അമേരിക്കയുടെ സൈനിക സഹായം മുടങ്ങിയാല്‍ പുടിന്‍ കയറിയടിക്കും; റഷ്യയുടെ കാല്‍ച്ചോട്ടില്‍ അടിയറ വയ്ക്കാന്‍ എത്രമാസം! അപകടം തിരിച്ചറിഞ്ഞ് വൈറ്റ് ഹൗസിലെ ഉരസലില്‍ ഖേദം പ്രകടിപ്പിച്ച് സെലന്‍സ്‌കി; ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധം; ഘട്ടം ഘട്ടമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചു; ഇനി ട്രംപ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ ആകാംക്ഷ
വൈറ്റ് ഹൗസിലെ ഉരസലില്‍ ഖേദം പ്രകടിപ്പിച്ച് സെലന്‍സ്‌കി
കീവ്: വൈറ്റ് ഹൗസിലെ ഉരസലില്‍ ഖേദം പ്രകടിപ്പിച്ച് യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നും കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പര്യം ഉണ്ടെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.
റഷ്യ തയ്യാറെങ്കില്‍ ആകാശത്തും കടലിലും അടിയന്തര വെടിനിര്‍ത്തലിന് സമ്മതമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സൈനിക സഹായം ഇല്ലാതെ സെലന്‍സ്‌കിയുടെ നില പരുങ്ങലിലാകുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ നിലപാടുമാറ്റം.
യുഎസ് സഹായം തുടര്‍ന്നില്ലെങ്കില്‍, യുക്രെയിന് മാസങ്ങളോ അതിന് മുമ്പോ റഷ്യക്ക് അടിയറവ് പറയേണ്ടി വരുമെന്നാണ് പൊതുവായ വിലയിരുത്തല്‍.' അവസാനമില്ലാത്ത യുദ്ധം ഞങ്ങള്‍ക്ക് ആര്‍ക്കും വേണ്ട. മധ്യസ്ഥചര്‍ച്ചയ്ക്ക് വരാനും എത്രയും വേഗം സ്ഥായിയായ സമാധാനം കൈവരിക്കാനും യുക്രെയിന്‍ തയ്യാറാണ്. യുക്രെയിന്‍കാരുടെ അത്രയും സമാധാനം കാംക്ഷിക്കുന്ന മറ്റൊരു ജനത ഉണ്ടാവില്ല. ഞാനും എന്റെ ടീമും പ്രസിഡന്റ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണ്. സ്ഥിരവും സ്ഥായിയുമായ സമാധാനം കിട്ടുമെങ്കില്‍'.
' എത്രയും വേഗം യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തടവുകാരെ വിട്ടയയ്ക്കലായിരിക്കും ആദ്യ ഘട്ടം. പിന്നീട് ആകാശത്തെയും- മിസൈലുകള്‍ ദീര്‍ഘദൂര ഡ്രോണുകള്‍, ഊര്‍ജ്ജ സ്ഥാപനങ്ങളിലും സാധാരണക്കാരുടെ വീടുകളിലും ബോംബിടല്‍ എന്നിവ നിര്‍ത്തുക- കടലിലെയും വെടിനിര്‍ത്തല്‍, റഷ്യ അതുപോലെ ചെയ്യുമെങ്കില്‍. അടുത്ത ഘട്ടങ്ങളിലേക്ക് വളരെ വേഗം സഞ്ചരിക്കാനും യുഎസിനൊപ്പം ശക്തമായ അന്തിമ കരാര്‍ ഒപ്പു വയ്ക്കാനും സന്നദ്ധമാണ്. യുക്രെയിന്റെ സ്വാതന്ത്രവും അഖണ്ഡതയും നിലനിര്‍ത്താന്‍ യുഎസ് ചെയ്ത സഹായത്തെ യുക്രെയിന്‍ വിലമതിക്കുന്നു', സെലന്‍സ്‌കി പറഞ്ഞു.
'വെള്ളിയാഴ്ച വാഷിങ്ടണില്‍ വൈറ്റ്ഹൗസില്‍ വച്ചുള്ള കൂടിക്കാഴ്ച ഉദ്ദേശിച്ചത് പോലെ ശരിയായില്ല. ആ രീതിയില്‍ കാര്യങ്ങള്‍ കലാശിച്ചത് ഖേദകരമാണ്. കാര്യങ്ങള്‍ നേരേയാക്കാന്‍ സമയമായിരിക്കുന്നു', സെലന്‍സ്‌കി പറഞ്ഞു. ഭാവി ആശയവിനിമയവും സഹകരണവും ക്രിയാത്മകമായിരിക്കണം. പ്രകൃതി വിഭവ- സുരക്ഷാ കരാര്‍ എപ്പോള്‍ വേണമെങ്കിലും സൗകര്യപ്രദമായ സമയത്ത് ഒപ്പിടാന്‍ യുക്രെയിന്‍ തയ്യാറാണെന്നും സെലന്‍സ്‌കി ആവര്‍ത്തിച്ചു. ട്രംപിന്റെ പിണക്കം തീര്‍ത്തില്ലെങ്കില്‍ പണി പാളുമെന്ന് യുക്രെയിന്‍ പ്രസിഡന്റിന് നന്നായി അറിയാം. അമേരിക്കയുടെ പകരക്കാരാകാന്‍ യൂറോപ്പിന് കഴിയുകയുമില്ല. ഈ സാഹചര്യത്തില്‍ സെലന്‍സ്‌കിക്ക് മുന്നില്‍ മറ്റുവഴികള്‍ അവശേഷിക്കുന്നില്ല.