അതിരപ്പിള്ളി വനമേഖലയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു; വെടികൊണ്ടില്ലെന്ന് സൂചന; ഉള്‍വനത്തിലേക്ക് ആന നീങ്ങിയതോടെ പിന്തുടര്‍ന്ന് ദൗത്യസംഘം; മയക്കിയ ശേഷം ചികിത്സ നല്‍കാന്‍ നീക്കം

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു

Update: 2025-01-22 06:20 GMT

തൃശൂര്‍: അതിരപ്പിള്ളി വനമേഖലയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ നാട്ടിലെത്തിച്ചു ചികിത്സിക്കാന്‍ ശ്രമം തുടരുന്നു. മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു. വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സഖറിയയും സംഘവും സ്ഥലത്തെത്തി നടത്തിയ നിരീക്ഷണത്തിനു ശേഷമാണ് വെടിവച്ചത്. മയക്കുവെടിയേറ്റ ആന കാട്ടിലേക്ക് നീങ്ങി.

അതേസമയം മയക്കുവെടി ആനയ്ക്ക് കൊണ്ടില്ല എന്നാണ് വിവരം. ആന ഉള്‍വനത്തിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ദൗത്യസംഘം അടുത്ത നടപടികളിലേക്ക് കടന്നു. മയക്കുവെടിവെച്ച് മയക്കിയതിന് ശേഷം ആനയ്ക്ക് ചികിത്സ നല്‍കാനായിരുന്നു പദ്ധതിയിട്ടത്.

വെറ്റിലപ്പാറ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഫാക്ടറിക്കു സമീപം പുഴയുടെ തുരുത്തിലാണ് ആനയുള്ളത്. 15 മുതല്‍ ആന ഈ പരിസരത്തുണ്ട്. ഇടവിട്ട ദിവസങ്ങളില്‍ ആനയെ കണ്ടതിനെ തുടര്‍ന്നാണു വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചത്. മറ്റൊരു ആനയുമായി കൊമ്പുകോര്‍ത്തപ്പോള്‍ കുത്തേറ്റതാണെന്നാണു കരുതുന്നത്. മസ്തകത്തില്‍ രണ്ട് മുറിവുണ്ട്. വെടിയേറ്റതാണെന്നും പ്രചാരണമുണ്ടായി. ആനയുടെ ഒരു മുറിവ് ഭേദമായിട്ടുണ്ടെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആന ഒറ്റയ്ക്കാണെന്നും അവശനാണെന്നും ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തുണ്ട്. ആനകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍ സ്വയം ഉണങ്ങാറാണു പതിവ്. എന്നാല്‍ ജനവാസ മേഖലകളില്‍ നിരന്തരം ആന പ്രത്യക്ഷപ്പെട്ടതോടെയാണു മയക്കുവെടിവച്ച് പിടികൂടി ചികിത്സ നല്‍കാന്‍ തീരുമാനിച്ചത്.

നേരത്തെ ആന തുരുത്തില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. തുരുത്തില്‍വെച്ച് മയക്കുവെടിവെയ്ക്കുക പ്രായോഗികമല്ലാതിരുന്നതിനാല്‍ ആന പ്ലാന്റേഷന് സമീപത്തേക്ക് നീങ്ങുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു സംഘം. പ്ലാന്റേഷന് സമീപത്തേക്ക് ആന നീങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്.

Tags:    

Similar News