ക്രെഡിറ്റ് കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും അടക്കമുള്ള വിവരങ്ങള്‍ കാണിച്ച് വിശ്വസിപ്പിച്ചു; അധ്യാപകനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് തട്ടിപ്പ് സംഘം; മുറിക്കുള്ളില്‍ മുള്‍മുനയില്‍ നിര്‍ത്തിയത് മൂന്ന് മണിക്കൂര്‍: പത്ത് മിനിറ്റ് കൊണ്ട് പൊളിച്ച് പോലിസ്

അധ്യാപകനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് തട്ടിപ്പ് സംഘം; പത്ത് മിനിറ്റ് കൊണ്ട് പൊളിച്ച് പോലിസ്

Update: 2025-01-25 03:11 GMT

തിരുവനന്തപുരം: അധ്യാപകനെ വെര്‍ച്വല്‍ അറസ്റ്റിലാക്കിയ തട്ടിപ്പ് സംഘത്തിന്റെ കള്ളക്കളി പത്ത് മിനിറ്റ് കൊണ്ട് പൊളിച്ച് കേരളാ പോലിസ്. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നിരത്തി മൂന്ന് മണിക്കൂറോളം അധ്യാപകനെ വെര്‍ച്വല്‍ അറസ്റ്റിലാക്കുക ആയിരുന്നു. മകന്റെയും പോലീസുകാരുടെയും ബുദ്ധിപരമായ നീക്കമാണ് ഇടപ്പഴഞ്ഞി സ്വദേശിയായ അധ്യാപകനെ പണം നഷ്ടമാകാതെ തട്ടിപ്പില്‍ നിന്നും രക്ഷിച്ചത്. മലയാളത്തില്‍ സംസാരിച്ച് അധ്യാപകനെ സംബന്ധിച്ച സകല വിവരങ്ങളും നിരത്തിയായിരുന്നു വിര്‍ച്വല്‍ അറസ്റ്റിലാക്കിയത്. എന്നാല്‍ തട്ടിപ്പുകാരുടെ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന വെര്‍ച്വല്‍ അറസ്റ്റ് പോലീസ് പത്തു മിനിറ്റുകൊണ്ടാണ് പൊളിച്ചുകൊടുത്തത്.

ഏകദേശം ഉച്ചയ്ക്ക് രണ്ടരയോടെയാണ് തട്ടിപ്പുകാര്‍ അധ്യാപകന്റെ ഫോണിലേക്ക് വിളിക്കുന്നത്. സംഭാഷണം എല്ലാം മലയാളത്തില്‍ത്തന്നെ ആയിരുന്നു. മുംബൈയിലെ കസ്റ്റമര്‍ കെയറില്‍നിന്നു വിളിക്കുന്നതായാണ് പറഞ്ഞത്. വിശ്വസിക്കാനായി പേരും പദവിയുമെല്ലാം അധ്യാപകനോടു പറഞ്ഞു വിശ്വസിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24-ന് അധ്യാപകന്റെ പേരില്‍ കാനറ ബാങ്കില്‍നിന്ന് ഒരു ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ടുണ്ടെന്നും അത് അദ്ദേഹത്തിന്റേത് അല്ലെങ്കില്‍ ഉടനെ റദ്ദാക്കണമെന്നും അറിയിക്കുന്നു. അതിനായി മുംബൈ പോലീസിനെ സമീപിക്കണമെന്നും അവരെ തങ്ങള്‍ വീഡിയോ കോളായി ബന്ധപ്പെടുത്തിത്തരാമെന്നും തട്ടിപ്പുകാര്‍ പറഞ്ഞു.

തൊട്ടടുത്തനിമിഷം വാട്‌സാപ്പ് വഴി വീഡിയോകോള്‍ വന്നു. പോലീസ് വേഷത്തിലായിരുന്നു തട്ടിപ്പുകാര്‍ വീഡിയോ കോളിലെത്തിയത്. എസ്.ഐ. ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ വിനായക് എന്നപേരില്‍ ഒരാളെ മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അയാളുടെ കൈയില്‍നിന്നു അധ്യാപകന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെന്നും പറയുന്നു. കള്ളപ്പണം വെളുപ്പിക്കലിനായി എത്തിയ വിനായകിന്റെ കൈയില്‍നിന്ന് ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയതിനാല്‍ അധ്യാപകനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ഇതോടെ അധ്യാപകന്‍ ഭയന്നു പോയി.

പിന്നാലെ സി.ബി.ഐ. സംഘവും വീഡിയോ കോളില്‍ അറസ്റ്റിനായി എത്തി. അവര്‍ പറഞ്ഞ ആധാര്‍ നമ്പറും ക്രെഡിറ്റ് കാര്‍ഡ് നമ്പറുമെല്ലാം അധ്യാപകന്റേതുതന്നെയായിരുന്നു. അറസ്റ്റ് ചെയ്തുവെച്ചിരുന്ന സമയം ഭാര്യയെയോ മരുമകളേയോ മുറിക്കുള്ളില്‍ കയറാന്‍പോലും തട്ടിപ്പുകാര്‍ അനുവദിച്ചിരുന്നില്ല. വീട്ടുകാരും ഇതോടെ ഭയത്തിലായി.

ഇതോടെ അധ്യാപകന്റെ ഭാര്യ മകനെ നാലരമണിയോടെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. ഉടന്‍ തന്നെ മകന്‍ സൈബര്‍ പോലീസിനെ വിവരം അറിയിച്ച് പത്തു മിനിറ്റിനുള്ളില്‍ എസ്.ഐ. ഷെഫിനും സംഘവും ഇടപ്പഴഞ്ഞിയിലെ വീട്ടിലെത്തുന്നു. തട്ടിപ്പുകാരോട് അധ്യാപകന്റെ ഫോണില്‍ സംസാരിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിച്ച് കട്ടയ്ക്കു പിടിച്ചുനിന്ന തട്ടിപ്പുകാരോട് ഐ.ഡി. കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുടുങ്ങി. അവരുടെ ഓഫീസും പൂര്‍ണമായി കാണിച്ചുകൊടുക്കാന്‍ പറഞ്ഞതോടെ ഫോണ്‍കോള്‍ കട്ട് ചെയ്ത് പിന്‍വാങ്ങുകയായിരുന്നു.

ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കൈക്കലാക്കിയാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നത്. ഇതുകാരണം ഇരയാവുന്നവര്‍ പെട്ടെന്നുതന്നെ ഇവരുടെ വലയില്‍വീഴുന്നു.

Tags:    

Similar News