താല്‍ക്കാലിക സ്റ്റേജിന് കുലുക്കമുണ്ടായിരുന്നു; സ്റ്റേജ് നിര്‍മിച്ചത് അശാസ്ത്രീയമായി; താഴേക്ക് വീണാല്‍ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും അവഗണിച്ചു; എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്

എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്

Update: 2025-01-03 15:06 GMT

കൊച്ചി: കലൂര്‍ നെഹ്രു സ്റ്റേഡിയത്തില്‍ മൃദംഗനാദം ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിടെ താല്‍ക്കാലിക സ്റ്റേജില്‍ നിന്നും വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട്. സ്റ്റേജില്‍ നിന്നും താഴേക്ക് വീണാല്‍ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും പ്രതികള്‍ അത് അവഗണിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കലൂര്‍ സ്റ്റേഡിയത്തില്‍ താത്ക്കാലിക നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ സംഘാടകര്‍ ലംഘിച്ചതായും സിമന്റ് കട്ടകള്‍ ഉപയോഗിച്ചാണ് സ്റ്റേജ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അശാസ്ത്രീയമായിട്ടാണ് താല്‍ക്കാലിക സ്റ്റേജ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പി.ഡബ്ല്യുഡി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് സ്റ്റേജ് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.

താല്‍ക്കാലിക സ്റ്റേജിന് കുലുക്കമുണ്ടായിരുന്നതായും സ്റ്റേജില്‍ നടന്നുപോകാന്‍ മതിയായ അകലം ഇല്ലാതെയാണ് ക്രമീകരണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സ്റ്റേജില്‍ നിന്നും താഴേക്ക് വീണാല്‍ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും പ്രതികള്‍ അത് അവഗണിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം പരിപാടിയുടെ നടത്തിപ്പിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്നും ഡി.സി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 62000 രൂപ സംഘാടകര്‍ അടച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതിനിടെ നൃത്തപരിപാടി ഏകോപിപ്പിച്ച മൃദംഗവിഷന്‍ എം.ഡി നിഗോഷ് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. ജനുവരി ഏഴുവരെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതിചേര്‍ത്ത മൂന്നു പ്രതികളുടെ ജാമ്യവും 7 വരെ നീട്ടി.

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമാ തോമസിന് ഗുരുതര പരിക്കേല്‍ക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുന്‍പ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം.

വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടന്‍ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പരിപാടിയുടെ മുഖ്യസംഘാടകരില്‍ ഒരാളായ പൂര്‍ണിമ എം.എല്‍.എയോടൊപ്പം വരുന്നത് വീഡിയോയിലുണ്ട്. നടന്‍ സിജോയ് വര്‍ഗീസിനേയും കാണാം. ശേഷം, കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ അടുത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് ഉമ തോമസ് താഴേയ്ക്ക് വീഴുന്നത്. സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഞായറാഴ്ചയായിരുന്നു ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്നു വീണ് ഉമ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    

Similar News