പോട്ട ബാങ്ക് കവര്‍ച്ചയില്‍ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ? ഒറ്റയ്‌ക്കെന്ന് റിജോ പറയുമ്പോഴും ഉറപ്പിക്കാന്‍ പൊലീസ്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി; മോഷണശേഷം ബൈക്കില്‍ സഞ്ചരിച്ച വഴികളിലും മാസ്‌കും കൈയുറയും കത്തിച്ചു കളഞ്ഞ സ്ഥലത്തുമടക്കം തെളിവെടുക്കും; നമ്പര്‍ പ്ലേറ്റ് കണ്ടെടുക്കേണ്ടതും നിര്‍ണായകം
പോട്ട ബാങ്ക് കവര്‍ച്ച കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
തൃശ്ശൂര്‍: ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച കേസില്‍ പ്രതി റിജോ ആന്റണിയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസം അന്വേഷണത്തിനായി പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും രണ്ടുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവില്‍ അനുവദിച്ചത്. തെളിവെടുപ്പിനായി കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടുദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണം.
പ്രതി റിജോ ആന്റണി ഒറ്റക്കാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസ് നിഗമനം എങ്കിലും പുറത്തു നിന്ന് ഒരാള്‍ റിജോയെ സഹായിക്കാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. ഇക്കാര്യങ്ങള്‍ അടക്കം മുന്‍ നിര്‍ത്തിയുള്ള തുടരന്വേഷണമായിരിക്കും കേസില്‍ ഇനി നടക്കുക. കവര്‍ച്ച നടത്തുന്നതിനോ അതിനുശേഷമോ ഇയാള്‍ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നത് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.
മോഷണസമയം പ്രതി ഉപയോഗിച്ച ബാക്കി വസ്ത്രങ്ങളും കണ്ടെത്തേണ്ടതുണ്ട്. പിടിയിലായ റിജോയുടെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് നടത്തിയ തെളിവെടുപ്പില്‍ ബാങ്കില്‍നിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയില്‍നിന്ന് 12 ലക്ഷം കണ്ടെടുത്തിരുന്നു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാന്‍ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രതി മോഷണശേഷം ബൈക്കില്‍ സഞ്ചരിച്ച വഴികളിലൂടെയും പ്രതി ധരിച്ചിരുന്ന മാസ്‌കും കൈയുറയും കത്തിച്ചു കളഞ്ഞ സ്ഥലത്തും ഉള്‍പ്പെടെ എത്തിച്ച് ഇനി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. മോഷണത്തിന് പ്രതി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിന്റെ നമ്പറുകള്‍ വ്യാജമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ നമ്പര്‍ പ്ലേറ്റ് പുഴയിലേക്ക് വലിച്ചെറിഞ്ഞു എന്നതാണ് പ്രതിയുടെ മൊഴി. നമ്പര്‍ പ്ലേറ്റ് കേസില്‍ കണ്ടെടുക്കേണ്ടത് നിര്‍ണായകമാണ്.
പ്രതി റിജോ ആന്റണിയുമായി രാവിലെ 11.30 ഓടെ അന്നനാടുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചാണ് പൊലീസ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കടം വീട്ടാനായി പ്രതി നല്‍കിയ മൂന്ന് ലക്ഷത്തോളം രൂപ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് കവര്‍ച്ച നടന്ന പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. കവര്‍ച്ച നടത്തിയ രീതി പ്രതി പൊലീസിനോട് വിശദീകരിച്ചു. കവര്‍ച്ചയ്ക്കു ശേഷം പല തവണ വേഷം മാറി സഞ്ചരിച്ച പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായക വഴിത്തിരിവായത് ഷൂസിന്റെ നിറവും ഹെല്‍മറ്റുമായിരുന്നു.
ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു കവര്‍ച്ച. കറുത്ത ഹെല്‍മെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. രണ്ടു മുതല്‍ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളില്‍ പ്രവേശിച്ചത്. ബാങ്കിനുമുന്നില്‍ നിര്‍ത്തിയിട്ട കാറിനു പിന്നിലായി സ്‌കൂട്ടര്‍ നിര്‍ത്തിയാണ് ഇയാള്‍ ഉള്ളിലേക്കു കയറിയത്. ഏഴ് ജീവനക്കാരുള്ള ബാങ്കില്‍ സുരക്ഷാ ജീവനക്കാരില്ലായിരുന്നു. ഒരാള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരുന്നു. മറ്റ് നാലുപേര്‍ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.
മാനേജരും മറ്റൊരു ജീവനക്കാരനുമാണ് പ്രധാന ഹാളിലുണ്ടായിരുന്നത്. ഇരുവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡൈനിങ് മുറിയിലാക്കി. ഈ മുറി പുറമേനിന്ന് കുറ്റിയിട്ട ശേഷം കാഷ് കൗണ്ടറിന്റെ ചില്ല് തകര്‍ത്താണ് പണം കൈക്കലാക്കിയത്. മോഷണത്തിനുശേഷം ഇട റോഡുകളിലൂടെയും റോഡുമാറിയുമെല്ലാം സഞ്ചരിച്ച് പോലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാല്‍, പ്രതിബന്ധങ്ങളെല്ലാം തട്ടിമാറ്റി പ്രതിയിലേക്ക് എത്താനായത് പോലിസിന് വന്‍ നേട്ടമായി.