മാര്‍ച്ച് 31ന് മുമ്പ് മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം അപ്രയോഗികം; ഈ പലിശ രഹിത വായ്പ വാങ്ങിയില്ലെങ്കില്‍ ഭാവിയില്‍ കേന്ദ്ര സഹായം തരില്ലെന്ന ആശങ്കയും പിണറായി സര്‍ക്കാരിന്; വായ്പയില്‍ കേന്ദ്ര സര്‍ക്കാരിനെ അതൃപ്തി അറിയിക്കും; ഇളവും ആവശ്യപ്പെടും; സെക്രട്ടറി തല ചര്‍ച്ചയിലൂടെ അവ്യക്ത നീക്കാന്‍ ധനവകുപ്പ്; വയനാടിനുള്ള ആ 529 കോടി വേണ്ടെന്ന് വയ്ക്കില്ല

Update: 2025-02-15 01:24 GMT

തിരുവനന്തപുരം : മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ക്കുള്ള 529.50 കോടി രൂപ വായ്പ വാങ്ങണമോ എന്നതില്‍ സംസ്ഥാന സര്‍ക്കാരില്‍ രണ്ടഭിപ്രായം. എന്നാല്‍ തുക മാര്‍ച്ച് 31നുള്ളില്‍ ചെലവിട്ട് നിശ്ചിത പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന അപ്രായോഗിക നിര്‍ദേശവുമുണ്ട് കേന്ദ്രധനമന്ത്രാലയത്തിന്റെ ഉത്തരവില്‍. ഇതിനൊപ്പം വയനാടിന് പ്രത്യേക പാക്കേജ് അനുവദിച്ചുമില്ല. ഈ സാഹചര്യത്തില്‍ വായ്പാ നിര്‍ദ്ദേശം തള്ളണമെന്നാണ് ഒരഭിപ്രായം. എന്നാല്‍ സംസ്ഥാനത്തിന്റെ കടം പരിധികള്‍ വിട്ട സ്ഥിതിയിലാണ്. അതുകൊണ്ട് തന്നെ കേന്ദ്ര സഹായം അനിവാര്യതയും. വയനാടിനുള്ള പലിശ രഹിത വായ്പ വേണ്ടെന്ന് വച്ചാല്‍ ഭാവിയില്‍ കേന്ദ്ര സഹായങ്ങളെ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് കരുതലോടെ നീങ്ങാനാണ് തീരുമാനം. വായ്പ സ്വീകരിക്കുമെന്ന് തന്നെയാണ് ലഭ്യമായ വിവരം.

അതിനിടെ മാര്‍ച്ച് 31ന് മുമ്പ് മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം അപ്രയോഗികമാണെന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇളവും ആവശ്യപ്പെട്ടേക്കും. ഇത് അനുവദിച്ചാല്‍ വായ്പ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് വിലയിരുത്തല്‍. ഏതായാലും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. മുണ്ടക്കൈക്കുവേണ്ടി സഹായവും വായ്പയും ചോദിച്ചിരുന്നു. സഹായം കിട്ടിയില്ലെന്നു കരുതി പുനരധിവാസം മാറ്റിവയ്ക്കാനാവില്ല. വായ്പ നേരത്തെ അനുവദിച്ചിരുന്നെങ്കില്‍ കുറേയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നുവെന്ന നിലപാടിലാണ് ധനമന്ത്രി. മേപ്പാടി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലെ മുന്നൂറിലേറെ മനുഷ്യജീവനും നൂറുകണക്കിന് വീടും വളര്‍ത്തുമൃഗങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ട വന്‍ ദുരന്തങ്ങളിലൊന്നായിരുന്നു മുണ്ടക്കൈയിലേത്. ദുരന്തമുണ്ടായി ആദ്യദിവസങ്ങളില്‍തന്നെ അടിയന്തര സഹായത്തിന് സംസ്ഥാനം അപേക്ഷിച്ചെങ്കിലും ഒന്നും ലഭ്യമായില്ല. കേന്ദ്ര മാനദണ്ഡപ്രകാരം ആവശ്യമുള്ള തുകയുടെ വിശദമായ കണക്കായ പിഡിഎന്‍എ (പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസ്സസ്മെന്റ്) നവംബറില്‍ സമര്‍പ്പിച്ചു.

കേന്ദ്ര സഹായത്തിനായി സര്‍ക്കാര്‍തലത്തില്‍ നിരവധിതവണ സമ്മര്‍ദംചെലുത്തി. ഹൈക്കോടതിയും ഇടപെട്ടു. പ്രത്യേക പാക്കേജും ഒപ്പം മൂലധന നിക്ഷേപത്തിനായുള്ള കാപെക്സ് ഫണ്ട് (കാപിറ്റല്‍ എക്സ്പെന്‍ഡിച്ചര്‍) വായ്പയായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 50 വര്‍ഷംകൊണ്ട് തിരിച്ചടക്കേണ്ട പലിശരഹിതവായ്പയാണിത്. ദുരന്തമുണ്ടായി 197-ാം ദിവസമാണ് 592.50 കോടി രൂപ വായ്പയായി അനുവദിച്ചത്. ടൗണ്‍ഷിപ്പില്‍ പുനരധിവാസത്തിനു പൊതുകെട്ടിടങ്ങളുടെ നിര്‍മാണം (111.32 കോടി), റോഡ് നിര്‍മാണം (87.24 കോടി), പുന്നപ്പുഴ നദിയില്‍ എട്ടു കിലോമീറ്റര്‍ ഭാഗത്ത് ഒഴുക്ക് ക്രമീകരിക്കല്‍ (65 കോടി), അഗ്നിശമന നിലയം (21 കോടി), മുട്ടില്‍ മേപ്പാടി റോഡ് നവീകരണം (60 കോടി) എന്നിവയുള്‍പ്പെടെ 16 പദ്ധതികള്‍ക്കാണ് വായ്പ. റോഡും പാലവും കെട്ടിടവും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ 45നാള്‍ കൊണ്ട് പൂര്‍ത്തിയാക്കല്‍ സാധ്യമല്ല. ഫണ്ട് വകമാറ്റാനും പറ്റില്ല. അതുകൊണ്ട് തന്നെ ഈ ഫണ്ട് കിട്ടിയാല്‍ കേരളത്തിന് മറ്റാവശ്യങ്ങള്‍ ഉപയോഗിക്കാനും കഴിയില്ല.

മുണ്ടക്കൈ പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച 530.50 കോടി വായ്പാ സഹായം പാഴാകാതിരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ അനിവാര്യതയാണ്. വായ്പ സ്വീകരിക്കാനുള്ള തീരുമാനം ഉടന്‍ എടുക്കും. വായ്പ വാങ്ങാനാണ് തീരുമാനമെങ്കില്‍ നടത്തിപ്പ് വേഗത്തിലാക്കാന്‍ വകുപ്പുതല സെക്രട്ടറിമാരുടെ യോഗം ഉടന്‍ ചേരും. മാര്‍ച്ച് 31നകം പണം ചെലവഴിച്ച് കണക്ക് നല്‍കണമെന്ന കേന്ദ്ര നിര്‍ദേശമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. പ്രായോഗിക തടസ്സങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ച് ആലോചനകളില്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ഉന്നത യോഗങ്ങള്‍ ചേരും. ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച ചേര്‍ത്ത ശേഷം ധന, റവന്യു, പൊതുമരാമത്തടക്കം 16 പദ്ധതികളുടെ ഭാഗമായ മുഴുവന്‍ വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തില്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും.

വായ്പ വാങ്ങാന്‍ തീരുമാനിച്ചാല്‍ നടപടി പ്രക്രിയകള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ഭരണാനുമതി നല്‍കി പരമാവധി പണം ചിലവഴിച്ചെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും. സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപങ്ങള്‍ക്കായി അനുമതിക്കുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ വയനാട് പുനരധിവാസത്തിന് അനുവദിച്ചത്. പ്രത്യേക ഗ്രാന്‍ഡ് എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല. വയനാട് ദുരന്തം തീവ്രപ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനര്‍നിര്‍മാണത്തിനായി 2000 കോടിയുടെ പ്രത്യേക പദ്ധതി സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ കേന്ദ്ര തീരുമാനം അനന്തമായി വൈകിയതോടെ പ്രശ്‌നം സുപ്രീം കോടതിയുടെ പരിഗണനയിലെത്തി. ഈ സാഹചര്യത്തിലാണ് വായ്പ അനുവദിച്ചതായി ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു അറിയിപ്പു ലഭിച്ചത്.

16പദ്ധതികള്‍ക്കായി പ്രത്യേകമായാണ് സഹായം അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതികളില്‍ നിന്നു ഫണ്ട് വക മാറ്റി ചെലവഴിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കും .ആവര്‍ത്തന പദ്ധതികള്‍ പാടില്ല. 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്കാണ് വായ്പ, ഇത് മാര്‍ച്ച് 31നകം വിനിയോഗിച്ച് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് വ്യവസ്ഥ. പലിശയില്ലാത്ത വായ്പ 50 വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി. കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് വായ്പ അനുവദിച്ചത്. എന്നാല്‍, പ്രഖ്യാപനം വൈകിപ്പോയെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. അനുവദിച്ച വായ്പയുടെ ചെലവുകണക്കുകള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ നല്‍കണം. ഇത് അസാധ്യമാണെന്ന നിലപാടിലാണ് കേരളം. കണക്ക് നല്‍കിയില്ലെങ്കില്‍ വായ്പ നഷ്ടമാകും. കേരളത്തിന് പണം അനുവദിച്ചുവെന്ന് വരുത്തുകയും ഇതിനൊപ്പം അത് കിട്ടാതിരിക്കുകയും ചെയ്യണമെന്ന മുന്‍വിധി ഈ കേന്ദ്ര തീരുമാനത്തിലുണ്ടെന്ന വിലയിരുത്തല്‍ സംസ്ഥാന സര്‍ക്കാരിലും സജീവമാണ്.

പുനരധിവാസത്തിന് 2000 കോടി രൂപയുടെ പാക്കേജ് വേണമെന്ന് കേന്ദ്രബജറ്റിന് മുമ്പ് നല്‍കിയ നിവേദനവും അംഗീകരിക്കാത്തതും കേരളം അവഗണനയായി വിലയിരുത്തുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വായ്പയും അതിലെ നിബന്ധനകളും. അതുകൊണ്ട് തന്നെ വായ്പ സ്വീകരിക്കണോ എന്ന ചര്‍ച്ച സര്‍ക്കാരിനുള്ളില്‍ സജീവമാണ്. ഇക്കാര്യത്തില്‍ സിപിഎം എടുക്കുന്ന രാഷ്ട്രീയ തീരുമാനവും നിര്‍ണ്ണായകമാകും.

Tags:    

Similar News