സ്വകാര്യാശുപത്രി നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ചു; കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; മിനിമം വേതനം 25,450 മുതല്‍ 33,080 രൂപ വരെ; മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധന ലഭിക്കുമെന്നും തൊഴില്‍ വകുപ്പ്; സര്‍ക്കാര്‍ വിജ്ഞാപനം അംഗീകരിക്കാതെ യുഎന്‍എ; കരട് വിജ്ഞാപനത്തിലുള്ളത് തുച്ഛമായ ശമ്പള വര്‍ധന, മാനേജ്‌മെന്റുകളെ സഹായിക്കാനെന്നും ജാസ്മിന്‍ ഷാ

സ്വകാര്യാശുപത്രി നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ചു

Update: 2026-03-07 12:45 GMT

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് കരടു വിജ്ഞാപനമിറക്കി. തൊഴില്‍വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മിനിമം വേതനം 25,450 മുതല്‍ 33,080 രൂപ വരെയണ്. മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധന ലഭിക്കുമെന്നും വകുപ്പ് അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലെ മറ്റ് ജീവനക്കാരുടെ ശമ്പളത്തിലും വര്‍ധന ഉണ്ടാകും. ഇതിന് പുറമേ അധിക അലവന്‍സ്, ക്ഷാമബത്ത, വാര്‍ഷിക ഇന്‍ക്രിമെന്റ്, സര്‍വീസ് വെയ്‌റ്റേജ് എന്നിവയും ലഭിക്കും. പുതിയ കരട് നയത്തില്‍ ആക്ഷേപം കേള്‍ക്കാന്‍ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മാര്‍ച്ച് 9 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് നടത്തുമെന്നു യുഎന്‍എ അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു. കരട് വിജ്ഞാപനത്തിലുള്ളത് തുച്ഛമായ ശമ്പള വര്‍ധനയെന്നും അത് മാനേജ്‌മെന്റുകളെ സഹായിക്കാനെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. സമരം ആശുപത്രികളിലേക്ക് മാറ്റുമെന്നും മുന്നറിയിപ്പ്. നഴ്‌സുമാരുടെ ശമ്പളം 40,000രൂപ ആക്കുന്നതുവരെ സമരം തുടരാനാണ് നഴ്‌സുമാരുടെ സംഘടനയുടെ നീക്കം.

നഴ്സുമാരുടെ ശമ്പള പരിഷ്‌കരണം ഇങ്ങനെയാണ്:

(തസ്തികയും, ശമ്പള സ്‌കെയിലും)

നഴ്സസ് മാനേജര്‍ (എംഎസ്സി + 5 വര്‍ഷത്തെ പ്രവൃത്തി പരിചയം/ ബിഎസ്സി + 10 വര്‍ഷത്തെ പ്രവൃത്തി പരിചയം)/ നഴ്‌സസ് ഡയറക്ടര്‍/ നഴ്സസ് ഓഫിസര്‍ 27, 330-33080

നഴ്സിങ് സൂപ്രണ്ട് (ബിഎസ്സി + 5 വര്‍ഷത്തെ പ്രവൃത്തി പരിചയം)/ മേട്രന്‍ (ബിഎസ്സി/ജിഎന്‍എം + 10 വര്‍ഷത്തെ പ്രവൃത്തി പരിചയം) 27,170-32,870

അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട്/ ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് (ബിഎസ്സി.+ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം/ ജിഎന്‍എം + 10 വര്‍ഷത്തെ പ്രവൃത്തി പരിചയം) 26,770-32,320

ഹെഡ് നഴ്‌സ്/ ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍/ സിസ്റ്റര്‍ ഇന്‍-ചാര്‍ജ്/ ഗ്രൂപ്പ് ക്യാപ്റ്റന്‍/ നേതാവ് 26,690-32,290

ട്യൂട്ടര്‍ നഴ്‌സ്/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ (ഇഎംടി/ ആംമ്പുലന്‍സ്) 25,930-31,380

സ്റ്റാഫ് നഴ്സ് ജിഎന്‍എം/ ബിഎസ്സി/ റജിസ്റ്റേര്‍ഡ് എഎന്‍എം സ്പെഷല്‍ ഗ്രേഡ് (10 വര്‍ഷത്തെ പ്രവൃത്തി പരിചയം)/ ഇഎംടി/ ആംമ്പുലന്‍സ് നഴ്‌സ് 25,450-30,800

എഎന്‍എം ഗ്രേഡ് - 1 (5 വര്‍ഷത്തെ പ്രവൃത്തി പരിചയം) 24,650-29,850

എഎന്‍എം ഗ്രേഡ് 2-24,290-29,390

ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സുമാര്‍ മാര്‍ച്ച് നാലിന് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തിയിരുന്നു. ആയിരക്കണക്കിനു നഴ്‌സുമാരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ അണിനിരന്നത്. ഈ സമരത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചത്.

അതേസമയം നഴ്‌സുമാരുടെ സംഘടനക്ക് രാഷ്ട്രീയലക്ഷ്യമുണ്ടെന്നും കോണ്‍ഗ്രസ് സ്‌പോണ്‍സേര്‍ഡ് സമരമാണെന്നും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. സമരം രാഷ്ട്രീയപ്രേരീതമാണെന്ന തൊഴില്‍ മന്ത്രിയുടെ പ്രസ്താവന വിവരക്കേട് എന്ന് യു എന്‍ എ അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു . സംസ്ഥാനത്തെ ആശുപത്രി മാനേജ്‌മെന്റുകള്‍ നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്റ്റേ വാങ്ങുന്നത് നിര്‍ത്തണമെന്നും തൊഴില്‍ മന്ത്രി ആവശ്യപ്പെട്ടു.

യുഡിഎഫ് ഭരണ കാലത്ത് യുഎന്‍എയുടെ സമര പന്തലില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ വന്നിരുന്നല്ലോ എന്നും തൊഴില്‍ മന്ത്രി മാനേജ്‌മെന്റ്കള്‍ക്കൊപ്പമാണെന്ന് പറയേണ്ടി വരുമെന്നും യുഎന്‍എ തിരിച്ചടിച്ചു. നഴ്‌സുമാര്‍ പറയുന്നതിന് അസരിച്ചല്ല സര്‍ക്കാര്‍ മിനിമം വേതനം നിശ്ചയിക്കേണ്ടതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതികരിച്ചു. നിയമപരമായി നേരിടുമെന്ന് കെ.പി.എച്ച്.എ പ്രസിഡന്റ് അഡ്വ.ഹുസൈന്‍ കോയ തങ്ങള്‍ പഞ്ഞു.

Tags:    

Similar News