സമാധാനം പുലരാന്‍ റഷ്യക്ക് താത്പര്യമില്ല; സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ ആക്രമണം ശരിയായില്ലെന്ന് ലോകരാജ്യങ്ങള്‍; കീവിലെ ബ്രിട്ടീഷ് കൗണ്‍സില്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ആക്രമണം ട്രംപിന് നാണക്കേടായി; റഷ്യ ഡ്രോണുകളും ഹൈപ്പര്‍സോണിക് മിസൈലുകളും തകര്‍ത്തത് ട്രംപിന്റെ നോബല്‍ മോഹം!

Update: 2025-08-29 04:18 GMT

യുക്രൈന്‍ തലസ്ഥാനമായ കീവിലെ ബ്രിട്ടീഷ് കൗണ്‍സില്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിലൂടെ പുട്ടിന്‍ ശത്രുതയുടെ വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നാണ് പലരും കണക്കാക്കുന്നത്.. ബ്രിട്ടീഷ് കൗണ്‍സിലിന്റെ കെട്ടിടത്തിലും കീവിലെ തന്നെ യൂറോപ്യന്‍ യൂണിയന്‍ മിഷന്റെ ആസ്ഥാനത്തുമാണ് ആക്രമണം നടന്നത്. കീവില്‍ റഷ്യ ഡ്രോണുകളും ഹൈപ്പര്‍സോണിക് മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. അമേരി്ക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കും ഇത് എതിരാണ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലക്ഷ്യമിട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഇടപെടലുകള്‍ നടത്തുന്നതെന്നാണ് വിലയിരുത്തല്‍. ഇതിന് വലിയ തിരിച്ചടിയാണ് ഈ സംഭവം നല്‍കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനേയും യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയേയും ഒരുമിച്ചിരുത്തി ചര്‍ച്ചകള്‍ക്ക് ട്രംപ് ശ്രമിക്കുന്നുണ്ട്. ഇതിന് വിള്ളലേല്‍പ്പിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. കീവിലെ ബ്രിട്ടീഷ് കൗണ്‍സിലിന്റെ രണ്ട് കെട്ടിടങ്ങളും തകര്‍ന്ന് തരിപ്പണമായി. പുലര്‍ച്ചെയോടെ നടന്ന മിസൈലാക്രമണത്തിന്റെം ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്്. വിദേശകാര്യ വിദഗ്ധനായ മുന്‍ ടോറി എംപി ബോബ് സീലി അഭിപ്രായപ്പെട്ടത് 'ബ്രിട്ടീഷ് കൗണ്‍സില്‍ കെട്ടിടത്തിന് നേരെയുള്ള ആക്രമണം പുടിന്‍ ഭരണകൂടത്തില്‍ നിന്നുള്ള ശത്രുതയുടെ വ്യക്തമായ സന്ദേശമാണ് എന്നാണ്. ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫീസില്‍ യുവാക്കള്‍ക്കായി ഒരു പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ ഒമ്പത് മണി മുതലാണ് ഇവിടെ ക്ലാസുകള്‍ ആരംഭിക്കുന്നത്. ഈ സമയത്താണ് ആക്രമണം നടന്നിരുന്നത് എങ്കില്‍ വലിയ തോതിലുള്ള ആള്‍നാശം ഉണ്ടാകുമായിരുന്നു എന്ന കാര്യം ഉറപ്പാണ്.

കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ റഷ്യന്‍ പൗരന്‍മാരെ ബ്രിട്ടീഷ് കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇത് ബ്രിട്ടന് വേണ്ടി ചാരപ്പണി നടത്തുന്ന പ്രസ്ഥാനമാണ് എന്നാണ് റഷ്യ ആരോപിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സമാധാന പ്രതീക്ഷകളെ തകര്‍ക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്്റ്റാമര്‍ ആരോപിച്ചു. യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെങ്കിലും ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫീസിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. 629 ഡ്രോണുകളും മിസൈലുകളുമാണ് ആക്രമണത്തിന് റഷ്യ ഉപയോഗിച്ചത്. ഉക്രെയ്നിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക ബന്ധങ്ങളെ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന നിലപാടിലാണ്് ബ്രിട്ടീഷ് കൗണ്‍സില്‍. പതിനേഴ് വര്‍ഷത്തിലേറെയായി പുടിന്‍ ഭരണകൂടം ബ്രിട്ടീഷ് കൗണ്‍സിലിനെതിരെ പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്.

നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി 2007 ല്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെയും യെക്കാറ്റെറിന്‍ബര്‍ഗിലെയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് റഷ്യന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. 2018 ല്‍ ബ്രിട്ടീഷ് കൗണ്‍സില്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണില്‍ ബ്രിട്ടീഷ് കൗണ്‍സിലിനെ അനഭിമത സംഘടനയായി പുട്ടിന്‍ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രസല്‍സിലെ റഷ്യന്‍ സ്ഥാനപതിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങളെ ഭീകരവും മനഃപൂര്‍വവുമായ സിവിലിയന്‍ കൊലപാതകം എന്നാണ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വിശേഷിപ്പിച്ചത്. റഷ്യക്കെതിരെ കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം ചൈനയോടും ഹംഗറിയോടും ആവശ്യപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവെ നടത്തിയ ആക്രമണത്തില്‍ റഷ്യക്കെതിരെ വിവിധ ലോക രാജ്യങ്ങള്‍ വിമര്‍ശനം കടുപ്പിച്ച് രംഗത്തെത്തി. നയതന്ത്ര ചര്‍ച്ചകള്‍ക്ക് പകരം റഷ്യ മിസൈലുകള്‍ തെരഞ്ഞെടുത്തുവെന്ന വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കിയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അമേരിക്ക, യു കെ, ഫ്രാന്‍സ് രാജ്യങ്ങളടക്കം റഷ്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് പുടിന്‍ തുരങ്കം വയ്ക്കുകയാണെന്നാണ് യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ കുറ്റപ്പെടുത്തിയത്. യു കെയിലെ റഷ്യന്‍ അംബാസഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുമെന്നും യു കെ പ്രധാനമന്ത്രി വ്യക്തമാക്കി. സമാധാനം പുലരാന്‍ റഷ്യക്ക് താത്പര്യമില്ലെന്നാണ് അമേരിക്ക വിമര്‍ശിച്ചത്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ ആക്രമണം ശരിയായില്ലെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഫ്രാന്‍സ് മുന്നോട്ട് വച്ചത്.

അതേസമയം റഷ്യയുടെ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് യുക്രൈന്‍ സൈന്യം നടത്തിയത്. തലസ്ഥാനമായ കീവടക്കം പതിമൂന്ന് സ്ഥലങ്ങള്‍ റഷ്യ ലക്ഷ്യം വെച്ചുവെന്നാണ് യുക്രൈന്‍ സൈന്യം ആരോപിച്ചത്. കീവിലെ യൂറോപ്യന്‍ യൂണിയന്‍ ഡെലിഗേഷന്‍ ഓഫീസിനും ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫീസിനും ആക്രമണത്തില്‍ കേടുപാട് പറ്റിയെന്നും യുക്രൈന്‍ സൈന്യം വിവരിച്ചു.

Tags:    

Similar News