനം തകര്‍ന്നു വീഴലും പലവിധ സംശയം നല്‍കുന്നത്.

അസര്‍ബൈജാന്‍ വിമാന ദുരന്തത്തിന് സമാനമാണ് മുവാനിലേതും. അസര്‍ബൈജാന്‍ വിമാനം അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടി. തൊട്ടുപിന്നാലെ തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു.  ആ വിമാനത്തിന്റെ ഇന്ധന ടാങ്കില്‍ കണ്ടെത്തിയ ദ്വാരങ്ങള്‍ വിമാനം വെടി വെച്ചിട്ടതാണോ എന്ന സംശയത്തിന് കാരണമായി മാറുകയായിരുന്നു.

Tags:    

Similar News