കറന്റ് ബില്‍ കണ്ട് ഷോക്കടിച്ച് യുവാവ്; രണ്ട് മാസത്തെ ബില്‍ 210 കോടി രൂപ: പുലിവാല് പിടിച്ച് വൈദ്യുതി വകുപ്പ്

കറന്റ് ബില്‍ കണ്ട് ഷോക്കടിച്ച് യുവാവ്; രണ്ട് മാസത്തെ ബില്‍ 210 കോടി രൂപ: പുലിവാല് പിടിച്ച് വൈദ്യുതി വകുപ്പ്

Update: 2025-01-14 03:42 GMT

ഷിംല: വൈദ്യുതി ബില്‍ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നവരാണ് നമ്മള്‍ പൊതുവേ. ബില്‍ അല്‍പമൊന്ന് കൂടിയാല്‍ തന്നെ അത് കുറയ്ക്കാനുള്ള പെടാപ്പാടാണ്. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുരില്‍ സംരംഭകനായ യുവാവ് തനിക്ക് കിട്ട വൈദ്യുതി ബില്‍ കണ്ട് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ്. ലളിത് ധിമാന്‍ എന്ന യുവാവിന് വൈദ്യുതി വകുപ്പ് അയച്ച ബില്‍ എത്രയെന്നോ...? 210 കോടി രൂപ!

ഭീമമായ തുക കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് യുവാവ്. കോണ്‍ക്രീറ്റ് കട്ടകള്‍ നിര്‍മിക്കുന്ന ചെറുകിട സംരംഭകന്‍ ആണ് ഈ യുവാവ്. ഹാമിര്‍പുരിലെ ഭോരഞ്ച് സബ് ഡിവിഷനിലെ ബെഹ്ദാവിന്‍ ജട്ടന്‍ ഗ്രാമത്തിലാണ് ധിമാന്റെ വീട്. കഴിഞ്ഞ മാസം 2500 രൂപ ബില്ലടച്ച സ്ഥാനത്താണ് ഇക്കുറി 210 കോടി രൂപ വന്നത്.

210,42,08,405 രൂപയാണ് ഇവരുടെ ഈ മാസത്തെ കറന്റ് ബില്‍.

കറന്റ് ബില്‍ കണ്ട് അന്തംവിട്ട യുവാവ് പരാതിയുമായി രംഗത്ത് എത്തി. എത്രയധികം വൈദ്യുതി ഉപയോഗിച്ചാലും രണ്ടുമാസത്തേക്ക് ഇത്ര വലിയ ബില്‍ എങ്ങനെ വരുമെന്ന് ചോദിച്ച് ലളിത് ധിമാന്‍ വൈദ്യുതി ഓഫീസില്‍ പരാതി നല്‍കി. സാങ്കേതിക തകരാര്‍ മൂലമാണ് ഇത്ര വലിയ ബില്‍ വന്നതെന്നായിരുന്നു മറുപടി. ബില്‍ തുക 4,047 രൂപയാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ടെന്ന് ഭോരഞ്ച് ഇലക്ട്രിസിറ്റി ബോര്‍ഡിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ അനുരാഗ് ചന്ദേല്‍ വ്യക്തമാക്കി.

പുതുക്കിയ ബില്ലില്‍ 836 യൂണിറ്റ് ഉപയോഗിച്ചെന്നാണ് കാണുന്നത്. അതിന് 4,047 രൂപ മാത്രമേ ഈടാക്കിയിട്ടുള്ളുവെന്നും ബോര്‍ഡ് അറിയിച്ചു. 210 കോടി രൂപയുടെ കറന്റ് ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വൈദ്യുതി വകുപ്പിനെ കുറ്റപ്പെടുത്തി നിരവധി പേര്‍ രംഗത്തുവന്നു. എന്തായാലും കോടികളുടെ ബാധ്യത ഒഴിഞ്ഞു പോയതിന്റെ ആശ്വാസത്തിലാണ് ലളിത് ധിമാന്‍.

Tags:    

Similar News