പള്ളി നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് ബിഷപ്പിനോട് പരാതി പറഞ്ഞത് പ്രകോപനമായി; പരാതി ഉന്നയിച്ചവരെ പൊന്നാട അണിയിച്ച് ആദരിക്കുമെന്ന് ഇടവക വികാരി;കുര്‍ബാനമധ്യേ ഇടവകക്കാരെ പേരെടുത്ത് അധിക്ഷേപം; ഫാ. ജോസഫ് കടവിലിനെതിരെ ക്രിമിനല്‍ കേസ്
കുര്‍ബാനമധ്യേ ഇടവകക്കാരെ പേരെടുത്ത് അധിക്ഷേപം, വികാരിക്കെതിരെ ക്രിമിനല്‍ കേസ്
കൊല്ലം: പള്ളി നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് ബിഷപ്പിനോട് പരാതി പറഞ്ഞ ഇടവകയിലെ അംഗങ്ങളെ കുര്‍ബാനമധ്യേ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയില്‍ ഇടവക വികാരിക്കെതിരെ ക്രിമിനല്‍ കേസ്. ലത്തീന്‍ സഭയുടെ കൊല്ലം രൂപതക്ക് കീഴിലുള്ള ചവറ തലമുകില്‍ സെന്റ് അഗസ്റ്റിന്‍ പള്ളി വികാരി ഫാദര്‍ ജോസഫ് കടവില്‍ 2019 ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്ച കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തത്. ഫാ. ജോസഫ് കടവിലിനെതിരെയാണ് ഇടവക അംഗങ്ങളായ വിശ്വാസിയാണ് പരാതി നല്‍കിയത്.
തലമുകില്‍ ഇടവക വികാരിയുടെ നേതൃത്വത്തില്‍ നടന്ന പള്ളി- കെട്ടിടം നിര്‍മ്മാണത്തില്‍ സുതാര്യതയില്ലെന്നും അഴിമതിയും വെട്ടിപ്പുമാണെന്നും ആരോപിച്ചതിന്റെ പേരിലാണ് വൈദികന്‍ കുര്‍ബാന മധ്യേ ഇടവകക്കാരായ ആറുപേരെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപ പ്രസംഗം നടത്തിയത്. ജോസ് വര്‍ഗീസ്, ബ്രൂണോ ജാക്‌സണ്‍, ജാക്‌സണ്‍ വിന്‍സന്റ്, കെവിന്‍ ബി.ജാക്‌സണ്‍, ആന്റണി ജോണ്‍ റോഡ്രിഗ്‌സ് എന്നിവര്‍ക്കെതിരെയാണ് അള്‍ത്താരയില്‍ നിന്ന് വൈദികന്‍ ആക്ഷേപങ്ങള്‍ ചൊരിഞ്ഞത്. വൈദികന്റെ പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതും ആണെന്നും കാട്ടി ഇടവകാംഗമായ ജോസ് വര്‍ഗീസ്, അഭിഭാഷകനായ ബോറിസ് പോള്‍ മുഖേന നല്കിയ കേസില്‍ (CMP ST No.1626/2020) ചവറ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫാ. ജോസഫിന് സമന്‍സ് അയക്കാന്‍ ഉത്തരവായി. കേസ് അടുത്ത ഫെബ്രുവരി 18ന് പരിഗണിക്കുമ്പോള്‍ വൈദികന്‍ ഹാജരാകേണ്ടി വരും.
''വികാരിയച്ചന്‍ ആരെന്ന് ചോദിച്ചാല്‍ ദൈവജനത്തിന്റെ എച്ചില്‍ തിന്ന് വളരുന്നവനാണ് എന്ന് നമ്മെ പഠിപ്പിക്കുന്ന പുതിയ നിര്‍വചനം നല്‍കുന്ന ഒരു ദൈവജനത്തിന്റെ പ്രതിനിധികള്‍ നമ്മുടെ ഇടവക കുടുംബത്തിലുണ്ട്. അത് സന്തോഷമുള്ള വര്‍ത്തമാനമാണ്. നമ്മുടെ ഒക്കെ കുടുംബങ്ങളില്‍ വൈദികരുണ്ട്. പക്ഷേ, അവരുടെയൊക്കെ മുഖത്ത് നോക്കി ഞങ്ങളുടെയൊക്കെ എച്ചില്‍ തിന്ന് ജീവിക്കുന്നവനാണ് നീ, എന്ന് കൃത്യമായി നമ്മളാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നത് ഹൃദയത്തില്‍ കൈവെച്ച് ചോദിക്കേണ്ട ചോദ്യമാണ്.''
''ആറ് പേരാണ് ഈ അവാര്‍ഡിന്, സമഗ്ര വളര്‍ച്ചയ്ക്കുള്ള അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്. അതില്‍ നാല് പേര്‍ മുതിര്‍ന്നവരാണ്. രണ്ട് പേര്‍ യുവജന പ്രതിഭകളാണ്. നാളിതുവരെയുള്ള തലമുകിലിന്റെ വളര്‍ച്ചയില്‍ രക്തം കൊടുത്തും ജീവരക്തം കൊടുത്തും ഈ ഇടവക കുടുംബത്തെ വളര്‍ത്തിക്കൊണ്ടു വന്നവരാണ്. അതുകൊണ്ട് തന്നെ അവരെ ആദരിക്കേണ്ടത് എന്റേയും നിങ്ങളുടേയും കടമയാണ്. നാളിത് വരെ പല വിധ പ്രശ്‌നങ്ങളുണ്ടായിട്ടും പേരെടുത്ത് പറയാന്‍ പറ്റാത്ത രീതിയില്‍ പല കാര്യങ്ങളും ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് പേരെടുത്ത് പറയേണ്ടത് അനിവാര്യതയായി മാറിയിരിക്കയാണ്....'' -ഇങ്ങനെ പരാമര്‍ശിച്ചാണ് ആറുപേര്‍ക്കെതിരെയും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉന്നയിച്ചത്.
''ഒന്നാമത്തെ അവാര്‍ഡ് നല്‌കേണ്ട വ്യക്തി ജോസ് വര്‍ഗീസ്, രണ്ടാമത് ബ്രൂണോ ജാക്‌സണ്‍, മൂന്ന് ജാക്‌സണ്‍ വിന്‍സന്റ്, നാല് ലിയോണ്‍ മരിയന്‍, ഇവരാണ് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ പോകുന്നത്. അവരെ നമ്മള്‍ പൊന്നാട അണിയിച്ച്, അവര്‍ക്ക് ഒരു മൊമെന്റോ പുതിയ ദേവാലയ ആശിര്‍വാദ സമയത്ത് നല്‍കും. ഇനിയുള്ളത് രണ്ട് പ്രിയപ്പെട്ട യുവജനങ്ങളാണ്. എന്റെ ചങ്കോട് ചേര്‍ന്ന് നിന്ന് ഈ ദേവാലയത്തിന് വേണ്ടി, ഈ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ജീവരക്തം കൊടുത്ത് അതിനെ വളര്‍ത്തുന്ന കെവിന്‍ ബ്രൂണോ ജാക്‌സണ്‍, ആന്റണി ജോണ്‍ റോഡ് ഡ്രിഗ്‌സ്. ഈ ആറ് പേരാണ് അവാര്‍ഡിന് അര്‍ഹരായിരികുന്നത്.''
... അതുകൊണ്ട് ഇടവക കുടുംബത്തിന് അസ്വസ്ഥത വിതയ്ക്കാന്‍ ചിലരെങ്കിലും മന:പൂര്‍വം പരിശ്രമിക്കുന്നു. സത്യം പറയുമ്പോള്‍ അവരുടെയൊക്കെ നെറ്റി ചുളിയും, അസ്വസ്ഥരാകും. ഇന്ന് പതിവില്ലാതെ പലരും വന്നിട്ടുണ്ട്. പലരുടെയും മൊബൈല്‍ ഫോണ്‍ ഓണാണ്.
... ഈ പറയപ്പെടുന്ന ആറ് പേരും അവരുടെ ജോലി സ്തുത്യര്‍ഹമായിട്ട് നിര്‍വഹിച്ചിരിക്കുന്നു എന്നുള്ളതിന് വ്യക്തമായ തെളിവ് ഇ്ന്നലെ 2.33ന് എന്റെ മൊബൈലില്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. എന്റെ അധികാരി എന്നെ വീണ്ടും വിളിച്ചു. അച്ചനോട് ഞാന്‍ പറഞ്ഞത് മുമ്പിലത്തെ പണി ഒന്നും ചെയ്യരുത്. ഞാന്‍ പറഞ്ഞു ഞാന്‍ അവിടെ തൊട്ടിട്ടില്ല.
... കൃത്യമായി ഫോണ്‍കോള്‍ പോയിട്ടുണ്ട്. അതിന്റെ നിറവിലാണ് 2.33 ന് ഞാന്‍ പള്ളിക്കകത്ത് നില്‍ക്കുമ്പോള്‍ എനിക്ക് കോള്‍ വരുന്നത്.
അച്ചന്‍ അവിടെ തുമ്മുന്നതും അച്ചന്‍ കയ്യിലെടുക്കുന്നതും സംസാരിക്കുന്നതും ഒക്കെ കൃത്യമായി അധികാരികളെ ബോധിപ്പിക്കാന്‍ ഇവിടെ ആളുകളുണ്ട്.
അതുകൊണ്ട് പ്രിയം നിറഞ്ഞവരെ പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല ഈ പറയപ്പെട്ട ആറ് പേര്‍ക്കും അവരെ പൊന്നാടയണിയിച്ചും അവര്‍ക്ക് നല്ലൊരു മൊമന്റോ നമ്മുടെ ദേവാലയത്തിന്റെ ആശിര്‍വാദ സമയത്ത് കൊടുക്കും. കാര്‍മേഘം മാറും. അത് ആരും വിചാരിക്കരുത്. അവിടെത്തന്നെയുണ്ടാകും എന്ന്.
''ഞാന്‍ പറയുന്നത് ഇനിയും ആര്‍ക്കു വേണമെങ്കിലും പള്ളിയുടെ കുറ്റങ്ങള്‍ പറയുവാനായിട്ട് നിങ്ങള്‍ക്ക് പോകാം. സൗകര്യപൂര്‍വം രണ്ട് ദിവസങ്ങളാണ് അധികാരികളെ കാണുവാനുള്ള അവസരം. അതുകൊണ്ട് പോകുന്നവര്‍ അപ്പോയിന്റ്‌മെന്റ് എടുത്തിട്ട് വേണം പോകാന്‍. ഇവിടുന്ന് കൊല്ലം വരെ വണ്ടിക്കൂലി കൊടുത്ത് വെറുതെ പോകരുത്. ഇനിയും കുറ്റങ്ങളുണ്ട് ഈ ദേവാലയത്തിന്. ഇനി വരാനുള്ള പണികളെക്കുറിച്ച് കുറ്റങ്ങള്‍ ഇനിയുമുണ്ട്. അതുകൊണ്ട് പോകുമ്പോള്‍ കൃത്യമായിട്ട് അധികാരികള്‍ പറയും. അത് നിര്‍ത്തും. അടുത്തത് പറയും അത് നിര്‍ത്തും.... അതുകൊണ്ട് ഈ ദേവാലയം ഉയരുമ്പോള്‍ ഈ പറയപ്പെട്ട സ്തുത്യര്‍ഹ സേവനം ചെയ്ത ആറ് പേര്‍ അസ്വസ്ഥത നമ്മുടെ മനസിലേക്ക് കയറ്റണമെന്നല്ല ഞാന്‍ പറഞ്ഞത്....'' ഇടവക വികാരി ജോസഫ് കടവിലിന്റെ പ്രകോപനപരമായ പ്രസംഗം ഇങ്ങനെയായിരുന്നു.
വികാരി എന്ന അധികാരവും സ്വാതന്ത്ര്യവും ഉപയോഗിച്ച് പരാതിക്കാരനെ ഇടവകാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് അധിക്ഷേപിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പള്ളി പണിയിലെ അഴിമതിയെക്കുറിച്ച് ബിഷപ്പിനോട് പരാതി പറഞ്ഞതാണ് വികാരിയെ പ്രകോപിപ്പിച്ചത്. തനിക്കെതിരെ പരാതി ഉന്നയിച്ചവരെ താന്‍ പൊന്നാട അണിയിച്ച് ആദരിക്കും എന്നാണ് ഇടവകക്കാരെ പ്രസംഗത്തിലൂടെ അറിയിച്ചത്. ഇത്തരം വൈദികരെ മര്യാദ പഠിപ്പിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരും എന്നതിന്റെ സൂചനയാണ് ഈ കേസെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ബോറിസ് പോള്‍ പ്രതികരിച്ചു.
''വൈദികര്‍ പള്ളികളില്‍ കുര്‍ബാന സമര്‍പ്പണ സമയത്ത് നടത്തുന്ന നീണ്ട പ്രസംഗങ്ങള്‍ ഒഴിവാക്കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ അവ ചുരുക്കണമെന്ന് അദ്ദേഹം ഉപദേശിച്ചിരിക്കെയാണ്, ആ സമയം ഉപയോഗിച്ച് വിശ്വാസികളെ ആക്ഷേപിക്കാന്‍ ഇവിടെ ചിലര്‍ ശ്രമിക്കുന്നത്. ഇവര്‍ മാര്‍പാപ്പക്ക് എന്തെങ്കിലും വില കല്‍പിക്കുന്നുണ്ടോ?'' അഡ്വ. ബോറിസ് പോള്‍ ചോദിക്കുന്നു.