നദിയുടെ തീരത്ത് കോലം വരച്ച് ആയോധന കല അഭ്യസിക്കുന്ന പോരാളി! വാളും പരിചയുമേന്തി വടി കറക്കി പരിശീലനം നടത്തുന്ന യുവതി; അത് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയോ? പ്രചരിക്കുന്ന വീഡിയോയിലെ സത്യം അറിയാം

Update: 2025-02-21 04:33 GMT

കോട്ടയം: നദിയുടെ തീരത്ത് കോലം വരച്ച് ആയോധന കല അഭ്യസിക്കുന്ന യുവതിയുടെ വീഡിയോ. നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടേതെന്ന് പ്രചരണം. നിരവധിയാളുകളാണ് ഡല്‍ഹി മുഖ്യമന്ത്രിയെന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിപ്പിക്കുന്നത്. ഭാരതത്തിന്റെ ത്സാന്‍സി റാണി, ഭാരതാംബയുടെ വീരപുത്രി എന്നൊക്കെയുള്ള ക്യാപ്ഷനിലൂടെയാണ് പ്രചരിക്കുന്നത്. നിലവി്ല്‍ ഏതാനും സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ആ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത് ആരാണ്.

ഡല്‍ഹി മുഖ്യമന്ത്രിയായ രേഖ ഗുപ്ത ആര്‍. എസ്. എസ്. പ്രവര്‍ത്തനത്തിലുടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് എ. ബി. വി. പി. വഴി സജീവ രാഷ്ട്രീയത്തിലിറങ്ങി. ഫെബ്രുവരി 20 ന് ഷാലിമാര്‍ ബാഗില്‍ നിന്നുള്ള കന്നി എം. എല്‍. എ രേഖാ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആയോധന കലകള്‍ പരിശീലിപ്പിക്കുന്ന സംഘടനയാണ് ആര്‍. എസ്. എസ്. എന്ന പ്രചരണം ഉള്ളതിനാല്‍ വാളും പരിചയുമേന്തി വടി കറക്കി പരിശീലനം നടത്തുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ സോഷ്യല്‍ മീഡിയ വഴി അതിവേഗം പ്രചരിക്കുകയാണ്.

എന്നാല്‍ ഈ പ്രചരണത്തിലൂടെ കോളടിച്ചിരിക്കുന്നത് പായല്‍ ജാഥവ് എന്ന മറാത്തി നടിയ്ക്കാണ്. ഇവരാണ് വീഡിയോ ഷൂട്ട് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നത്. കേരളത്തില്‍ അത് പ്രചരിക്കുന്നത് നിയുക്ത ഡല്‍ഹി മുഖ്യമന്ത്രിയെന്നും. നിലവില്‍ രേഖ ഗുപ്തയുടെ മുഖഛായ വീഡിയോയില്‍ ഉള്ള സ്ത്രീയ്ക്ക് ഇല്ല. എന്നാല്‍ പഴയ ചിത്രമെന്ന രീതിയിലാണ് പ്രചരണം. 2023-ല്‍ 'ബാപ്ലോക്ക്' എന്ന ചിത്രത്തിലൂടെ മറാത്തി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് പായല്‍ ജാദവ്. 'മന്‍വത് മര്‍ഡേഴ്‌സ്' എന്ന ടിവി സീരീസിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, കൂടാതെ 'ത്രീ ഓഫ് അസ്' എന്ന സിനിമയില്‍ ഒരു ചെറിയ വേഷവും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 19 ലെ പോസ്റ്റില്‍ മറാത്ത ഭരണാധികാരി ഛത്രപതി ശിവജിക്കുള്ള ആദരാഞ്ജലിയായാണ് ആ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ ആയോധനകലയിലെ കഴിവുകള്‍ക്ക് മഹാരാഷ്ട്രയിലെ പരിശീലന സ്ഥാപനമായ ''സവ്യസാചി ഗുരുകുലം'' അവരെ പ്രശംസിച്ചിരുന്നു. പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ജാദവ് ലളിതകലാ കേന്ദ്രയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നേരത്തെ, 2023 ജനുവരി 5 ന്, വൈറല്‍ വീഡിയോയില്‍ കണ്ടതിന് സമാനമായ ഒരു വസ്ത്രത്തില്‍ അവള്‍ ഒരു ഫോട്ടോ പങ്കിട്ടു ഇതോടെ, നടി പായല്‍ ജാദവിന്റെ വീഡിയോ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ പഴയ വീഡിയോ എന്ന വ്യാജേന ഷെയര്‍ ചെയ്യപ്പെട്ടത് വ്യക്തമാണ്.

26 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യതലസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേറ്റപ്പോള്‍ നിറയുന്നത് ആര്‍ എസ് എസ് സ്വാധീനമാണ്. എല്ലാ അര്‍ത്ഥത്തിലും ബിജെപിയെ ആര്‍ എസ് എസ് നിയന്ത്രണത്തിലാക്കിയെന്നതിന് തെളിവാണ് ഡല്‍ഹി. ഡല്‍ഹിയിലെ ബി.ജെ.പിയുടെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. സുഷമാ സ്വരാജ് മുഖ്യമന്ത്രിയായതിന് ശേഷം നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബി.ജെ.പി. ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്. ആര്‍ എസ് എസ് പിന്തുണ മാത്രമാണ് രേഖാ ഗുപ്തയ്ക്ക് തുണയായത്. ആദ്യമായി എം.എല്‍.എയായപ്പോള്‍ തന്നെയാണ് 50-കാരിയായ രേഖയെ തേടി മുഖ്യമന്ത്രി സ്ഥാനവുമെത്തുന്നത്. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവീസിനെ മുഖ്യമന്ത്രിയാക്കിയതും ആര്‍ എസ് എസ് പിന്തുണ തന്നെയാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കേവല ഭൂരിപക്ഷമില്ലായ്മ ആര്‍ എസ് എസ് നിലപാടുകളെ പൂര്‍ണ്ണമായും അംഗീകരിക്കാത്തത് മൂലമാണെന്ന വിലയിരുത്തല്‍ സജീവമായിരുന്നു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ അര്‍ത്ഥത്തിലും ആര്‍ എസ് എസിന് വഴങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാഗ്പൂരുമായി കൂടുതല്‍ അടുത്തു. ഇതോടെ ആര്‍ എസ് എസ് തിരഞ്ഞെടുപ്പ് സംഘടനാ പ്രവര്‍ത്തനം ചടുലമുള്ളതാക്കി. ഇതിന്റെ ജയമാണ് ആംആദ്മിക്കെതിരായ ബിജെപിയുടെ ഡല്‍ഹി തേരോട്ടം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയേയും ആര്‍ എസ് എസ് നിര്‍ദ്ദേശിച്ചു. അത് ബിജെപി അംഗീകരിക്കുകയാണ്. പരിവാര്‍ സംഘടനയായ എബിവിപിയിലൂടെ പൊതു രംഗത്ത് സജീവമായതാണ് രേഖാ ഗുപ്ത. ആര്‍ എസ് എസ് നേതൃത്വത്തിന്റെ അതിവിശ്വസ്തയാണ് രേഖാ ഗുപ്ത.

Tags:    

Similar News