കടല്‍ കടന്ന് ശ്രീനന്ദയുടെ നൃത്തം; കുവൈത്തിലെ വീട്ടു ജോലിക്കിടെ നിറകണ്ണുകളുമായി മകളുടെ നൃത്തം കണ്ട് ശ്രീദേവി: ആ അമ്മ വിദേശത്തേക്ക് പോയത് മകളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പണം കണ്ടെത്താന്‍
കടല്‍ കടന്ന് ശ്രീനന്ദയുടെ നൃത്തം; കുവൈത്തിലെ വീട്ടു ജോലിക്കിടെ നിറകണ്ണുകളുമായി മകളുടെ നൃത്തം കണ്ട് ശ്രീദേവി
തിരുവനന്തപുരം: മകള്‍ ശ്രീനന്ദ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ നൃത്തം ചെയ്യുമ്പോള്‍ വാട്‌സാപ്പിലൂടെ ആ രംഗങ്ങള്‍ കടല്‍ കടന്ന് കുവൈത്തിലെത്തി. മകളുടെ നൃത്തത്തിന് എന്നും പ്രോത്സാഹനവുമായി കൂടെ നിന്ന അമ്മ ശ്രീദേവിക്ക് കാണാനായാണ് ആ നൃത്ത രംഗങ്ങള്‍ കുവൈത്തിലേക്ക് കടല്‍ കടന്നത്. ശ്രീനന്ദയുടെ അര്‍പ്പണവും കലോത്സവ വേദിയില്‍ മകളെ എത്തിക്കാനുള്ള ഒരു അമ്മയുടെ കഷ്ടപ്പാടുമാണ് ആ നിമിഷം കലോത്സവ വേദിയില്‍ നിറഞ്ഞത്. കുവൈത്തിലെ വീട്ടുജോലിക്കിടയില്‍ വിഡിയോ കോളിലൂടെ മകളുടെ നൃത്തം കാണുമ്പോഴും ശ്രീദേവിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. എന്നിട്ടും സ്‌ക്രീനില്‍ നിന്നു കണ്ണെടുത്തില്ല.
മകളെ കലോത്സവ വേദിയിലെത്തിക്കാന്‍ പണം കണ്ടെത്താനാണ് ശ്രീദേവി രണ്ട് മാസം മുന്‍പ് വീട്ടു ജോലിക്കായി കുവൈത്തിലേക്ക് പോയത്. ശ്രീദേവിയുടെ ആദ്യശമ്പളത്തിലെ 20,000 രൂപ ഉപയോഗിച്ചാണു ശ്രീനന്ദ കലോത്സവത്തിനു വേണ്ട ആഭരണങ്ങളടക്കം വാടകയ്‌ക്കെടുത്ത് എത്തിയത്. മോഹിനിയാട്ടവേദിയില്‍ ശ്രീനന്ദ നൃത്തം ചെയ്യുന്നതു വിഡിയോ കോളിലൂടെ കാണുമ്പോഴും നൃത്തം പൂര്‍ത്തിയാക്കി ഇറങ്ങിയ ശേഷവുമെല്ലാം ശ്രീദേവിയുടെ കണ്ണുകള്‍ നിശബ്ദമായി നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. കഷ്ടപ്പാടുകളോട് അത്രമേല്‍ പൊരുതിയാണ് ശ്രീദേവി മകളെ ആ വേദി വരെ എത്തിച്ചത്.
മകളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കാനും വീട്ടിലെ ബുദ്ധിമുട്ടുകള്‍ തീര്‍ക്കാനുമാണ് ശ്രീദേവി കുവൈത്തിലേക്കു വീട്ടുജോലിക്കു പോയത്. തൊടുപുഴ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണു ശ്രീനന്ദ ബാബു. പെയിന്റിങ് തൊഴിലാളിയായ മടക്കത്താനം ദേവരുപറമ്പില്‍ ബാബുവിന്റെയും ശ്രീദേവിയുടെയും മകള്‍. ശ്രീനന്ദയെ കണക്കുപറയാതെ ഗുരു രമ്യ ഹരീഷ് നൃത്തം പഠിപ്പിച്ചു.
ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, കേരളനടനം തുടങ്ങി 11 നൃത്തയിനങ്ങളില്‍ ശ്രീനന്ദ മികവു പ്രകടിപ്പിച്ചു. ഇത്തവണ ജില്ലാ കലോത്സവത്തില്‍ മറ്റൊരു കുട്ടിയില്‍ നിന്നു കടമായി ലഭിച്ച ആഭരണങ്ങളുപയോഗിച്ചാണു മത്സരിച്ചത്. സംസ്ഥാന കലോത്സവത്തിനു പോകാനുള്ള ഭാരിച്ച ചെലവു ചോദ്യചിഹ്നമായി. മകളുടെ നൃത്തവേദികളിലെല്ലാം ഒപ്പം പോകാറുള്ള അമ്മ കുവൈത്തിലെ ജോലിക്കു പോകാന്‍ നിര്‍ബന്ധിതയായി. എഗ്രേഡ് നേടി മകള്‍ അമ്മയുടെ ആഗ്രഹം ഫലവത്താക്കി. കടലിനപ്പുറത്തിരുന്ന് അമ്മ ഒരു സ്വപ്നം കൂടി കാണുന്നു, മകളെ കലാക്ഷേത്രയില്‍ പഠിപ്പിക്കണം.