പാസ്‌പോര്‍ട്ട് നല്‍കാതിരിക്കാന്‍ പരമാവധി ശ്രമിച്ചപ്പോള്‍ കോടതി പറഞ്ഞത് ആദ്യം കുറ്റം തെളിയിക്കൂ എന്ന്; മുഖ്യമന്ത്രിയ്‌ക്കെതിരായ വധശ്രമത്തിന് കേസ് എടുത്തിട്ട് കുറ്റപത്രം നല്‍കാന്‍ പോലും മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന പോലീസിന് സാധിച്ചിട്ടില്ല! ഫര്‍സീന്‍ മജീദിന് പാസ്‌പോര്‍ട്ടും കിട്ടുമ്പോള്‍; ഇന്‍ഡിഗോ വിമാനകേസില്‍ ഇനി എന്ത്?

Update: 2025-02-01 02:59 GMT

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയായ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിന് പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടി. പാസ്‌പോര്‍ട്ട് നല്‍കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ബഹു.കോടതി പറഞ്ഞത് ആദ്യം ഇയാള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കൂ എന്നാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് വധശ്രമത്തിന് കേസ് എടുത്തിട്ട് ഇന്നുവരെ കുറ്റപത്രം കോടതിക്ക് മുന്നില്‍ എത്തിക്കാന്‍ പോലും മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന പോലീസിന് സാധിച്ചിട്ടില്ല. എന്നിട്ടും പറയുകയാണ് മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ച പ്രതി രാജ്യം വിടുമെന്ന്..! എവിടെ പോയാലും ഇവിടെ തന്നെ കാണും.. പിണറായി വിജയന്റെ ഭരണം അവസാനിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരന്റെയും കൂടെ-ഫെയ്‌സ് ബുക്കില്‍ ഫര്‍സീന്‍ കുറിച്ചത് ഇങ്ങനെയാണ്.

കേസില്‍ പെട്ട് 23 മാസത്തിനുശേഷം തിരുവനന്തപുരത്തു പ്രവേശിക്കാന്‍ അനുമതി നേടിയത് അടക്കം നിരവധി നിയമ പോരാട്ടങ്ങള്‍ ഫര്‍സീന്‍ നടത്തി. കേസില്‍ ജാമ്യം നല്‍കിയപ്പോള്‍, മുഖ്യമന്ത്രിയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ഹൈക്കോടതി ഉപാധിവച്ചിരുന്നു. പിന്നീട് ഹൈക്കോടതിയില്‍ നിന്നും ഇളവ് വാങ്ങി. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് കോടതിയുടെ കസ്റ്റഡിയില്‍നിന്നു വാങ്ങി പുതുക്കുന്നതിനു വേണ്ടിയായിരുന്നു ആദ്യ തിരുവനന്തപുരത്ത് എത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെയായിരുന്നു 2022 ജൂണ്‍ 12ന് ഇന്‍ഡിഗോ വിമാനം കണ്ണൂരില്‍നിന്നു തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പ്രതിഷേധം. 13 ദിവസം ജയിലില്‍ കിടന്നശേഷം ഹൈക്കോടതി ഉത്തരവിലൂടെയാണു ജാമ്യം ലഭിച്ചത്.

മുദ്രാവാക്യം വിളിച്ച ഫര്‍സീനെയും ഒപ്പമുണ്ടായിരുന്ന നവീനെയും വിമാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തള്ളിവീഴ്ത്തിയതിനെതിരെ ഇവരും പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്തു പ്രവേശിക്കാന്‍ വിലക്കുള്ളതിനാല്‍ കൊല്ലത്തെത്തിയാണ് ഈ കേസില്‍ ഇവരുടെ മൊഴി വലിയതുറ പൊലീസ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ കേസില്‍ ജയരാജന് അനുകൂലമായാണു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ ഫര്‍സീനും നവീനും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവര്‍ പ്രതികളായ കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. ഫര്‍സീന് പാസ്‌പോര്‍ട്ട് കൂടി കിട്ടുമ്പോള്‍ വിമാന ആക്രമണ കേസിന്റെ ഭാവി എന്തെന്ന ചോദ്യമാണ് ഉയരുന്നത്. വിമാനക്കമ്പനിയുടെ നിലപാട് അടക്കം ഫര്‍സീന് അനുകൂലമാണെന്നാണ് സൂചന.

ഫര്‍സീന്‍ മജീദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

രണ്ടര വര്‍ഷത്തെ

നിയമപോരാട്ടത്തിനൊടുവില്‍ പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടി..??

കേരളത്തിലെ ആഭ്യന്തരവകുപ്പും പോലീസും പരമാവധി എല്ലാ തരത്തിലും ഉപദ്രവിച്ചപ്പോഴും,

നല്‍കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ബഹു.കോടതി പറഞ്ഞത് ആദ്യം ഇയാള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കൂ എന്നാണ്.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് വധശ്രമത്തിന് കേസ് എടുത്തിട്ട് ഇന്നുവരെ കുറ്റപത്രം കോടതിക്ക് മുന്നില്‍ എത്തിക്കാന്‍ പോലും മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന പോലീസിന് സാധിച്ചിട്ടില്ല.

എന്നിട്ടും പറയുകയാണ് മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ച പ്രതി രാജ്യം വിടുമെന്ന്..!

എവിടെ പോയാലും ഇവിടെ തന്നെ കാണും..

പിണറായി വിജയന്റെ ഭരണം അവസാനിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരന്റെയും കൂടെ.

പിന്തുണയും സഹായങ്ങളും നല്‍കിയ പ്രിയപ്പെട്ടവര്‍ക്ക് നന്ദി.

Adv Mridul John Mathew Nafeesath Mizriya

അഡ്വ.ടി എ ജസ്റ്റിന്‍

നിയമപരവും ആശയപരവുമായ പോരാട്ടം തുടരും.

Tags:    

Similar News