ഹണിയെ ഒഴിവാക്കാന്‍ നിര്‍ബന്ധം പിടിച്ച ഗോവിന്ദനും പുത്തലേത്ത് ദിനേശനും; ആനാവൂരിനെ ഇറക്കി സിപിഎം സെക്രട്ടറിയുടെ നിര്‍ദ്ദേശം വെട്ടിയത് ഭൂരിപക്ഷം കാട്ടി; സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയുടെ തലപ്പത്ത് ഹണി എത്തിയത് മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തില്‍; 'ആക്രി കേസും' ആവിയായി; പുകഴ്ത്തു പാട്ടിന് പിന്നില്‍ 'ഫ്രാക്ഷന്‍ കമ്മിറ്റി' പ്രതികാരമോ?
തിരുവനന്തപുരം: സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ഒഴിവാക്കിയത് പിന്നില്‍ പാര്‍ട്ടി വിഭാഗീയതയോ? സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെയും നിര്‍ദേശം തള്ളിയതു മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എം.വി.ഗോവിന്ദന്റെ തീരുമാനം മറികടക്കാന്‍ സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പനും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ഇടപെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെ വീണ്ടും പി ഹണി പ്രസിഡന്റായി. ഇതിന്റെ സ്‌നേഹ പ്രകടനമാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി പരിപാടിയിലെ 'പിണറായി സ്തുതി' ഗാനാലാപനമെന്നാണ് വിലയിരുത്തല്‍.
നിലവിലെ പ്രസിഡന്റ് പി.ഹണിയും ജനറല്‍ സെക്രട്ടറി കെ.എന്‍.അശോക് കുമാറും തമ്മിലെ ചേരിപ്പോരാണു സമ്മേളനത്തലേന്നു വരെ അനിശ്ചിതത്വമുണ്ടാക്കിയത്. സംഘടനാ നേതൃത്വത്തിനെതിരെ ചില ആരോപണങ്ങളുള്ളതിനാല്‍ ഈ സമ്മേളനത്തില്‍ ഹണി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന നിലപാടാണു ഗോവിന്ദനും ദിനേശനും സ്വീകരിച്ചത്. എന്നാല്‍ സംഘടനയുടെ നിര്‍വാഹക സമിതിയില്‍പെട്ട പാര്‍ട്ടി അംഗങ്ങളായ 40 പേരുടെ യോഗം (ഫ്രാക്ഷന്‍ കമ്മിറ്റി) എകെജി സെന്ററില്‍ ചേര്‍ന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയടക്കം 13 പേരെ ഒഴിവാക്കണമെന്നു ഹണി പക്ഷം നിലപാടെടുത്തു. ഇതിനെ മറുവിഭാഗം എതിര്‍ത്തപ്പോള്‍, ഹണിയെ ഒഴിവാക്കി പാനല്‍ സമര്‍പ്പിക്കാന്‍ ഗോവിന്ദന്‍ നിര്‍ദേശിച്ചു. ഇതോടെ ഹണിയെ അനുകൂലിക്കുന്ന ഭൂരിപക്ഷം ബഹളം വച്ചു. തീരുമാനമാകാതെ യോഗം പിരിഞ്ഞു. ഇതിനു ശേഷമാണു ആനാവൂര്‍ അടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചത്. ഭൂരിപക്ഷം ഹണിക്കൊപ്പമാണെന്നും ബോധ്യപ്പെടുത്തി. നിലവിലെ എല്ലാ നിര്‍വാഹക സമിതി അംഗങ്ങളെയും നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുതിയതായി 6 പേരെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹണിയുടെ ആവശ്യവും അംഗീകരിച്ചു. അങ്ങനെ അസോസിയേഷനില്‍ ഹണിക്ക് മുന്‍തൂക്കം കിട്ടി. മനോരമയടക്കം ഈ വാര്‍ത്ത വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഹണിക്ക് എതിരാണെന്നതാണ് വസ്തുത.
പൊതുനിരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന കോടതിയുത്തരവ് കാറ്റില്‍പ്പറത്തി സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയുടെ കൂറ്റന്‍ ഫ്‌ളക്സ് ബോര്‍ഡ് എത്തിയതും മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ എതിര്‍പ്പുകള്‍ ആവിയാക്കാനുള്ള തന്ത്രം കൂടിയായിരുന്നു ഇത്. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റിന് സമീപമാണ് മുഖ്യമന്ത്രിയുടെ കട്ടൗട്ടോട് കൂടിയ ബോര്‍ഡ് നടപ്പാതയില്‍ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ ഫ്‌ലക്സ് ബോര്‍ഡ് മാറ്റാന്‍ കോര്‍പ്പറേഷന്‍, അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭാരവാഹികള്‍ ബോര്‍ഡ് മാറ്റാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ കോര്‍പ്പറേഷന്‍ ജീവനക്കാരെത്തി ബോര്‍ഡ് മാറ്റി. ഓഫീസ് അവധിയായതിനാല്‍ പിഴയ്ക്കുള്ള നോട്ടീസ് നല്‍കിയിട്ടില്ല. 5000 രൂപ പിഴ ഈടാക്കാന്‍ ബുധനാഴ്ച നോട്ടീസ് നല്‍കും. കൂടാതെ നിയമലംഘനത്തിനുള്ള എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ കന്റോണ്‍മെന്റ് പോലീസിലും കത്ത് നല്‍കും. മുഖ്യമന്ത്രിക്ക് പുറമേ സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എല്‍.എ.യുടെ ചിത്രവും ബോര്‍ഡിലുണ്ടായിരുന്നു. ഹണിയെ വീണ്ടും പ്രസിഡന്റാക്കാന്‍ ജോയിയും സജീവ ഇടപെടല്‍ നടത്തിയിരുന്നു.
അടുത്ത കാലത്ത് പി ഹണിയ്ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ബിജെ.പി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. എസ്. രാജീവാണ് പരാതി നല്‍കിയത്. സര്‍ക്കാരിന് ലഭിക്കേണ്ട 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി. സെക്രട്ടേറിയറ്റില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ നടത്തുന്ന ആക്രിക്കടത്തില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നടപടിയൊന്നും ആരും എടുത്തില്ല. ഈ സാഹചര്യത്തിലാണ് വിജിലന്‍സിന് പരാതി നല്‍കുന്നത്. ഈ പരാതിയും അന്വേഷിച്ചില്ല. ഇതിന് കാരണവും മുഖ്യമന്ത്രിയുടെ സ്‌നേഹമാണെന്ന ചര്‍ച്ച സെക്രട്ടറിയേറ്റിലുണ്ട്. ബിനു എന്ന ദിവസ വേതനക്കാരനിലൂടെയാണ് മൂല്യമുള്ള പാഴ് വസ്തുക്കള്‍ കടത്തി പണം നേടിയത്. പ്രത്യക്ഷത്തില്‍ ഇരുപത്തിയഞ്ച് ലക്ഷത്തോളം നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പ് ഹൗസ്‌കീപ്പിങ് വിഭാഗത്തിലെ അഡീഷണല്‍ സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റുമായ പി. ഹണി വ്യാജ രേഖയുണ്ടാക്കിയതായാണ് ആരോപണം.
സെക്രട്ടേറിയറ്റിലെ ആക്രി സാധനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം പുറത്തു കൊണ്ടുപോയി വില്‍ക്കാന്‍ ഈ ഉേദ്യാഗസ്ഥന്‍ കൂട്ടുനിന്നുവെന്നാണ് ആരോപണം. ദിവസ വേതനക്കാരായ ജീവനക്കാരെ മറയാക്കി ലക്ഷങ്ങളാണ് ആക്രി കച്ചവടത്തില്‍ കൂടി കൈമറിഞ്ഞത്. ഇടതു സംഘടനാ നേതാവിന്റെ താല്പര്യ പ്രകാരമാണ് ദിവസ വേതനത്തില്‍ ഒരാളെ നിയമിച്ചതെന്നും ഈ ദിവസ വേതനക്കാരനാണ് ആക്രി കടത്തുന്നതും പണം വാങ്ങുന്നതുമെന്നാണ് ആക്ഷേപം. കരമനയില്‍ ആക്രി കച്ചവടം നടത്തുന്ന വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ ഉത്തരവ് തയാറാക്കിയാണ് ആക്രി സാധനങ്ങള്‍ കടത്തിയിരുന്നത് എന്നാണ് ആരോപണം. ഗവര്‍ണറെ പൊതുനിരത്തില്‍ ഭീഷണിപ്പെടുത്തി പ്രകോപനമുദ്രാവക്യം വിളിച്ചതിനെതിരെയും ഹണിക്കെതിരെ പരാതി ഉണ്ടായിരുന്നു. എന്നാല്‍ നടപടി വേണ്ട എന്ന നിലപാടാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ 'ഫീനിക്‌സ് പക്ഷി'യായും 'പടയുടെ നടുവില്‍ പടനായകനാ'യും വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ടിന് പിന്നിലും ഹണിയാണ്. സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ ഈ വ്യക്തിപൂജാ ഗാനം ആലപിക്കും. 3 വര്‍ഷം മുന്‍പു സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയില്‍ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചതു വിവാദമായിരുന്നു. അഞ്ഞൂറോളം വനിതകള്‍ പാറശാലയില്‍ അവതരിപ്പിച്ച മെഗാതിരുവാതിരയില്‍ 'ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്' എന്നിങ്ങനെയായിരുന്നു പാട്ട്. ഇതിനെ വെല്ലും പാട്ടാണ് സെക്രട്ടറിയേറ്റ് അസോസിയേഷന്‍ ഒരുക്കുന്നത്.