'മുഖം മൂടികള്‍ പൊളിഞ്ഞു വീഴണം; പേര് എടുത്ത് പറഞ്ഞ ഈ ആര്‍ജ്ജവത്തിന് ബിഗ് സല്യൂട്ട്; ഇതാണ് പെണ്‍പോരാട്ടം'; ബോബി ചെമ്മണ്ണൂരിനെതിരെ നിയമ പോരാട്ടത്തിന് ഇറങ്ങിയ ഹണി റോസിന് വന്‍ പിന്തുണ

ബോബി ചെമ്മണ്ണൂരിനെതിരെ നിയമ പോരാട്ടത്തിന് ഇറങ്ങിയ ഹണി റോസിന് വന്‍ പിന്തുണ

Update: 2025-01-07 15:49 GMT

കൊച്ചി: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നിയമ പോരാട്ടത്തിന് ഇറങ്ങിയതിന് പിന്നാലെ നടി ഹണി റോസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. സ്ത്രീവിരുദ്ധ കമന്റുകള്‍ ചെയ്തതിന് എതിരെ പരാതി നല്‍കിയ ഹണി റോസിപ്പോള്‍ ബോബി ചെമ്മണ്ണൂരിനെതിരെ പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു. നടിയുടെ പരാതിയിന്മേല്‍ ബോബിയ്ക്ക് എതിരെ കേസെടുത്തിരുന്നു. ഈ അവസരത്തില്‍ ഹണി റോസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാളികള്‍.

ഹണി റോസിന്റെ കമന്റ് ബോക്‌സ് നിറയെ പ്രശംസാപ്രവാഹം ആണ്. കൃത്യമായ നിലപാട് തുറന്നുപറഞ്ഞ് നിയമത്തിന്റെ വഴിയെ തിരിഞ്ഞ താരത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ് ഏവരും. 'ഇതാണ് കൃത്യമായ നിലപാട്. പേര് എടുത്ത് പറഞ്ഞ ഈ ആര്‍ജ്ജവത്തിന് ബിഗ് സല്യൂട്ട്. ഇതാണ് പെണ്‍പോരാട്ടം', എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

'നന്നായി പേര് പരസ്യമാക്കിയത്. മുഖം മൂടികള്‍ പൊളിഞ്ഞു വീഴണം, നിങ്ങളോട് യോജിക്കുന്നു ഐക്യദാര്‍ഢ്യം അറിയിക്കുന്നു, ഇതു പോലെ എല്ലാപേരും പ്രതികരിക്കട്ടെ. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി ആര്‍ക്കും ആരെയും എന്തും പറയാം എന്നുള്ളത് മാറണം. ഇത് ഒരു തുടക്കമാകട്ടെ, മറ്റു സ്ത്രീകള്‍ക്കു പ്രചോദനമാവട്ടെ', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.

അതേസമയം, 'കമന്റ് ബോക്‌സുകളില്‍ നല്ല കമന്റുകള്‍ വന്നതിനെ ചൂണ്ടിക്കാണിക്കുന്നവരും കൂട്ടത്തിലുണ്ട്. കമന്റ് ബോക്‌സ് എന്താ വൃത്തി. രണ്ട് കേസ് വന്നപ്പോള്‍ എല്ലാത്തിന്റെയും ധൈര്യം അങ്ങ് ചോര്‍ന്ന് പോയി', ഒന്നാണ് ഇവര്‍ കമന്റ് ചെയ്യുന്നത്.

ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ച് ഹണി റോസ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. അതേസമയം, മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഹണി റോസ് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പരാതിയുടെ വിവരങ്ങള്‍ നടി പുറത്തുവിട്ടത്. 'താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കു, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.' വിവരം അറിയിച്ചുകൊണ്ട് ഹണി റോസ് കുറിച്ചു.

കഴിഞ്ഞ ദിവസം ഒരു കുറിപ്പിലൂടെ ഹണി റോസ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേര് മനഃപൂര്‍വ്വം വലിച്ചിഴയ്ക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകള്‍ പറയുകയുമാണ് ഈ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

ദ്വയാര്‍ഥ പ്രയോഗം നടത്തി, പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരേ ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പ്രതികരണത്തിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30-ഓളം പേര്‍ക്കെതിരേ ഞായറാഴ്ച്ച രാത്രി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കി. നടിയുടെ പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കുമ്പളം സ്വദേശി ഷാജിയെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

അതേ സമയം സംഭവത്തില്‍ പ്രതികരിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍ രംഗത്ത് വന്നു. മോശമായ വാക്കുകളോ കാര്യങ്ങളോ അവരോട് പറഞ്ഞിട്ടില്ല. തന്റെ വാക്കുകള്‍ ആളുകള്‍ വളച്ചൊടിച്ച് സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും ബോബി പറഞ്ഞു.

'ഞാന്‍ രണ്ട് പ്രാവശ്യമാണ് അവരെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുള്ളത്. അതിനിടെ, കുന്തീദേവിയുമായി ഞാന്‍ അവരെ ഉപമിച്ചിരുന്നു. അതൊക്കെ കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളായി. മോശമായ വാക്കുകളോ കാര്യങ്ങളോ ഞാന്‍ പറഞ്ഞിട്ടില്ല. വളരെ മര്യാദയോടെയാണ് ഹണിയുടെ അടുത്ത് പെരുമാറിയിട്ടുള്ളത്. അവരും അങ്ങിനെ തന്നെയായിരുന്നു. ഇപ്പോള്‍ പെട്ടെന്ന് ഇങ്ങനെ ഒരു പരാതി വന്നിരിക്കുന്നു. എന്നോട് വ്യക്തിവൈരാഗ്യമുണ്ടാകേണ്ട കാര്യമില്ല. ഞാന്‍ ഇങ്ങനെ പറഞ്ഞത് ആളുകള്‍ വളച്ചൊടിച്ച് സംസാരിച്ചത് അവര്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. പലരുടെ അടുത്തും ഇങ്ങനെ പറയാറുണ്ട്. ഇനിയിപ്പോള്‍, ഒരാള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യത്തിലേക്ക് പോകില്ല. ഇടയ്ക്ക് ഇതുപോലുള്ള തമാശകളൊക്കെ പറയും. വേറെ ഉദ്ദേശമൊന്നും അതിലില്ല', ബോബി പറഞ്ഞു.

Tags:    

Similar News