വെടിനിര്‍ത്തല്‍ കരാറിന് തുരങ്കം വയ്ക്കാന്‍ ഹമാസ് ശ്രമിക്കുന്നുവെന്ന് നെതന്യാഹു; നുണയെന്ന് ഹമാസ്; ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് അവസാന നിമിഷത്തില്‍ പ്രതിസന്ധി; സമാധാനത്തിന്റെ വെള്ളക്കൊടി വീശി ആഘോഷിക്കാന്‍ കാത്തുനില്‍ക്കുന്നവരെ നിരാശപ്പെടുത്തി ഉടക്കുകള്‍; കാരണം ഇങ്ങനെ
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് അവസാന നിമിഷത്തില്‍ പ്രതിസന്ധി
ജെറുസലേം: ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് അവസാനനിമിഷത്തില്‍ പ്രതിസന്ധി. ഫലസ്തീനികളും, ഇസ്രയേലികളും, ലോകമെമ്പാടുമുള്ള മനുഷ്യരും ആകാംക്ഷയോടെ ശ്വാസമടക്കി പിടിച്ച് കാത്തിരിക്കുന്നതിനിടെയാണ് ഹമാസും ഇസ്രയേലും ആരോപണ-പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ഇസ്രയേലിനും ഗസയിലും ജനങ്ങള്‍ സമാധാനത്തിനായി ദാഹിക്കുന്നതിനിടെ, ഇസ്രയേല്‍ ഇന്നും ഗസയില്‍ വ്യോമാക്രമണം നടത്തി. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
എന്താണ് പ്രശ്‌നം?
കരാര്‍ നടപ്പാക്കുന്നതില്‍ ഹമാസിന്റെ ഭാഗത്ത് നിന്ന് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ച്ത്. അവസാന നിമിഷം ചില ഇളവുകള്‍ നേടിയെടുക്കാന്‍ ഹമാസ് ശ്രമിക്കുന്നു എന്നാണ് നെതന്യാഹുവിന്റെ ഓഫീസ് പറയുന്നത്. വിശദാംശങ്ങള്‍ പുറത്തുപറയുന്നുമില്ല. ഹമാസ് ഈ ആവശ്യങ്ങള്‍ പിന്‍വലിക്കാതെ, മന്ത്രിസഭ കരാര്‍ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
ബന്ദികള്‍ക്ക് പകരം വിട്ടയ്ക്കുന്ന ഫലസ്തീന്‍ തടവുകാരില്‍ കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരുണ്ടെങ്കില്‍ ഇസ്രയേലിന് വീറ്റോ ചെയ്യാമെന്ന മുന്‍ധാരണയില്‍ നിന്ന് ഹമാസ് പിന്മാറിയതായും നേരത്തെ ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ആരോപണങ്ങളെല്ലാം ഹമാസ് ശക്തമായി നിഷേധിച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറിന്റെ ഉപാധികളില്‍ നിന്ന് തങ്ങള്‍ പിന്മാറിയാതായ നൈതന്യാഹുവിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ഹമാസ് നേതാവ് സാമി അബു സുഹ്രി പറഞ്ഞത്. മധ്യസ്ഥര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഹമാസ് പ്രതിജ്ഞാബദ്ധമാണെന്ന് പോളിറ്റ് ബ്യൂറോ അംഗം ഇസ്സത് അല്‍ റിഷ്ഖ് മറ്റൊരു പ്രസ്താവനയിലും വ്യക്തമാക്കി.
പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയ 15 മാസത്തെ യുദ്ധത്തിന് അവസാനം കുറിക്കുന്ന നിര്‍ണായക ചുവടുവയ്പാണ് കരാര്‍. ഹമാസ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ദ്രുഗതിയിലുള്ള നടപടിക്ക് തുനിയുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പ്രസിഡന്റ് ജോ ബൈഡനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് കരാര്‍ യാഥാര്‍ഥ്യമാക്കിയത്.
ഇസ്രയേലില്‍ കടന്നുകയറി ഹമാസ് ആയുധധാരികള്‍ 1200 സൈനികരെയും സാധാരണക്കാരെയും കൊന്നൊടുക്കിയതോടെയാണ് സംഘര്‍ഷം യുദ്ധത്തിലേക്ക് വഴുതി വീണത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 46,000 ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ വഴിയാധാരമായി.
ഗാസാ വെടിനിര്‍ത്തല്‍ക്കരാറിന്റെ കരട് ഹമാസ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. കരാര്‍ പ്രകാരം മൂന്നുഘട്ടമായാകും വെടിനിര്‍ത്തല്‍ നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായിരിക്കും മുന്‍ഗണന. ഇതിനുപകരമായി ആയിരത്തിലേറെ ഫലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും.
ഈഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, കരാര്‍ പ്രാബല്യത്തില്‍ വന്നതിന്റെ 16-ാം ദിനം ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള രണ്ടാംഘട്ട ചര്‍ച്ച ഇസ്രയേല്‍ ആരംഭിക്കും. അതില്‍ ബന്ദികളായ പുരുഷസൈനികരെയും ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുകിട്ടാനുള്ള ശ്രമങ്ങളാവും നടത്തുക. മുഴുവന്‍ ബന്ദികളെയും വിട്ടുകിട്ടുംവരെ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറില്ലെന്നാണ് കരുതുന്നത്. എന്നാല്‍, ഗാസയുടെ വടക്കുനിന്ന് തെക്കോട്ടേക്ക് ഒഴിഞ്ഞുപോയവര്‍ക്ക് ഈ സമയത്ത് വീടുകളിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞേക്കും.
വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമുള്ള കരാര്‍ അവസാനഘട്ടത്തിലാണെന്ന് ജോ ബൈഡന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. മൂന്നുഘട്ടമായി വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ മേയില്‍ താന്‍ മുന്നോട്ടുവെച്ച പദ്ധതിയുടെ ചുവടുപിടിച്ചുള്ളതാണ് പുതിയ കരാറെന്നും ബൈഡന്‍ അറിയിച്ചിരുന്നു. ബൈഡന്റെ കരാറിനെ യു.എന്‍. രക്ഷാസമിതിയും പിന്തുണച്ചിരുന്നു. ഇസ്രയേലും ഹമാസും കടുംപിടിത്തം തുടരുകയും ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ മധ്യസ്ഥശ്രമങ്ങളില്‍നിന്ന് 2024 നവംബറില്‍ അവര്‍ താത്കാലികമായി പിന്മാറിയിരുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമിച്ച് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. 2023 നവംബറില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ ഇടവേളയ്ക്കിടെ അതില്‍ 80 പേരെ മോചിപ്പിച്ചിരുന്നു. ബാക്കിയുള്ളവരെ വിട്ടുകിട്ടാനുണ്ട്. ഇവരില്‍ 34 പേര്‍ മരിച്ചെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിലയിരുത്തല്‍.