സര്‍ക്കാര്‍ ആശുപത്രികള്‍ മരുന്നു ക്ഷാമത്തിലേക്ക്; കുടിശിക നല്‍കാത്തതിനാല്‍ വിതരണം ചെയ്യില്ലെന്ന് മരുന്നു കമ്പനികള്‍; മരുന്നു സംഭരണത്തിന് വേണ്ടത് 1014.92 കോടി; ബജറ്റിലുള്ളത് 356 കോടി മാത്രം; 400 കോടി രൂപ കടമെടുത്തെങ്കിലും തികയാതെ ആരോഗ്യ വകുപ്പ്; മരുന്ന് ക്ഷാമം രൂക്ഷമാകും; ആരോഗ്യത്തിലെ 'കേരളാ മോഡല്‍' ജീവശ്വാസം വലിക്കുമ്പോള്‍
തിരുവനന്തപുരം: കോടികളുടെ കുടിശിക കാരണം സ്വകാര്യ മരുന്നു കമ്പനികള്‍ മരുന്നു വിതരണത്തില്‍ നിന്നും പിന്‍മാറിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്‍്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് ക്ഷാമം. നടപ്പു സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ ആശുപത്രികളിലേക്കും മെഡിക്കല്‍ കോളേജുകളിലേക്കും ആവശ്യമായ മരുന്ന് സംഭരണത്തിന് ആരോഗ്യ വകുപ്പിനു വേണ്ടിയിരുന്നത് 1014.92 കോടി രൂപ. എന്നാല്‍, 2025-26 ലെ ബജറ്റില്‍ ധനവകുപ്പ് അനുവദിച്ചത് 356.4 കോടി രൂപ മാത്രമാണ്. മരുന്നു കമ്പനികളുടെ കുടിശിക നല്‍കാനായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് 400 കോടിരൂപ കടമെടുത്തെങ്കിലും ഒന്നിനും തികയാതെ ആരോഗ്യ വകുപ്പ്്.
2024- 25-ല്‍ മരുന്ന് വാങ്ങാനായി വകയിരുത്തിയ 934.28 കോടി രൂപയില്‍ ബജറ്റ് വിഹിതമായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ലഭിച്ചത് 356.4 കോടി രൂപ മാത്രമായിരുന്നു. പിന്നീട് അധികതുകയായി 150 കോടി രൂപ കൂടി നല്‍കുകയായിരുന്നു. കഴിഞ്ഞ ജനുവരി വരെ മാത്രം സ്വകാര്യ മരുന്നു കമ്പനികള്‍ക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നല്‍കാനുള്ള കുടിശ്ശിക 693.78 കോടി രൂപയാണ്. 2020- 21 മുതലുള്ള കുടിശികയാണിത്. 2020- 21 ല്‍ 6.93 കോടി, 2921- 22 ല്‍ 8.86 കോടി, 2022-23 ല്‍ 9.97 കോടി, 2023- 24 ല്‍ 284.74 കോടി, 2024- 25 ല്‍ 383.26 കോടി രൂപ എന്നിങ്ങനെയാണ് കുടിശിക കുമിഞ്ഞു കൂടിയത്.
എന്നാല്‍, കുടിശിക നല്‍കാത്തതിനാല്‍ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാതെ കമ്പനികള്‍ പിന്തിരിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശവാദം. മരുന്നു ക്ഷാമമുണ്ടായാല്‍ മറ്റ് ജില്ലകളിലെ വെയര്‍ഹൗസുകളില്‍ നിന്നോ മറ്റ് ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നോ അടിയന്തരമായി വാങ്ങി ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കു തന്നെ ലോക്കല്‍ പര്‍ച്ചേസും നടത്താം. കാസ്പ്, ആര്‍.എസ്.ബി.വൈ, ആര്‍.ബിഎസ്.കെ, ജെ.എസ്.എസ്.കെ, ട്രൈബല്‍ ഫണ്ട്, ആശുപത്രി വികസനസമിതി ഫണ്ട് തുടങ്ങിയവ ഉപയോഗിച്ചും മരുന്നുവാങ്ങാം. ഇതൊന്നും ഫലപ്രദമായി വിനിയോഗിക്കപ്പെടാത്തതു കൊണ്ടാണ് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കും മരുന്നിനുമായി രോഗികള്‍ക്ക് ആശുപത്രിക്കു പുറത്തേക്കു പോകേണ്ടിവരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മരുന്നു വിതരണം ചെയ്ത കമ്പനികള്‍ക്കുള്ള കുടിശിക നല്‍കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്നും ആരോഗ്യ വകുപ്പ്് 10 ശതമാനം പലിശയ്ക്കു 400 കോടി രൂപ കടമെടുത്തിരുന്നു. തുക മരുന്നു സംഭരണം നടത്തുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനു (കെഎംഎസ്സിഎല്‍) ആറുമാസം കൊണ്ട് കൈമാറാനായിരുന്നു ധാരണ. മുഴുവന്‍ തുകയും ഒന്നിച്ചു വേണമെന്നു കെഎംഎസ്സിഎല്‍ ആവശ്യപ്പെട്ടെങ്കിലും കോര്‍പറേഷന്‍ അംഗീകരിച്ചിരുന്നില്ല. കടുത്ത പ്രതിസന്ധി ഉണ്ടായതോടെയാണ് കടമെടുപ്പിലേക്കു നീങ്ങിയത്.
കുടിശിക തീര്‍ക്കാതെ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന കടുത്ത നിലപാട് കമ്പനി പ്രതിനിധികള്‍ ആവര്‍ത്തിച്ചതോടെയാണ് സര്‍ക്കാര്‍ അനുമതിയോടെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് കുടിശിക തീര്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. കെഎംഎസ്സിഎല്‍ മരുന്നു സൂക്ഷിക്കുന്ന വെയര്‍ഹൗസുകളിലെ പോരായ്മകള്‍ ആരോഗ്യ വകുപ്പിനെ കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുതലുള്ളതിനാല്‍ മരുന്നിന്റെ നിലവാരം നഷ്ടപ്പെടുന്നതായും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ പരാജയപ്പെടുന്നതായും അവര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പല കമ്പനികളും വിലക്ക് നേരിടുന്ന ഘട്ടത്തിലാണ്.
ഈ വര്‍ഷം ആദ്യം മരുന്നു കമ്പനികള്‍ക്കു നല്‍കാനുള്ള 700 കോടിയിലേറെ രൂപയുടെ കുടിശിക തീര്‍ക്കാനാണ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടം എടുത്തത്. കുടിശിക തീര്‍ക്കാതെ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന കടുത്ത നിലപാട് കമ്പനി പ്രതിനിധികള്‍ ആവര്‍ത്തിച്ചതോടെയാണ് സര്‍ക്കാര്‍ അനുമതിയോടെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് മാര്‍ച്ചിനു മുന്നേ കുടിശിക തീര്‍ക്കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. 2020 മുതല്‍ നല്‍കാനുള്ള തുക നല്‍കാതെ ഈ വര്‍ഷത്തെ ടെന്‍ഡറില്‍ പങ്കെടുക്കില്ല എന്നാണ് കമ്പനി പ്രതിനിധികള്‍ അന്ന് വ്യക്തമാക്കിയത്. വിലക്ക് ഭീഷണി ഉയര്‍ത്തി ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിച്ചാല്‍, ഉയര്‍ന്ന നിരക്ക് ക്വോട്ട് ചെയ്തുള്ള ടെന്‍ഡറായിരിക്കും സമര്‍പ്പിക്കുക എന്നും കമ്പനികള്‍ മുന്നറിയിപ്പു നല്‍കിയതും വാര്‍ത്തയായി.
അനുനയിപ്പിക്കാന്‍ മറ്റു വഴികളില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് വായ്പയെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചത്. ഈ വര്‍ഷം മുതല്‍ പണം കൊടുത്തു തീര്‍ക്കാന്‍ കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്നും അതു പാലിക്കുമെന്നും ഉറപ്പു നല്‍കി. അന്ന് കെഎംഎസ്സിഎല്‍ മരുന്നു സൂക്ഷിക്കുന്ന വെയര്‍ഹൗസുകളിലെ പോരായ്മകളും കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുതലുള്ളതിനാല്‍ മരുന്നിന്റെ നിലവാരം നഷ്ടപ്പെടുന്നതായും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ പരാജയപ്പെടുന്നതായും അവര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പല കമ്പനികളും വിലക്ക് നേരിടുന്ന ഘട്ടത്തിലായി. ഇതെല്ലാം പരിഹരിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പുകളും ജലരേഖയാണ്.