പാലക്കാട് എംഎല്‍എയ്‌ക്കെതിരായ കേസില്‍ അസാധാരണ നീക്കവുമായി ക്രൈംബ്രാഞ്ച്; അന്വേഷണ സംഘം അതീവ രഹസ്യമായി അടൂരില്‍ എത്തി; പെണ്‍കുട്ടികളെ പന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ അണിയറ നീക്കം; ഏത് നിമിഷവും വീട്ടിലേക്ക് ക്രൈംബ്രാഞ്ച് എത്തും; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാകുമോ?

Update: 2025-08-29 05:12 GMT

പത്തനംതിട്ട: ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുമെന്ന് അഭ്യൂഹം. നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. പെണ്‍കുട്ടികളെ പിന്തുടര്‍ന്നു ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്. രാഹുലിനെതിരെ നിയമപ്രകാരമുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. അപ്രതീക്ഷിത നീക്കം ഈ കേസില്‍ ക്രൈംബ്രാഞ്ച് നടത്തുകായണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടിലേക്ക് ക്രൈംബ്രാഞ്ച് സംഘം പോയിട്ടുണ്ട്. ഈ സംഘം അടൂരില്‍ എത്തി. ഏത് നിമിഷം വേണമെങ്കിലും രാഹുലിന്റെ വീട്ടില്‍ ഇവരെത്തും. മുകളില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയാല്‍ അറസ്റ്റും ചെയ്യും. രാഹുലിനെതിരെ പെണ്‍കുട്ടികളുടെ മൊഴി ക്രൈംബ്രാഞ്ചിന് കിട്ടിയെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് അടക്കം ചിന്തിക്കുന്നത്. രാഹുലിന്റെ വീട്ടിന് മുന്നില്‍ സദാസമയം പോലീസ് കാവലുണ്ട്. രാഹുല്‍ ഒളിവില്‍ പോകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്.

ആരോപണം ഉന്നയിച്ച സ്ത്രീകളില്‍നിന്നു നേരിട്ടു പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചിരുന്നത്. ഇതു സംബന്ധിച്ച് ലഭിച്ച നിയമോപദേശങ്ങളെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ആലോചിച്ചതിനു ശേഷമാണ് നിയമനടപടിയിലേക്കു കടക്കാമെന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് രാഹുലിന് എതിരെ ആരോപണം ഉയര്‍ന്നിരുന്നത്. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്നത് ഉള്‍പ്പെടെയുള്ള ശബ്ദസന്ദേശവും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തില്‍ സൈബര്‍ വിഭാഗം കേസെടുക്കാനാണ് സാധ്യത. ബാലാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും രാഹുലിന് എതിരെ പരാതികള്‍ ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലും പലരും പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതിനു പുറമേ ആരോപണം ഉന്നയിച്ച സ്ത്രീയെ കൊല്ലാന്‍ വേണ്ട സമയത്തെക്കുറിച്ചു രാഹുല്‍ പറഞ്ഞത് ക്രിമിനല്‍ മനോഭാവത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് കേസെടുത്തത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതര ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ ക്രൈം ബ്രാഞ്ച് അതിജീവിതകളുടെ മൊഴിയെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിജീവിതകള്‍ മൊഴി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. തുടര്‍ന്ന് രാഹുലിനെയും അന്വേഷക സംഘം ചോദ്യം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് വിരുദ്ധമായാണ് സംഘം അടൂരിലേക്ക് എത്തുന്നത്. രാഹുലിനെ അറസ്റ്റു ചെയ്യാനുള്ള നീക്കമായി ഇത് വ്യാഖ്യാനിക്കുന്നതും ക്രൈംബ്രാഞ്ചിന്റെ രഹസ്യ നീക്കം കാരണമാണ്. ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനും പോലീസ് ആലോചിച്ചിരുന്നു. ഇവരുടെ മൊഴി കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. രാഹുലിനെതിരെ ആരോപണമുന്നയിച്ച മറ്റ് രണ്ട് സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്താനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് മേല്‍നോട്ടം വഹിക്കും.പരാതികള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. സൈബര്‍ വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധന്‍, വനിതാ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ട്. ലൈംഗിക അതിക്രമ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കം പ്രതിഷേധം ശക്തമാക്കുന്നുണ്ട്. സിപിഎം പ്രതിഷേധം പുതിയ തലത്തിലേക്ക് കൊണ്ടു പോകുമ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ അസാധാരണ നീക്കങ്ങള്‍. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. ആരും തനിക്കെതിരെ നേരിട്ടോ അല്ലാതെയോ പരാതി നല്‍കിയിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പാകെയോ മാദ്ധ്യമങ്ങളിലോ പരാതി നല്‍കിയിട്ടില്ല. അതിനാല്‍തന്നെ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നാണ് രാഹുലിന്റെ വാദം.

അതേസമയം, രാഹുല്‍ തന്നെ വിഷയം പൊതുജനമദ്ധ്യത്തില്‍ വിശദീകരിക്കട്ടെയെന്ന നിലപാടിലാണ് നേതൃത്വം. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവച്ചേ മതിയാവൂ എന്ന കടുത്ത നിലപാടില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ഉറച്ചുനിന്നെങ്കിലും നടപടി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള സസ്‌പെന്‍ഷനില്‍ ഒതുങ്ങിയിരിക്കുകയാണ്. വനിതാനേതാക്കളുടെ പ്രതിഷേധങ്ങളും ഫലം കണ്ടില്ല. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കി എന്ന സമാശ്വാസത്തിലാണ് കെ.പി.സി.സി നേതൃത്വം. ഇതിനിടെയാണ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള ആലോചന പോലീസില്‍ സജീവമാകുന്നത്.

Tags:    

Similar News