കാട്ടു തീ വിഴുങ്ങിയപ്പോള്‍ എല്ലാം ഇട്ടറിഞ്ഞോടിയത് ഹോളിവുഡിലെ വമ്പന്‍ താരങ്ങളും ശതകോടീശ്വരന്‍മാരും; അഗ്നിക്കിരയായത് 40300 ഏക്കര്‍ സ്ഥലത്തെ 12300 ഓളം കെട്ടിടങ്ങള്‍; കോളിച്ചത് മോഷ്ടാക്കള്‍ക്കും; പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത് കള്ളന്മാര്‍; രക്ഷാപ്രവര്‍ത്തകരുടെ യൂണിഫോമില്‍ കള്ളന്മാര്‍ എത്തുമ്പോള്‍
ലോസ് ആഞ്ചലസ്: പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന പഴഞ്ചൊല്ലിനെ അനുസ്മരിക്കുന്ന രീതിയിലാണ് അമേരിക്കയിലെ ലോസാഞ്ചലസിലെ വന്‍ തീപിടുത്തത്തിനിടയില്‍ നടക്കുന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ലോസാഞ്ചലസില്‍ പടരുന്ന തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുന്നതിന് ഇടയിലും ഈ അവസരം മുതലെടുത്ത് വന്‍ തോതില്‍ മോഷണം നടത്താനുള്ള നീക്കം നടത്തിയ ഒരാളിനെ കൂടി പോലീസ് പിടികൂടി. രക്ഷാപ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വന്‍ തോതില്‍ തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളില്‍ മോഷണം നടത്താനെത്തിയത്. ഇതിനോടകം 29 പേരെയാണ് അഗ്‌നിക്കിരയായ ആഡംബര വസതികളില്‍ മോഷണം നടത്തിയതിന് പോലീസ് പിടികൂടിയത്. അഗ്‌നിശമന പ്രവര്‍ത്തകരുടെ യൂണിഫോം ധരിച്ചാണ് ഈ കള്ളന്‍മാര്‍ രക്ഷാപ്രവര്‍ത്തകര്‍ എന്ന വ്യാജേന മോഷണം നടത്താനെത്തിയത്.
ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് സംശയം തോന്നിയ പോലീസ് ഇയാളെ പിടികൂടിയത്. സമീപ പ്രദേശത്തുള്ള ഒരു ഫയര്‍ സ്റ്റേഷനിലാണ് താന്‍ ജോലി ചെയ്യുന്നതെന്നാണ് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ അന്വേഷണം നടത്തിയ പോലീസിന് ഇങ്ങനെ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ല എന്ന വിവരം ലഭിച്ചത്. തീപിടുത്തം നടക്കുന്ന മേഖലയില്‍ താമസിച്ചിരുന്ന ഭൂരിപക്ഷം പേരും അതി സമ്പന്നരാണ് എന്നതാണ് ഇവരെ മോഷണത്തിന് ഇവിടം കേന്ദ്രീകരിക്കാന്‍ കാരണമായതെന്നാണ് സൂചന. ഹോളിവുഡിലെ വമ്പന്‍ താരങ്ങളും ശതകോടീശ്വരന്‍മാരും എല്ലാം തന്നെ കൈയ്യില്‍ കിട്ടിയ സാധനങ്ങളും ആയിട്ടാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. വില പിടിപ്പുള്ള പല സാധനങ്ങളും അവര്‍ ഇവിടെ ഉപേക്ഷിച്ചു പോയി എന്ന വാര്‍ത്തകള്‍ കൂടി പുറത്ത് വന്നതോടെയാണ് കള്ളന്‍മാര്‍ ഇവിടെ മോഷണത്തിന് പദ്ധതിയിട്ടത്.
തീപിടുത്തത്തില്‍ ഇതിനോടകം തന്നെ 24 പേര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. 40300 ഏക്കര്‍ സ്ഥലത്തെ 12300 ഓളം കെട്ടിടങ്ങളാണ് അഗ്‌നിക്കിരയായത്. ഇവിടെം താമസിക്കുകയായിരുന്ന പലരും തങ്ങളുടെ വിലപ്പെട്ട വസ്തുക്കള്‍ മോഷണം പോകാതിരിക്കാന്‍ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ്. പല മേഖലകളിലും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കാട്ടുതീ വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യാപിച്ച് സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്. സാന്റ ആന എന്ന വരണ്ടകാറ്റ് വീണ്ടും ശക്തിപ്രാപിക്കും അത് തീ വേഗത്തില്‍ പടരുന്നതിന് കാരണമാകുമെന്നുമാണ് ലോസ് ആഞ്ജലിസ് കാലാവസ്ഥാ സര്‍വീസിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 120 കി.മീ. വേഗതയില്‍വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ലോസ് ആഞ്ജലിസ് സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയ സംസ്ഥാനത്ത് വ്യാഴാഴ്ച ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1.3 ലക്ഷത്തിലേറെപ്പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചിട്ടുണ്ട്.
വരണ്ട കാലാവസ്ഥയാണ് തീകെടുത്തല്‍ പ്രയാസമാക്കുന്നത്. എട്ടുമാസമായി മഴ ലഭിക്കാത്തതിനാല്‍ ലോസ് ആഞ്ജലിസിലെ കാലാവസ്ഥ അത്രയും വരണ്ടതാണ്. പസഫിക്, പാലിസേഡ്‌സ്, ഈറ്റണ്‍, ഹേസ്റ്റ്, ലിഡിയ, സണ്‍സെറ്റ് എന്നിവിടങ്ങളിലാണ് കാട്ടുതീ രൂക്ഷം. കാണാതായവര്‍ക്കായി തീ ശമിച്ചയിടങ്ങളില്‍ ശ്വാനസേനയെ ഉപയോഗിച്ച് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അപ്പാര്‍ട്ടുമെന്റുകള്‍, സ്‌കൂളുകള്‍, വാഹനങ്ങള്‍, വ്യാപാര-വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അഗ്നിക്കിരയായി. അഞ്ച് പള്ളികള്‍, സിനഗോഗ്, 1976-ല്‍ പുറത്തിറങ്ങിയ 'കാരി' ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് പശ്ചാത്തലമായ പാലിസേഡ്‌സ് ചാര്‍ട്ടര്‍ ഹൈസ്‌കൂളടക്കം ഏഴ് സ്‌കൂളുകള്‍, റസ്റ്ററന്റുകള്‍, ബാറുകള്‍ എന്നിവ കത്തിയവയില്‍ ഉള്‍പ്പെടുന്നു. ഹോളിവുഡ് ഹില്‍സിലെയും സ്റ്റുഡിയോ സിറ്റിയിലെയും തീകെടുത്താന്‍ വിമാനമാര്‍ഗം വെള്ളമടിക്കുന്നത് തുടരുകയാണ്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ 5000 ഏക്കറിലേറെ പ്രദേശത്താണ് തീപടര്‍ന്നിട്ടുള്ളത്. മൊത്തം 36,000-ത്തിലധികം ഹെക്ടര്‍ പ്രദേശത്തെയാണ് തീവിഴുങ്ങിയത്.
പസഫിക് പാലിസേഡ്‌സ് തീരത്തുനിന്നും പസഡേന വരെയാണ് തീ വ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലിസേഡില്‍ വലിയ കാട്ടുതീയാരംഭിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സാന്‍ഫെര്‍ണാഡോ താഴ്വരയിലും കെന്നത് കാട്ടുതീ അതിവേഗം പടര്‍ന്നുപിടിച്ചു. മഴയില്ലായ്മയും ഉണക്കമരങ്ങളുമാണ് തീപടരാന്‍ കാരണം. മേഖലയില്‍ വീശിയടിച്ച ശക്തമായ വരണ്ടകാറ്റാണ് തീ കൂടൂതല്‍ ഇടങ്ങളിലേക്ക് പടരാന്‍ ഇടയാക്കിയത്. തീകെടുത്താനുള്ള ശ്രമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സമീപത്തെ വെന്‍ചുറ കൗണ്ടിയിലേക്ക് തീ വ്യാപിച്ചത്. തെക്കന്‍ കാലിഫോര്‍ണിയയില്‍ ആറുമാസത്തേക്ക് ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളുടെയും മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഇതുവരെ 35,000-ത്തിലധികം ഹെക്ടര്‍ പ്രദേശത്തെ തീവിഴുങ്ങി.
ലോസ് ആഞ്ചലസിലെ സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ആകെ 15,000 കോടിയിലേറെ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ലോസ് ആഞ്ജലിസിലെ 4400 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും മറ്റ് സംഭരണികളും അപകടസമയത്ത് എങ്ങനെ വറ്റിക്കിടന്നു എന്നത് സംബന്ധിച്ച് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അന്വേഷണത്തിന് ഉത്തരവിട്ടു. തീകെടുത്താന്‍ ആവശ്യമായ ഫണ്ട് ഭരണകൂടം ലഭ്യമാക്കിയില്ലെന്ന് ലോസ് ആഞ്ജലിസ് അഗ്നിരക്ഷാ സേനാ മേധാവി ക്പിസ്റ്റിന്‍ ക്രൗലി ആരോപിച്ചു. കാട്ടുതീ തുടങ്ങാനിടയായ സാഹചര്യത്തെപ്പറ്റി അറിയുന്നതിനായി എഫ്.ബി.ഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാനഡയ്ക്ക് പുറമെ മെക്‌സിക്കോയും തീ അണയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ സഹായം വാഗ്ദാനം നല്‍കി മുന്നോട്ടുവന്നിട്ടുണ്ട്. മെക്‌സിക്കോയില്‍ നിന്നുള്ള 14,000 അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ തീപടര്‍ന്ന പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.