ഡോണള്‍ഡ് ട്രംപിന്റെ നിലപാട് തള്ളി; പാരീസ് ഉടമ്പടിയില്‍ ഉറച്ചു നില്‍ക്കാന്‍ ഇന്ത്യയും ഫ്രാന്‍സും; സൈനികേതര ആണവോര്‍ജ മേഖലയില്‍ ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കും; നിര്‍ണായക കരാറുകളില്‍ ധാരണ; നരേന്ദ്ര മോദി യു എസിലേക്ക്

പാരീസ് ഉടമ്പടിയില്‍ ഉറച്ചു നില്‍ക്കാന്‍ ഇന്ത്യയും ഫ്രാന്‍സും

Update: 2025-02-12 16:59 GMT

പാരിസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പാരീസ് ഉടമ്പടിയില്‍ ഉറച്ചു നില്‍ക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തീരുമാനിച്ചു. പാരിസ് ഉടമ്പടിക്കെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട് തള്ളിക്കൊണ്ടാണ് മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഇക്കാര്യം വ്യക്തമാക്കിയത്. സൈനികേതര ആണവോര്‍ജ്ജ മേഖലയില്‍ ഫ്രാന്‍സുമായുള്ള ബന്ധം ശക്തമാക്കാനും ഇന്ത്യ തീരുമാനിച്ചു. ചെറിയ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതില്‍ അടക്കം പരസ്പര സഹകരണത്തിിന് ഇരുരാജ്യങ്ങളും ധാരണയായി.

ഇന്നലെ ഫ്രാന്‍സില്‍ നടന്ന എ ഐ ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം സഹ അധ്യക്ഷനായാണ് മോദി പങ്കെടുത്തത്. ഇതിനുശേഷം മാര്‍സെയിലെത്തിയ ഇരു നേതാക്കളും രാത്രി നടത്തിയ ചര്‍ച്ചയിലാണ് സൈനികേതര ആണവോര്‍ജ രംഗത്തെ ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ചെറിയ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതില്‍ അടക്കം സഹകരിക്കാന്‍ ധാരണയായി.

ചെറിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ഫ്രഞ്ച് കമ്പനികളെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. ഇന്ന് ഉച്ചക്ക് മാര്‍സെയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മോദിയും മക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ പുതിയ നാഷണല്‍ മ്യൂസിയം നിര്‍മ്മിക്കാന്‍ സഹകരിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.

ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി വൈകിട്ട് അഞ്ചരയോടെ അമേരിക്കയിലേക്ക് തിരിച്ചു. നാളെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തല്‍,? ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന.

അതേസമയം എ ഐ ഉച്ചകോടിക്കിടെ ഇമ്മാനുവല്‍ മക്രോണ്‍ നരേന്ദ്ര മോദിക്ക് കൈകൊടുക്കാതെ അവഗണിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളികളഞ്ഞു. ഉച്ചകോടിയില്‍ സഹ അധ്യക്ഷരായിരുന്ന മോദിയും മക്രോണും ഹസ്തദാനം നല്‍കി ഒന്നിച്ച് ഹാളിനുള്ളിലേക്ക് വന്നതിനു ശേഷം മക്രോണ്‍ മറ്റ് അതിഥികളെ പരിചയപ്പെടുന്ന ഭാഗം കട്ട് ചെയ്താണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

Tags:    

Similar News