എംജെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘടിച്ചത് വാട്ട്സാപ് ഗ്രൂപ്പിലൂടെ; ട്യൂഷന്‍ സെന്റര്‍ വിദ്യാര്‍ത്ഥി അല്ലാത്ത ഷഹബാസിനെ കൂട്ടിക്കൊണ്ട് പോയത് കൂട്ടുകാര്‍; അക്രമത്തില്‍ മുതിര്‍ന്നവരുണ്ടെങ്കില്‍ അവരും പ്രതിയാക്കും; തലച്ചോറിന് 70 ശതമാനം ക്ഷതം സംഭവിച്ച ഷഹബാസ് മരിച്ചത് കോമയില്‍ കിടക്കവേ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി; കൂടുതല്‍ അറസ്റ്റിന് പോലീസ്
താമരശേരി: താമരശ്ശേരിയില്‍ സ്‌കൂളിന് പുറത്ത് വെച്ചുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം ഏറെ ദുഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
താമരശേരി പഴയ സ്റ്റാന്‍ഡിനടുത്തുള്ള ട്യൂഷന്‍ സെന്ററിന് സമീപത്താണ് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും എളേറ്റില്‍ വട്ടോളി എംജെ എച്ച്എസ്എസിലെയും വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. ഞായറാഴ്ച പരിപാടിയില്‍ എംജെഎച്ച്എസ്എസിലെ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ്, പാട്ട് നിലച്ചതിനെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികള്‍ കൂവി. ഇതോടെ വിദ്യാര്‍ഥികള്‍ പരസ്പരം വാക്കേറ്റത്തിലേര്‍പ്പെട്ടു. അധ്യാപകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് എംജെ സ്‌കൂളിലെ 15ഓളം വിദ്യാര്‍ഥികള്‍ വാട്ട്സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് വ്യാഴാഴ്ച വൈകിട്ട് ട്യൂഷന്‍ സെന്ററിലെത്തി. താമരശേരി സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഷഹബാസ് ചികിത്സയിലായിരുന്നു. ആരോപണവിധേയരായ അഞ്ച് വിദ്യാര്‍ഥികളെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി ജിവിഎച്ച്എസ്എസ് വിദ്യാര്‍ഥികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.
ട്യൂഷന്‍ സെന്ററിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അലങ്കോലമായ പരിപാടി. എംജെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ഇത് ചോദ്യം ചെയ്യാന്‍ പദ്ധതിയിട്ടു. വ്യാഴാഴ്ച കൃത്യം അഞ്ച് മണിക്ക് ട്യൂഷന്‍ സെന്ററിന് സമീപത്തെത്തണമെന്ന് ഗ്രൂപ്പില്‍ സന്ദേശമയച്ചു. അവിടെ എത്തിയ 15 വിദ്യാര്‍ത്ഥികളാണ് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി ഏറ്റുമുട്ടിയത്. ഈ ഏറ്റുമുട്ടലിലാണ് ഷഹബാസിന് തലയ്ക്ക് പരുക്കേറ്റത്. എന്നാല്‍, പുറത്ത് പരിക്കൊന്നും കാണാത്തതിനാല്‍ ഷഹബാസിനെ കൂട്ടുകാര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ചു.തളര്‍ന്ന് കിടക്കുന്നത് കണ്ട വീട്ടുകാര്‍ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഷഹബാസിന്റെ നില അതീവ ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാത്രിയില്‍ മരിച്ചു.
മരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ വേഗം പിടികൂടിയിരുന്നതയി കോഴിക്കോട് റൂറല്‍ എസ്പി കെഇ ബൈജു പറഞ്ഞു. പ്രതികളെ പിടികൂടി രക്ഷിതാക്കള്‍ക്കൊപ്പം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയെങ്കിലും ഇവരെ വീട്ടിലേക്ക് വിട്ടയച്ചെന്ന് കോഴിക്കോട് റൂറല്‍ എസ്പി പറയുന്നു. കുട്ടി അത്യാസന്ന നിലയിലാണെന്നും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതികളെ വിട്ടയക്കാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇന്നു 11 മണിക്ക് വീണ്ടും പ്രതികള്‍ ഹാജര്‍ ആകുമെന്ന് കോഴിക്കോട് റൂറല്‍ എസ്പി പറഞ്ഞു. പോലീസ് നിയമപരമായി ആവുന്നത് എല്ലാം ചെയ്യുമെന്ന് എസ്പി കെഇ ബൈജു പറഞ്ഞു. പ്രതികകളുടെ വീട്ടില്‍ പരിശോധന നടത്തി. ഗുഢാലോചനയില്‍ മുതിര്‍ന്നവര്‍ ഉണ്ടോ എന്ന് അന്വേഷിക്കും. മുതിര്‍ന്നവര്‍ ഉള്‍പ്പെട്ടു എങ്കില്‍ അവരെ പ്രതി ആക്കുമെന്ന് എസ്പി വ്യക്തമാക്കി.
ആയുധം ഉപയോഗിച്ചായിരുന്നു ആക്രമംണം. പോലീസ് കേസിന്റെ ഗൗരവം ജുനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നെ അറിയിച്ചു. ബാക്കി തീരുമാനം ഇന്ന് ജുനൈല്‍ ജസ്റ്റിസ് ബോര്‍ഡ് എടുക്കുമെന്ന് എസ്പി പറഞ്ഞു. കുട്ടികള്‍ നിയമ ലംഘനം നടത്തിയെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെഇ ബൈജു പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. സംഘര്‍ഷത്തില്‍ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാര്‍ ചേര്‍ന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ പേരെ സംഭവത്തില്‍ കസ്റ്റഡിയിലെടുക്കും. മുഹമ്മദ് ഷഹബാസിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ ഗൗരവകരമായ സംഭവമാണെന്നും കുട്ടികളിലെ അക്രമ വാസനയില്‍ സംസ്ഥാന തല പഠനം നടത്തുമെന്നും ബാലാവകാശ കമ്മീഷന്‍ പ്രതികരിച്ചു.