വന്ദേഭാരതിനായി സില്‍വര്‍ലൈന്‍ അലൈന്‍മെന്റില് മാറ്റം വരുത്തില്ല; അതിവേഗ ട്രെയിനുകള്‍ക്ക് പ്രത്യേക ലൈന്‍ വേണം; സ്റ്റാന്‍ഡേഡ് ഗേജ് തന്നെ വേണം; റെയില്‍വേ ഭൂമി ഒഴിവാക്കാന്‍ അലൈന്‍മെന്റില്‍ ഭേദഗതിയാകാമെന്നും കെറെയില്‍

സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് കെറെയില്‍

Update: 2025-02-10 13:39 GMT

തിരുവനന്തപുരം: റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം സില്‍വര്‍ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് കെറെയില്‍. അതിവേഗ ട്രെയിനുകള്‍ക്കു പ്രത്യേക ലൈന്‍ ആവശ്യമാണെന്നും അതിനാല്‍ തന്നെ സ്റ്റാന്‍ഡേഡ് ഗേജ് തന്നെ വേണമെന്നും ദക്ഷിണ റെയില്‍വേയ്ക്ക് അയച്ച കത്തില്‍ കെറെയില്‍ വ്യക്തമാക്കി.

റെയില്‍വേ ഭൂമി കൈമാറുന്നതാണ് പ്രശ്നമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന് കെ-റെയില്‍ കത്തയച്ചു. പാരിസ്ഥിതിക, സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അലൈന്‍മെന്റ് മാറ്റത്തിന് തയാറാണെന്നും അറിയിച്ചു. വന്ദേഭാരതിനും ചരക്ക് വണ്ടികള്‍ക്കുമായി ബ്രോഡ്ഗേജാക്കി മാറ്റണമെന്ന നിര്‍ദേശമായിരുന്നു റെയില്‍വേ മുന്നോട്ടുവെച്ചത്. അത് കെ-റെയില്‍ തള്ളി. നിലവിലെ പാതയ്ക്ക് സമാന്തരമായി മറ്റൊരു പാത അപ്രയോഗികമാണെന്നാണ് അവരുടെ നിലപാട്.

അതേസമയം അതിവേഗ തീവണ്ടികള്‍ക്ക് പ്രത്യേക പാത തന്നെ വേണമെന്നും വന്ദേ ഭാരത് ട്രെയിന്‍ ഓടിക്കാന്‍ കഴിയുംവിധം അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും കെ-റെയില്‍ വ്യക്തമാക്കുന്നു. അതിവേഗ വണ്ടിക്കുവേണ്ടി സില്‍വര്‍ ലൈന്‍ ഡിപിആര്‍ ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോറായി തന്നെ പരിഗണിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

റെയില്‍വേയുടെ ബദല്‍ നിര്‍ദേശം തള്ളി മെട്രോ മാനും ബി.ജെ.പി നേതാവുമായ ഇ.ശ്രീധരനും രംഗത്തുവന്നു. ബ്രോഡ്ഗേജ് പാത നിര്‍ദേശം അപ്രയോഗികമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍തന്നെ പ്രത്യേക പാത വേണമെന്നാണ് ശ്രീധരന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ.ശ്രീധരന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് അയക്കുകയും ചെയ്തു.

റെയില്‍വേയുടെ 108 ഹെക്ടര്‍ ഭൂമിയാണ് സില്‍വര്‍ലൈനിന് വേണ്ടത്. ഇത് വിട്ടുതരാന്‍ തയ്യാറല്ലെങ്കില്‍ അലൈമെന്റില്‍ മാറ്റം വരുത്താമെന്നാണ് കെ-റെയില്‍ വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ കൂടുതല്‍ ഭൂമി കണ്ടെത്തേണ്ടി വരും.

പാത ബ്രോഡ്‌ഗേജാക്കണം, വന്ദേഭാരതും ഗുഡ്‌സ് ട്രെയിനുകളും ഓടിക്കാന്‍ കഴിയണം, നിലവിലുള്ള പാതയുമായി ഓരോ 50 കിലോമീറ്ററിലും ബന്ധിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണു റെയില്‍വേ മുന്നോട്ടുവച്ചത്. എന്നാല്‍ ഡിസൈന്‍ വേഗം 220 കിമീ, പരമാവധി വേഗം 200 കിമീ , പാത സ്റ്റാന്‍ഡേഡ് ഗേജ് എന്നിങ്ങനെയാണു സില്‍വര്‍ലൈന്‍ പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഓട്ടമാറ്റിക് സിഗ്‌നലിങ്ങിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കവച് സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും റെയില്‍വേ നിഷ്‌കര്‍ഷിച്ചിരുന്നു.

Tags:    

Similar News