സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസുകാര്‍ വലിച്ചിഴച്ച് വാനിലേക്ക് കയറ്റി; വാനിലുള്ളില്‍ വച്ച് പൊലീസ് ബൂട്ടിട്ട് ചവിട്ടി; പരീക്ഷയുണ്ടെന്ന് നിലവിളിച്ചിട്ടും വിട്ടയച്ചില്ല; പത്താം ക്ലാസ് വിദ്യാര്‍ഥി ആശുപത്രിയില്‍; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

പത്താം ക്ലാസ് വിദ്യാര്‍ഥി ആശുപത്രിയില്‍; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Update: 2025-03-06 14:41 GMT

കോഴിക്കോട്: പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ച് വാനില്‍ കയറ്റിക്കൊണ്ടുപോയതിനെതിരെ പ്രതിഷേധം ശക്തം. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്താനൊരുങ്ങുകയാണ് നാട്ടുകാര്‍. പുറക്കാമല കരിങ്കല്‍ ഖനനം നടത്താനെത്തിയവരെ ജമ്യം പാറയില്‍ സമരസമിതി പ്രവര്‍ത്തകര്‍ തടയുന്നതു കാണാനെത്തിയ പത്താം ക്ലാസുകാരനെയാണ് വലിച്ചിഴച്ച് വാനില്‍ കയറ്റിക്കൊണ്ടുപോയത്. 15-കാരനെ പോലീസ് വലിച്ചിഴച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് റൂറല്‍ എസ്.പി ബാലാവകാശ കമ്മീഷന് വിശദീകരണം നല്‍കണം. റൂറല്‍ എസ്.പിയും സംഭവത്തില്‍ പേരാമ്പ്ര ഡി.വൈ.എസ്.പിയോട് വിശദീകരണം തേടിയിട്ടുണ്ട്.

മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി കീഴ്പയൂര്‍ വാളിയില്‍ മിസ്ഹബിനെയാണ് പൊലീസ് മര്‍ദിച്ചത്. സംഭവസ്ഥലത്ത് സംഘര്‍ഷം ഉണ്ടായപ്പോള്‍ കാഴ്ചക്കാരനായിരുന്ന മിസ്ഹബിനെ പൊലീസുകാര്‍ വലിച്ചിഴച്ച് വാനിലേക്ക് കയറ്റുകയായിരുന്നു. കോളറില്‍ പിടിച്ചു മിസ്ഹബിനെ വലിച്ചിഴച്ചു വാനിലേക്കു തള്ളിക്കയറ്റുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മിസ്ഹബിനെ കൊണ്ടുപോകരുതെന്നും പരീക്ഷ ഉള്ളതാണെന്നും പറഞ്ഞ് സ്ത്രീകള്‍ നിലവിളിക്കുന്നുണ്ടായിരുന്നു.

ചൊവ്വാഴ്ച രാവിലെ 11ന് കസ്റ്റഡിയില്‍ എടുത്ത മിസ്ഹബ്, താന്‍ നിരപരാധിയാണെന്നും കാഴ്ചക്കാരനായി എത്തിയതാണെന്നും പിറ്റേന്ന് പരീക്ഷ എഴുതേണ്ടതാണെന്നു പറഞ്ഞിട്ടും മേപ്പയൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇ.കെ. ഷിജു വിട്ടയച്ചില്ലെന്ന് പിതാവ് നൗഷാദ് പറഞ്ഞു. നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ വൈകിട്ടോടെയാണ് വിട്ടയച്ചത്. ഇന്നലെ പരീക്ഷ കഴിഞ്ഞ ശേഷം മിസ്ഹബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 



മിസ്ഹബിന്റെ കൈക്ക് പരുക്കേറ്റു. വാനിലുള്ളില്‍ വച്ച് പൊലീസ് ബൂട്ടിട്ട് ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പ്രതികാര ബുദ്ധിയോടെയാണ് പൊലീസ് പെരുമാറിയത്. സമരം ഏതുവിധേനെയും പൊളിക്കാനാണ് ശ്രമം നടത്തുന്നതെന്നും നൗഷാദ് പറഞ്ഞു. മുഖ്യമന്ത്രി, ബാലാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ എത്തി മൊഴി രേഖപ്പെടുത്തി. കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയനാക്കിയെന്നും നൗഷാദ് പറഞ്ഞു.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിക്ക് സമരദിവസം എസ്.എസ്.എല്‍.സി പരീക്ഷയുണ്ടായിരുന്നില്ല. പിറ്റേദിവസം എസ്.എസ്.എല്‍.സി പരീക്ഷയെഴുതി എത്തിയ കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. വരുംദിവസങ്ങളില്‍ വീട്ടിലെത്തി കൗണ്‍സലിങ് നല്‍കി കുട്ടിക്ക് എസ്.എസ്.എല്‍.സി പരീക്ഷയെഴുതാനുള്ള മനോധൈര്യം പകരാനുള്ള ശ്രമങ്ങളിലാണ് അധ്യാപകര്‍.

Similar News